Nivin Pauly Case : അന്ന് നിവിൻ ചേട്ടനോടൊപ്പം ഞാനും ഉണ്ടായിരുന്നു’; തെളിവ് നിരത്തി നടി പാർവതി കൃഷ്ണ
Parvathy Krishna On Nivin Pauly Me Too Case : ഡിസംബർ 14-ാം തീയതി വർഷങ്ങൾക്കു ശേഷം സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പാർവതി കൃഷ്ണ രംഗത്തെത്തിയത്. വിനീത് ശ്രീനിവാസൻ്റെ ചിത്രത്തിൽ പാർവതി ചെറിയ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു
നടൻ നിവിൻ പോളിക്കെതിരെയുള്ള (Nivin Pauly) രജിസ്റ്റർ ചെയ്തിട്ടുള്ള ലൈംഗിക പീഡനക്കേസ് വ്യാജമാണെന്ന് അറിയിച്ചുകൊണ്ട് നടിയും അവതാരികയുമായ പാർവതി കൃഷ്ണ (Parvathy Krishna). കഴിഞ്ഞ ദിവസം നിവിൻ പോളിയുടെ സുഹൃത്തും സംവിധായകനുമായ വിനീത് ശ്രീനിവാസൻ നടനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാർവതി തെളിവ് സഹിതം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ദുബായിൽ വെച്ച് നിവിൻ പോളി ലൈംഗികമായി പീഡിപ്പിച്ചുയെന്ന് പരാതിക്കാരി പറയുന്ന ഡിസംബർ 14-ാം തീയതി നടൻ കൊച്ചിയിൽ ‘വർഷങ്ങൾക്ക് ശേഷം’ സിനിമയുടെ സെറ്റിലുണ്ടായിരുന്നുയെന്നാണ് പാർവതി തൻ്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.
ആ സീൻ അന്ന് നിവിൻ ചേട്ടൻ്റെ കൂടെയായിരുന്നു ചെയ്തത്
‘സത്യം വളരെ ലളിതമാണ്’ എന്ന കുറിപ്പ് രേഖപ്പെടുത്തി കൊണ്ടാണ് നടി വീഡിയോ പങ്കുവെക്കുന്നത്. “ഞാൻ എന്തേലും പറയുന്നത് മുമ്പെ ഒരു വീഡിയോ കാണിക്കുകയാണ്… ഈ വീഡിയോ ഡിസംബർ 14 2023ലാണ് എടുക്കുന്നത്. ഈ വീഡിയോയിലെ കോസ്റ്റ്യൂം കുറച്ച് പേർക്കെങ്കിലും മനസ്സിലായി കാണും. വിനീതേട്ടൻ്റെ വർഷങ്ങൾക്കു ശേഷത്തിൽ ഞാൻ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ടായിരുന്നു. ഡിസംബർ 14ന്, അന്ന് നിവിൻ ചേട്ടൻ്റെ കൂടെയാണ് ആ സീൻ ചെയ്തത്. ഡിസംബർ 14-ാം തീയതി ആ സ്റ്റേജിലെ ഷൂട്ടിങ്ങിലെ ഞാൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പറയണമെന്ന് തോന്നി. ഒരുപാട് പേര് ന്യൂസ് ഒക്കെ കണ്ട് എനിക്ക് മെസേജ് അയച്ചിട്ടുണ്ടായിരുന്നു. ഇത് വന്ന് ഞാൻ പറയേണ്ടേ? തീർച്ചയായും ഞാൻ പറയണം. കാരണം ഇത് സത്യമാണ്” ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് പാർവതി കൃഷ്ണ പറഞ്ഞു.
പാർവതി കൃഷ്ണ പങ്കുവെച്ച വീഡിയോ
View this post on Instagram
നിവിന് പിന്തുണയുമായി വിനീത് ശ്രീനിവാസൻ
ഇതേ ദിവസം നിവിൻ പോളി വർഷങ്ങൾക്കു ശേഷം സിനിമയുടെ സെറ്റിലുണ്ടായിരുന്നുയെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ കഴിഞ്ഞ ടെലിവിഷൻ മാധ്യമമായ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. ഇതിൻ്റെ എല്ലാം തെളിവുകളും തൻ്റെ പക്കൽ ഉണ്ടെന്നും വിനീത് അറിയിച്ചു. പരാതിക്കാരി പറയുന്ന 2023 ഡിസംബര്‍ 14-ാം തീയതി നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലായിരുന്നു. അടുത്ത ദിവസം 15ന് പുലര്‍ച്ചെ മൂന്ന് മണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. യാഥാര്‍ഥ്യം ഉടന്‍ തെളിയണമെന്നും വിനീത് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
നിവിൻ പോളി ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. കേസിൽ ആറാം പ്രതിയാണ് നിവിൻ. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിര്‍മാതാവ് തൃശൂര്‍ സ്വദേശി എകെ സുനില്‍, എറണാകുളം സ്വദേശികളായ ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ഒന്നാം പ്രതിയായ ശ്രയയാണ് യുവതിയെ ദുബായിൽ എത്തിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്. നേരത്തെ ഒരു മാസത്തിനെ മുമ്പ് സംഭവത്തിൽ ഊന്നുകൽ പോലീസിന് പരാതി നൽകിയെങ്കിലും തെളിവുകളുടെ അഭാവത്തിൽ അന്വേഷണം മുന്നോട്ട് പോയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ യുവതി വീണ്ടും പരാതി നൽകുകയായിരുന്നു. ഇതിലാണ് പോലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്. കേസെടുത്തതിന് തൊട്ടുപിന്നാലെ ആരോപണം തള്ളിക്കൊണ്ട് നിവിൻ പോളി വാർത്തസമ്മേളനത്തിലൂടെ രംഗത്തെത്തിയിരുന്നു.