O Pilaga Venkati Song: അര്‍ത്ഥമൊന്നുമറിയില്ല, എന്നാലും നല്ല വൈബാ; സോഷ്യല്‍ മീഡിയ ആടി തകര്‍ക്കുന്ന ‘ഓ പിളഗെ’
O Pilaga Song History: റീലുകളാണ് പ്രധാനമായും ആളുകളെ സോഷ്യല്‍ മീഡിയയിലേക്ക് ആകര്‍ഷിക്കുന്നത്. ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇന്‍സ്റ്റഗ്രാമില്‍ വന്ന റീലുകളാണ് എല്ലാത്തിനും മാറ്റം കൊണ്ടുവന്നത്. ടിക് ടോക് ഉപയോഗിക്കാതിരുന്നവര്‍ കൂടി റീല്‍ അഡിക്ടായി മാറി.
സോഷ്യല്‍ മീഡിയയുടെ അതിപ്രസരം നമ്മുടെ ജീവിതത്തെ പലതരത്തില്‍ മാറ്റി മറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ ഒരു ദിവസം കടന്നുപോവുക എന്ന് പറയുന്നത് നമ്മളെയെല്ലാം സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. പണ്ടൊക്കെ മൊബൈല്‍ ഫോണ്‍ നോക്കി ഇരിക്കുന്നതിന് പ്രായമായവര്‍ കുട്ടികളെ വഴക്ക് പറയാറുണ്ട്. എന്നാല്‍ ഇന്ന് എത്ര രക്ഷിതാക്കളാണ് ഫോണ്‍ നോക്കുന്നതിന്റെ പേരില്‍ മക്കളെ വഴക്ക് പറയുന്നത്. വളരെ കുറവായിരിക്കും അല്ലെ, അതിന് കാരണം മാതാപിതാക്കളും വലിയ രീതിയില്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട് എന്നതാണ്.
റീലുകളാണ് പ്രധാനമായും ആളുകളെ സോഷ്യല്‍ മീഡിയയിലേക്ക് ആകര്‍ഷിക്കുന്നത്. ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇന്‍സ്റ്റഗ്രാമില്‍ വന്ന റീലുകളാണ് എല്ലാത്തിനും മാറ്റം കൊണ്ടുവന്നത്. ടിക് ടോക് ഉപയോഗിക്കാതിരുന്നവര്‍ കൂടി റീല്‍ അഡിക്ടായി മാറി. നമ്മുടെ ജീവിതത്തില്‍ നടക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളും പാട്ട് പാടുന്നതും ഡാന്‍സ് കളിക്കുന്നതും തുടങ്ങി അങ്ങനെ എന്തും റീലുകളായി പ്രത്യക്ഷപ്പെടാറുണ്ട്. എന്തിനേറെ പറയുന്നു ഹെല്‍മെറ്റില്ലാതെ പോലീസ് പിടിച്ചാല്‍ പോലും അത് റീലാക്കും.
കണ്ണാപ്പികളും വാവച്ചികളും ഏട്ടായിമാരും ഇടയ്ക്കിടെ റീലുകളില്‍ പ്രത്യക്ഷപ്പെടും. ഇതൊക്കെ അവര്‍ക്ക് സോഷ്യല്‍ മീഡിയ ചാര്‍ത്തികൊടുത്ത പേരുകളാണ്. ഇവരെ അടിമുടി വലിച്ചുകീറി വിമര്‍ശിക്കുന്നതാണ് ഒരു വിഭാഗം ആളുകളുടെ ജോലി. ആ വിമര്‍ശനങ്ങള്‍ക്കൊന്നും ചെവി കൊടുക്കാതെ അവര്‍ വീണ്ടും വീഡിയോ ഇട്ടുകൊണ്ടേയിരിക്കും.
ഇവര്‍ മാത്രമല്ല, മോട്ടിവേഷന്‍ നല്‍കുന്നവരും റൈഡര്‍മാരും ഡാന്‍സേഴ്‌സുമൊക്കെയായി റീലുകള്‍ നിറയും. മനുഷ്യന്മാര്‍ മാത്രമല്ല, നായയും പൂച്ചയും വരെ റീലിലെ സ്റ്റാറുകളാണ്. ഈ റീലുകളേക്കാള്‍ ഏറ്റവും തമാശ അതിന് താഴെ വരുന്ന കമന്റുകളാണ്. ഇത്രയും തമാശ പറയുന്നവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടോയെന്ന് തോന്നിപ്പോകും. ഈ കമന്റോളികള്‍ ഉള്ളത് മലയാളം റീലുകളുടെ താഴെ മാത്രമല്ല കേട്ടോ. ഏത് ഭാഷക്കാര്‍ റീല്‍ ചെയ്താലും ഞാന്‍ പോയി മലയാളികളെ കൂട്ടിവരാമെന്ന് പറയുന്ന കേമന്മാര്‍ അവിടെയും എത്തും.
