5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

L2 Empuraan: “ഞാൻ എമ്പുരാൻ കണ്ടതാണ്”; മേജർ രവിയുടെ അവകാശവാദം തള്ളി മോഹൻലാലിൻ്റെ പഴയ വിഡിയോ വൈറൽ

Mohanlal Claiming He Watched Empuraan: താൻ എമ്പുരാൻ സിനിമ കണ്ടു എന്ന് മോഹൻലാൽ തന്നെ പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. മേജർ രവിയുടെ അവകാശവാദം തള്ളുന്നതാണ് വിഡിയോ.

L2 Empuraan: “ഞാൻ എമ്പുരാൻ കണ്ടതാണ്”; മേജർ രവിയുടെ അവകാശവാദം തള്ളി മോഹൻലാലിൻ്റെ പഴയ വിഡിയോ വൈറൽ
മോഹൻലാൽ, മേജർ രവിImage Credit source: Social Media
abdul-basith
Abdul Basith | Published: 30 Mar 2025 16:51 PM

മോഹൻലാൽ എമ്പുരാൻ സിനിമ കണ്ടില്ലെന്ന മേജർ രവിയുടെ അവകാശവാദം തള്ളി മോഹൻലാലിൻ്റെ പഴയ വിഡിയോ വൈറലാവുന്നു. താൻ സിനിമ കണ്ടു എന്ന് മോഹൻലാൽ തന്നെ പറയുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എമ്പുരാനുമായി ബന്ധപ്പെട്ട പ്രീ റിലീസ് പ്രമോഷൻ പരിപാടിക്കിടെയാണ് താൻ സിനിമ കണ്ടെന്ന് മോഹൻലാൽ പറയുന്നത്.

“പൃഥ്വി പറഞ്ഞതുപോലെ, ഞങ്ങൾക്ക് ഒരുപാട് തടസങ്ങളുണ്ടായിരുന്നു. ഒരുപാട് സഹനം സഹിച്ചാണ് ഞങ്ങൾ ഈ സിനിമ ഷൂട്ട് ചെയ്തത്. അതെല്ലാം ഞങ്ങളിലാണ്. അത് പറയേണ്ട കാര്യമില്ല. അതൊക്കെ സഹിച്ചുകൊണ്ട് ഞങ്ങൾ എങ്ങനെയാണ് ഈ സിനിമ നിങ്ങളിലേക്ക് എത്തിക്കുന്നു എന്നതാണ് ചിന്തിക്കേണ്ടത്. അതിൽ 100 ശതമാനം അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം ഞാൻ ആ സിനിമ കണ്ടതാണ്. നിങ്ങൾ കാണാൻ പോകുന്നതാണ്.”- വിഡിയോയിൽ മോഹൻലാൽ പറയുന്നു.

എമ്പുരാനിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഏറെ വിഷമത്തിലാണെന്നായിരുന്നു തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വിഡിയോയിലൂടെ സംവിധായകനും നടനുമായ മേജര്‍ രവി പറഞ്ഞത്. അദ്ദേഹം സിനിമ കണ്ടിരുന്നില്ല. സിനിമയിലെ പ്രശ്‌നമുള്ള സീനുകളെല്ലാം കട്ട് ചെയ്യാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. മോഹൻലാൽ മാപ്പ് ചോദിക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ മേജര്‍ രവി ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

Also Read: Empuraan Movie Controversy: മോഹൻലാലിനെതിരായ സൈബർ ആക്രമണം; ഉടൻ നടപടിയെന്ന് ഡിജിപി

സിനിമയിൽ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾക്കെതിരെ സംഘപരിവാർ വിമർശനമുയർത്തിയിരുന്നു. സിനിമയ്ക്കെതിരെ വ്യാപകമായ ഹേറ്റ് ക്യാമ്പയിനും സിനിമയിലെ താരങ്ങൾക്കും അണിയറപ്രവർത്തകർക്കുമെതിരെ സോഷ്യൽ ബുള്ളിയിംഗും നടന്നു. ഇതിന് പിന്നാലെ ഈ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് നിർമ്മാതാവ് ഗോകുലം ഗോപാലൻ പറഞ്ഞു. 17 വെട്ടുകളുമായുള്ള സിനിമയുടെ പുതിയ പതിപ്പ് വ്യാഴാഴ്ച മുതലാണ് തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കുക. 26 മിനിട്ടോളം സിനിമയിൽ നിന്ന് നീക്കം ചെയ്തു എന്നാണ് വിവരം.

മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയാണ് എമ്പുരാൻ. ഈ മാസം 27ന് തീയറ്ററുകളിലെത്തിയ ചിത്രം മലയാള സിനിമയുടെ കളക്ഷൻ റെക്കോർഡുകളൊക്കെ തിരുത്തിക്കുറിച്ച് മുന്നേറുകയാണ്.