Nobuyo Oyama Dies: 26 വർഷം ഡോറെമോണിന് ശബ്‍ദം നൽകിയ നോബുയോ ഒയാമ വിടവാങ്ങി
Voice Artist Nobuyo Oyama Dies: 1979 മുതൽ 2005 വരെ ഡോറെമോണ് ശബ്‌ദം നൽകിയത് നോബുയോ ഒയാമ ആണ്.
പ്രശസ്ത അനിമേ കഥാപാത്രം ഡോറെമോണ് 26 വർഷം ശബ്ദം നൽകിയ നോബുയോ ഒയാമ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സെപ്റ്റംബർ 29-ന് നോബുയ മരണപ്പെട്ടെങ്കിലും, വിവരം പുറത്ത് വരുന്നത് കഴിഞ്ഞ ദിവസമാണ്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ നോബുയയുടെ സംസ്കാരച്ചടങ്ങുകൾ നടന്നുവെന്നും അവരുടെ ഏജൻസി വാർത്താകുറിപ്പിലൂടെ അറിയിച്ചു.
ജപ്പാനിലെ പ്രമുഖ ശബ്ദകലാകാരികളിൽ ഒരാളാണ് നോബുയ. 1979 മുതൽ 2005 വരെ ഡോറെമോണ് ശബ്‌ദം നൽകിയത് ഇവരാണ്. 1933-ൽ ജപ്പാനിലെ ടോക്കിയോയിൽ ജനിച്ച നോബുയ, 1975-ലാണ് ശബ്ദകലാകാരിയായി അരങ്ങേറ്റം കുറിക്കുന്നത്. ഹസിൽ പഞ്ച് ഉൾപ്പടെ നിരവധി അനിമേകളിൽ പ്രധാന കഥാപാത്രങ്ങൾക്ക് നോബുയ ശബ്‍ദം നൽകിയിട്ടുണ്ട്.
2001-ൽ നോബുയക്ക് കാൻസർ സ്ഥിതീകരിച്ചു. ഇതേതുടർന്ന് അവർ സജീവമല്ലാതായെങ്കിലും, ഡോറെമോണ് ആ സമയത്തും അവർ ശബ്ദം നൽകിയിരുന്നു. 2005-ൽ സ്വയം വിരമിക്കാൻ നോബുയ തീരുമാനിക്കുന്നത് വരെയും, ഡോറെമോണ് അവർ ശബ്ദം നൽകി. പിന്നീട്, 2010-ൽ വീഡിയോ ഗെയിം സീരിസിലെ പ്രധാന കഥാപാത്രത്തിന് ശബ്‍ദം നൽകികൊണ്ട് നോബുയ ഈ രംഗത്തേക്ക് തിരുവരവ് നടത്തി. എന്നാൽ, വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് പൂർണമായും വിട്ടുനിൽക്കേണ്ട അവസ്ഥ വന്നു.
ALSO READ: സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരത്തിന് അർഹയായി ദക്ഷിണ കൊറിയൻ എഴുത്തുകാരി
നടൻ കെയ്സുകെ സാഗവ ആണ് നോബുയയുടെ ഭർത്താവ്. 1964 -ലാണ് ഇവർ വിവാഹിതരാവുന്നത്. 53 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ 2017-ൽ അൽഷിമേഴ്‌സ് ബാധിതനായ കെയ്സുകെ അന്തരിച്ചു.