Most Searched Malayalam Movies In 2024: ഇവിടെ മാത്രമല്ല അങ്ങ് വിദേശത്തുമുണ്ട് മലയാള സിനിമയ്ക്ക് പിടി; അതും ഒന്നാം സ്ഥാനത്ത്
Most Globally Searched Malayalam Movies In 2024 : ഈ വർഷം ഇന്ത്യയിൽ മാത്രമല്ല അങ്ങ് വിദേശത്തും ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ സിനിമകളുടെ ലിസ്റ്റിൽ നമ്മുടെ ചില സൂപ്പർഹിറ്റ് ചിത്രങ്ങളും സ്ഥാനംപിടിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ ആളുകൾ ഗൂഗിളിൽ കൂടുതൽ തിരഞ്ഞ ചിത്രങ്ങളിൽ മലയാള സിനിമയായ മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം, ആടുജീവിതം, വർഷങ്ങൾക്കു ശേഷം, ആവേശം തുടങ്ങിയ ചിത്രങ്ങളാണ് മുൻ പന്തിയിൽ.
മലയാളികളുടെ സിനിമാപ്രേമം എന്നും അവേശകരമാണ്. മലയാളത്തിൽ ഒരുപാട് ഹിറ്റ് സിനിമകൾ നിറഞ്ഞാടിയ വർഷമായിരുന്നു 2024. ചെറിയ ബജറ്റിലുള്ളതു മുതൽ വമ്പൻ ബജറ്റിലുള്ള ചിത്രങ്ങൾ വരെ ഒരുപോലെ ഇരുകൈയ്യും നീട്ടി മലയാളികൾ ആസ്വദിച്ചിട്ടുണ്ട്. എന്നാൽ ഏത് രാജ്യത്ത് പോയാലും മലയാളികൾക്ക് പഞ്ഞമില്ലെന്നപോലെ മലയാള സിനിമയ്ക്കും പഞ്ഞമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ഇന്ത്യയിൽ മാത്രമല്ല അങ്ങ് വിദേശത്തും ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ സിനിമകളുടെ ലിസ്റ്റിൽ നമ്മുടെ ചില സൂപ്പർഹിറ്റ് ചിത്രങ്ങളും സ്ഥാനംപിടിച്ചിട്ടുണ്ട്. അതും ഒന്നാം സ്ഥാനത്ത് തന്നെ. എല്ലാവർക്കും അതേതാണെന്ന് അറിയാൻ ഒരു ആകാംക്ഷ തോന്നുന്നുണ്ടോ?
വിദേശ രാജ്യങ്ങളിലെ ആളുകൾ ഗൂഗിളിൽ കൂടുതൽ തിരഞ്ഞ ചിത്രങ്ങളിൽ മലയാള സിനിമയായ മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം, ആടുജീവിതം, വർഷങ്ങൾക്കു ശേഷം, ആവേശം തുടങ്ങിയ ചിത്രങ്ങളാണ് മുൻ പന്തിയിൽ. ഇതിൽ ഖത്തറിലെ ആളുകൾ തിരഞ്ഞതിൽ മഞ്ഞുമ്മൽ ബോയ്സ് ആണ് ഒന്നാം സ്ഥാനത്ത്. ഭ്രമയുഗം രണ്ടാമതും വർഷങ്ങൾക്കു ശേഷം ഒമ്പതാം സ്ഥാനത്തുമാണ് എത്തിനിൽക്കുന്നത്. അതേസമയം യുഎഇയിലെ ആളുകൾ ഗുഗിളിൽ തിരഞ്ഞ മലയാള ചിത്രത്തിൽ ഒന്നാം സ്ഥാനത്ത് എത്തിനിൽക്കുന്നത് മഞ്ഞുമ്മൽ ബോയ്സ് തന്നെയാണ്. മൂന്നാം സ്ഥാനത്ത് ആടുജീവിതവും നാലാം സ്ഥാനത്ത് ഭ്രമയുഗവും എട്ടാം സ്ഥാനത്ത് ആവേശവുമാണ് എത്തിനിൽക്കുന്നത്. രണ്ടിടത്തും മഞ്ഞുമ്മൽ ബോയ്സ് ഒന്നാം സ്ഥാനം തൂക്കിയെന്ന് തന്നെ പറയാം.
