Nunakkuzhi OTT : നുണക്കുഴി ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു, എവിടെ എപ്പോള്‍ കാണാം?
Nunakkuzhi OTT Release Date: തിയേറ്ററിൽ പോയി നുണക്കുഴി കാണാൻ സാധിക്കാതിരുന്നവർക്ക് സന്തോഷ വാർത്ത. ചിത്രം ഓണത്തിന് ഒടിടിയിലെത്തും. സീ ഗ്രൂപ്പിനാണ് നുണക്കുഴിയുടെ ഒടിടി സാറ്റ്ലൈറ്റ് അവകാശം.
ബേസിൽ ജോസഫിനെ നായകനാക്കി ഹിറ്റ് മേക്കർ ജീത്തു ജോസഫ് ഒരുക്കിയ ഫാമിലി എൻ്റർടെയ്നർ ചിത്രം ‘നുണക്കുഴി’യുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15-ന് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷകർക്കിടയിൽ നല്ല അഭിപ്രായം നേടിയിരുന്നു. എന്നാൽ മലയാള സിനിമയെ വിവാദത്തിലേക്ക് നയിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ ചിത്രത്തിന് കൂടുതൽ പ്രേക്ഷകരിലേക്ക് എത്തി ചേരാൻ സാധിച്ചില്ല. എങ്കിലും, തിയേറ്ററിൽ പോയി കണ്ട് സിനിമ ആസ്വദിക്കാൻ കഴിയാതിരുന്നവർക്ക് ഇനി ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യാം.
നുണക്കുഴി എവിടെ, എപ്പോള്‍ കാണാം??
നുണക്കുഴിയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ ഗ്രൂപ്പാണ്. ഡിജിറ്റലിനൊപ്പം ചിത്രത്തിൻ്റെ സാറ്റ്ലൈറ്റ് അവകാശവും സീ ഗ്രൂപ്പിന് തന്നെയാണ്. ചിത്രം ഓണം റിലീസായി സെപ്റ്റംബർ 13-ന് ഒടിടിയിൽ എത്തും. സ്ഥിതീകരിച്ചിട്ടില്ലാത്ത ചില റിപ്പോർട്ടുകൾ പ്രകാരം നുണക്കുഴിയുടെ ഒടിടി അവകാശം വിറ്റു പോയത് രണ്ട് കോടിയിലും അധികം രൂപയ്ക്കാണ്.
നുണക്കുഴി ബോക്സഓഫീസ്
ബോക്സ് ഓഫിസിൽ നുണക്കുഴി പത്ത് കോടിയോളം രൂപ നേടിയെന്നാണ് സാക്ക്നിക്ക് എന്ന ബോക്സ്ഓഫീസ് ട്രാക്കിങ് വെബ്സൈറ്റിന്റെ കണക്ക്. ആഗോള ബോക്സ്ഓഫീസിൽ ചിത്രം 20 കോടി കളക്ഷൻ നേടി. ഒവർസീസ് കളക്ഷൻ എട്ട് കോടിയാണ്. റിപ്പോർട്ടുകൾ പ്രകാരം നുണക്കുഴിയുടെ ബജറ്റ് 12 മുതൽ 15 കോടിയോളം വരും. സിനിമ മേഖലയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ് തുടക്കത്തിൽ മികച്ച കളക്ഷൻ നേടിയിരുന്ന ചിത്രത്തിൻ്റെ ബോക്സ്ഓഫീസ് പ്രകടനത്തെ താളം തെറ്റിച്ചത്.
ALSO READ: ചെറുപ്പത്തിലേ വിവാഹിതനായാൽ എന്ത് സംഭവിക്കും, കുടുകുടെ ചിരിപ്പിച്ച് നുണക്കുഴി
നുണക്കുഴിയുടെ അണിയറപ്രവർത്തകർ
ബേസിൽ ജോസഫിന് പുറമെ, ഗ്രേസ് ആൻ്റണി, നിഖില വിമൽ, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അൽത്താഫ് സലീം, ശ്യാം മോഹൻ, അസീസ് നെടുമങ്ങാട്, സെൽവരാജ്, സ്വാസിക, ലെന, കലഭവൻ യൂസഫ്, ഭാസി, ദിനേഷ് പ്രഭാകർ, രാജേഷ് പരവൂർ, റിയാസ് മറിമായം, ജയകുമാർ പരമേശ്വരൻ, സന്തോഷ് ലക്ഷ്മണൻ, ശ്യാം ത്രിക്കുന്നപ്പുഴ എന്നിവരും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.
നുണക്കുഴി നിർമിച്ചിരിക്കുന്നത് സരിഗമ, ബെഡ്ടൈം സ്റ്റോറീസ്, യൂഡ്ലീസ് ഫിലിംസിൻ്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ്. ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് കെ ആർ കൃഷ്ണകുമാറാണ്. ഛായാഗ്രഹണം സീതിഷ് കുറുപ്പ് നിർവഹിച്ചപ്പോൾ എഡിറ്റിങ് വിനായക് വിഎസാണ്. വിനായക് ശശികുമാറിൻ്റെ വരികൾക്ക് ജയ് ഉണ്ണിത്താനും വിഷ്ണു ശ്യമും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതും വിഷ്ണു ശ്യാം തന്നെയാണ്.