എന്തൊക്കെ കുറ്റം പറഞ്ഞാലും റീല്‍സ് കാണാതെയും കമന്റുകള്‍ വായിക്കാതെയും നമുക്ക് ഒരു ദിവസം തള്ളി നീക്കാനാകില്ല. പണ്ടത്തെ പാട്ടുകള്‍, പണ്ടത്തെ സിനിമകളിലെ രംഗങ്ങള്‍ ഇവയ്‌ക്കൊക്കെ കൂടുതല്‍ പ്രചാരം ലഭിച്ച് തുടങ്ങിയത് സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെയാണ്. പഴയ പാട്ടുകള്‍ കേട്ട് അതിന്റെ ഫാനായി മാറി യൂട്യൂബില്‍ തിരഞ്ഞെടുക്കുന്നവരാണ് നമ്മള്‍. പഴയ പാട്ടുകള്‍ മാത്രമല്ല, നമ്മള്‍ അറിയാതെ പോയ ഏത് കാലഘട്ടത്തിലെ പാട്ടുകളാണെങ്കിലും സോഷ്യല്‍ മീഡിയ അതിനെ ഹിറ്റാക്കിക്കോളും.
ഇത്ര നേരം പറഞ്ഞത് മലയാളം പാട്ടുകളുടെ കാര്യം ആണെങ്കില്‍ അന്യഭാഷാ പാട്ടുകളും നമുക്ക് അന്യമല്ല. എത്രയെത്ര ഭാഷ പോലുമറിയാത്ത പാട്ടുകള്‍ നമ്മള്‍ മൂളി നടക്കുന്നുണ്ട്, അതിന് താളം പിടിക്കുന്നുണ്ട്, ചുവടുവെക്കുന്നുണ്ട്. ഇങ്ങനെയുള്ള പാട്ടുകളൊക്കെ ഉണ്ടെന്ന് നമ്മള്‍ അറിഞ്ഞതും ഈ സോഷ്യല്‍ മീഡിയ വഴിയാണ്. സോഷ്യല്‍ മീഡിയയില്‍ എത്തി കഴിഞ്ഞാല്‍ പിന്നെ ഏത് പാട്ടുകളും ഹിറ്റാണ്. അതില്‍ യാതൊരു സംശയവും വേണ്ട.
ഇപ്പോഴിതാ അത്തരത്തില്‍ ഹിറ്റായൊരു പാട്ടാണ് ഓ പിളഗെ. ഭാഷ ഏതാണെന്ന് പോലുമറിയാതെയാണ് നമ്മളില്‍ പലരും അത് പാടികൊണ്ട് നടക്കുന്നത്. പാട്ട് മാത്രമല്ല, അതിനോടൊപ്പം ഡാന്‍സ് ചെയ്തും മലയാളികള്‍ എത്തുന്നുണ്ട്. ഓ പിളഗെ ഗാനം വെച്ച് ചെയ്ത എത്രയെത്ര റീലുകളാണല്ലെ ദിനംപ്രതി കാണുന്നത്. ഒരു പാട്ടിനെ വളര്‍ത്തിയെടുക്കാന്‍ ഒരു റീലിന്റെ ആവശ്യമുള്ളുവെന്ന് മനസിലായില്ലെ.
ഓ പിളഗെ എന്നത് ഒരു തെലുഗ് ഗാനമാണ്. ഒരു സിനിമാ പാട്ടുമല്ല അത്. ഭവ്യ ട്യൂണ്‍സ് എന്ന യുട്യൂബ് അക്കൗണ്ട് വഴി പുറത്തിറങ്ങിയ ഗാനം ഇതിനോടകം കണ്ടത് നിരവധി പേരാണ്. ഈ പാട്ട് കണ്ട് ആസ്വദിക്കാനായി ഇത്രയും ആളുകള്‍ യൂട്യൂബിലേക്ക് എത്തിയതിന് കാരണം റീലുകള്‍ തന്നെയാണ്. പാട്ട് കേട്ട് ഇഷ്ടപ്പെട്ടാണ് ഒടുക്കം യൂട്യൂബിലെത്തിയതെന്ന് പലരും വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്.
പൂജ നാഗേശ്വര്‍, റൗഡി ഹരിഷ് എന്നിവരാണ് ഈ ആല്‍ബത്തില്‍ വേഷമിട്ടിരിക്കുന്നത്. പ്രഭയാണ് വരികള്‍ എഴുതിയതും ആലപിച്ചതും. വെങ്കട്ട് പട്ടേലാണ് സംഗീതം നല്‍കിയത്. ബാലു പലോജിയാണ് ആല്‍ബം നിര്‍മിച്ചത്. ജൂലെ 8നാണ് ഈ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. എന്നാല്‍ ആ സമയത്ത് വലിയ സ്വീകാര്യത ലഭിച്ചില്ലെങ്കിലും പിന്നീട് റീലിലൂടെ പാട്ട് ഫേമസായി.