ഇന്ത്യയിലെ ആളുകൾ തിരഞ്ഞതിൽ മഞ്ഞുമ്മൽ ബോയ്സ് ഏഴാം സ്ഥാനത്തും ആവേശം 10ാം സ്ഥാനത്തുമാണ്. ഈ ചിത്രങ്ങൾ എല്ലാം തന്നെ ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു. ആഗോള കളക്ഷനിൽ കോടികൾ വാരിക്കൂട്ടിയ ചിത്രങ്ങൾ ഓരോ മലയാളികൾക്കും അഭിമാന നേട്ടംകൂടിയാണ്. ഗുഗിളിൽ നേട്ടം കൈവരിച്ച ഈ ചിത്രങ്ങളുടെ കൂടുതൽ വിവരങ്ങൾ വായിക്കാം..
മഞ്ഞുമ്മൽ ബോയ്സ്
മലയാളത്തിന്റെ എക്കാലത്തയും വമ്പൻ വിജയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‍സ്. 2006 ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് ഒരു സംഘം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊടൈക്കനാലിലെ ഗുണ കേവാണ് ചിത്രത്തിലെ പ്രധാന ലൊക്കേഷൻ. സ്ഥലം കണ്ട് തിരികെ പോരണമെന്ന് കരുതിയ ഒരുസംഘം ചെറുപ്പക്കാർക്ക് ഉണ്ടായ ദുരന്തത്തെയാണ് ചിത്രത്തിലൂടെ പറയുന്നത്. ഗുണ കേവ് സന്ദർശിക്കുന്നിതിനിടെ സുഭാഷ് എന്ന ചെറുപ്പക്കാരൻ ഗുണ കേവിനകത്തുള്ള അഗാധമായ ഗർത്തത്തിലേക്ക് വീഴുകയും. ഇയാളെ രക്ഷിക്കാനുള്ള സുഹൃത്തുക്കളുടെയും അധികാരികളുടെയും ശ്രമവുമാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിലൂടെ പറയുന്നത്.
ഭ്രമയുഗം
ഈ വർഷത്തെ ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ലെറ്റർ ബോക്‌സിഡിൻറെ 2024 ലെ ഹൊറർ ചിത്രങ്ങളുടെ പട്ടികയിലും ചിത്രം ഇടം നേടിയിരുന്നു. 25 ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാമതായാണ് ഭ്രമയുഗം എത്തിയത്. പ്രശസ്‌ത സാഹിത്യക്കാരൻ ടി ഡി രാമകൃഷ്‌ണനാണ് ചിത്രത്തിൻ്റെ സംഭാഷണം ഒരുക്കിയത്. മമ്മൂട്ടിയെന്ന നടന്റെ പകർന്നാട്ടമാണ് സിനിമയെ വ്യത്യസ്തമാക്കിയത്. അഥർവത്തിലെ മന്ത്രവാദിക്കു ശേഷം വരുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. മലയാളം ഹൊറർ സിനിമകളുടെ പതിവ് രീതികളെല്ലാം തെറ്റിച്ചുകൊണ്ടാണ് ഭ്രമയുഗം പ്രദർശനത്തിനെത്തിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാഴ്ചകളിലൂടെ കാണികളുടെ മനസ്സിൽ ഭയത്തിൻ്റെ തീപടർത്താൻ ചിത്രത്തിനായിട്ടുണ്ട്.
ആടുജീവിതം സിനിമ
16 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം പുറത്തുവന്നത്. ബെന്യാമിൻ്റെ ആടുജീവിതം എന്ന നോവൽ വായിച്ച വളർന്ന മലയാളികൾക്ക് അത് കൺമുന്നിൽ കാണാൻ സാധിച്ചത് ബ്ലസിയുടെ മാജിക്കാണ്. നജീബിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഒപ്പിയെടുക്കാൻ നടൻ പ്രത്വിരാജും വളരെയേറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പൃഥ്വിരാജ് എന്ന നടന്റെ ജീവിതത്തിൽ നജീബിനെപ്പോലെ ഒരു കഥാപാത്രം ഇനിയൊരിക്കലും സംഭവിക്കില്ലെന്ന് തന്നെ പറയാം.
ആവേശം
മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. ആദ്യചിത്രത്തിലെ മോശം പ്രകടനത്തിന് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്ന വ്യക്തിയാണ് ഫഹദ്. അദ്ദേഹത്തിൻ്റെ തിരിച്ചുവരവിൽ ഇന്ത്യയിലെ മികച്ച നടന്മാരുടെ പട്ടികയിലേക്കാണ് നടന്നുകയറിയത്. അതിൽ 2024ൽ പുറത്തിറങ്ങി ആരാധകരെ ആവേശത്തിൻ്രെ കൊടുമുടിയിൽ എത്തിച്ച ചിത്രമാണ് ആവേശം. ഫഹദിൻ്റെ വേഷപകർച്ചയിലും സംസാരശൈലിയിലും സിനിമാപ്രേമികൾ ആവേശത്തിൽ മുങ്ങിത്താഴ്ന്നു.