Nivin Pauly: ‘പരാതിക്കാരിയെ അറിയില്ല, തൻ്റെ ഭാഗത്ത് 100% ന്യായം’; നടന്‍ നിവിൻ പോളി
Nivin Pauly Responds: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടന്‍ നിവിന്‍ പോളി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കേസില്‍ നിവിന്‍ പോളി ആറാം പ്രതിയാണ്. കേസിൽ ഗുരുതരവകുപ്പുകളാണ് നിവിൻ പോളിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐപിസി 376, 354, 376 ഡി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരം: ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി നടന്‍ നിവിൻ പോളി (Nivin Pauly) രംഗത്ത്. പരാതിക്കാരിയെ തനിക്ക് അറിയില്ലെന്നും തൻ്റെ ഭാഗത്താണ് 100 ശതമാനം ന്യായമെന്നും നിവിൻ പോളി. നിരപരാതിത്വം തെളിയിക്കും. വ്യാജപരാതിയാകാമെന്നാണ് പോലീസും പറഞ്ഞത്. സത്യമല്ലെന്ന് തെളിയിക്കുമ്പോൾ മാധ്യമങ്ങൾ കൂടെ നിൽക്കണമെന്നും നിവിൽ പോളി മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.
എൻ്റെ കുടുംബം തന്നോടൊപ്പമുണ്ട്. ധൈര്യമായി ഇരിക്കുവെന്നാണ് അമ്മയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. തനിക്ക് അത് മാത്രം മതി. നിയമപരമായി തന്നെ പോരാടും. ഇത് തനിക്ക് വേണ്ടി മാത്രമല്ല. ആർക്കെതിരെയും ഇത്തരത്തിൽ വ്യാജ വാർത്തകൾ ഉയരാം. അവർക്കെല്ലാം വേണ്ടി താൻ നിയമനടപടിയുമായി മുന്നോട്ട് പോകും. പരാതിയിൽ പരാമർശിക്കുന്ന പലരുടെയും പേര് തനിക്ക് അറിയില്ല. അവരെല്ലാം സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെയാണോ എന്ന് പോലും അറിയില്ല. ഇതിൽ ഒരാളെ തനിക്ക് അറിയാം. ആ വ്യക്തി സിനിമയ്ക്ക് ഫണ്ട് ചെയ്യുന്ന ആളാണ്.
കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും താൻ സഹകരിക്കും. നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ. തന്നെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ വാർത്ത എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. ആരും കൂടെയില്ലെങ്കിലും താൻ ഒറ്റയ്ക്ക് നിന്ന് ഇതിനെതിരെ പോരാടും. കേസ് രജിസ്റ്റർ ചെയ്തതിനാൽ തനിക്ക് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ കഴിയില്ല. മാധ്യമങ്ങൾ സത്യത്തിനൊപ്പം നിൽക്കണം. വ്യാജ വാർത്തകൾ പരിശോധിച്ച ശേഷം നൽകണമെന്നും നിവിൻ പോളി മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.
നിവിൻ പോളിക്കെതിരായ കേസ്
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടന്‍ നിവിന്‍ പോളി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കേസില്‍ നിവിന്‍ പോളി ആറാം പ്രതിയാണ്. നിര്‍മാതാവ് എ കെ സുനില്‍ രണ്ടാം പ്രതിയാണ്. സംഭവത്തിൽ ഒന്നാം പ്രതി ശ്രയ എന്ന സ്ത്രീയാണ്. ഇവരാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ എന്നിവരാണ് കേസിലെ മറ്റ് വ്യക്തികൾ.
കഴിഞ്ഞ നവംബറില്‍ ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. എറണാകുളം ഊന്നുകല്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. കേസിന്റെ അന്വേഷണം എസ്ഐറ്റി ഏറ്റെടുക്കുമെന്ന് പോലീസ് അറിയിച്ചു. കേസിൽ ഗുരുതരവകുപ്പുകളാണ് നിവിൻ പോളിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐപിസി 376, 354, 376 ഡി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, കൂട്ടബലാത്സംഗം എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. നേര്യമംഗലം ഊന്നുകല്‍ സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിദേശത്ത് വെച്ചാണ് സംഭവം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. നിവിന്‍ പോളിക്കൊപ്പം മറ്റ് ചിലര്‍ കൂടി തന്നെ പീഡിപ്പിച്ചെന്നും സംഘമായി ചേര്‍ന്നാണ് പീഡനം നടന്നതെന്നുമാണ് പരാതിയില്‍ പറയുന്നത്.
നേര്യമംഗലം ഊന്നുകല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് റിപ്പോർട്ട്. കേസിൽ ആറു പ്രതികളാണുള്ളത്. പരാതി ആദ്യം എത്തിയത് എറണാകുളം റൂറൽ എസ്പിക്കാണ്. പിന്നീട് ഊന്നുകൽ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളിൽ എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഇതോടെ 11 ആയി.