Nivin Pauly: ‘നിവിന്‍ പോളി ദുബായില്‍ വെച്ച് പീഡിപ്പിച്ചു, പക്ഷെ ആ ദിവസം പരാതിക്കാരിയുള്ളത് കേരളത്തില്‍’; പോലീസ് റിപ്പോര്‍ട്ട്
Allegation Against Nivin Pauly: 2021ന് ശേഷം നിവിന്‍ പോളി പ്രസ്തുത ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ നേരത്തെ പോലീസ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു.
കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെയുള്ള ആരോപണങ്ങള്‍ പുതിയ വിവരങ്ങള്‍ പുറത്ത്. ദുബായിലെ ഹോട്ടലില്‍ വെച്ച് 2023 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് പുതിയ വിവരങ്ങള്‍ പോലീസിന് ലഭ്യമായത്. പീഡനം നടന്നുവെന്ന് പറയുന്ന മാസങ്ങളില്‍ യുവതി കേരളത്തിലായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതില്‍ വ്യക്തത വരുത്താന്‍ യുവതിയുടെ യാത്രാ രേഖകള്‍ പരിശോധിക്കും. കൂടാതെ ഹോട്ടല്‍ അധികൃതരില്‍ നിന്നും വിവരം ശേഖരിക്കും. യുവതി നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനെ തുടര്‍ന്നാണ് പോലീസ് വിശദമായ അന്വേഷണം നടത്തുന്നത്.
മാത്രമല്ല, 2021ന് ശേഷം നിവിന്‍ പോളി പ്രസ്തുത ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ നേരത്തെ പോലീസ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ നിവിന്‍ പോളി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് ഊന്നുകല്‍ പോലീസ് കേസെടുത്തിട്ടുള്ളത്. ആറാം പ്രതിയാണ് നിവിന്‍ പോളി. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിര്‍മാതാവ് തൃശൂര്‍ സ്വദേശി എകെ സുനില്‍, എറണാകുളം സ്വദേശികളായ ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
യൂറോപ്പില്‍ കെയര്‍ ഗിവറായി ജോലി വാഗ്ദാനം ചെയ്തുവെന്നും അത് നടക്കാതായപ്പോള്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ശ്രേയയാണ് ദുബായില്‍ എത്തിച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ പ്രതികള്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി ഒരുമാസം മുമ്പ് പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് യുവതി നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
അതേസമയം, യുവതിയുടെ പരാതി വ്യാജമെന്ന് പറഞ്ഞ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പീഡനം നടന്നുവെന്ന് യുവതി ആരോപിക്കുന്ന ദിവസം നിവിന്‍ തന്റെ കൂടെ കൊച്ചിയിലായിരുന്നുവെന്നും ഇതിന്റെ തെളിവുകള്‍ തന്റെ കൈയ്യിലുണ്ടെന്നും വിനീത് ശ്രീനിവാസന്‍ പ്രതികരിച്ചു. 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണെന്നും 15ന് പുലര്‍ച്ചെ മൂന്ന് മണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. യാഥാര്‍ത്ഥ്യം ഉടന്‍ തെളിയണമെന്നും വിനീത് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
2023 ഡിസംബര്‍ 14 മുതല്‍ നിവിന്‍ തങ്ങളുടെ കൂടെ ഉണ്ടായിരുന്നു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിങ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിങ്. ഉച്ചയ്ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ ഉണ്ടായിരുന്നു. ക്രൗണ്‍ പ്ലാസയില്‍ പുലര്‍ച്ചെ വരെ ഷൂട്ടിങ് ഉണ്ടായിരുന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിങും ഉണ്ടായിരുന്നു. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. ഷൂട്ടിങ് കേരളത്തില്‍ ആയിരുന്നു. നിവിന്റെ കാര്യങ്ങള്‍ എല്ലാം താന്‍ തന്നെയാണ് നോക്കിയിരുന്നത്. തനിക്ക് അതുകൊണ്ടാണ് തീയതി ഒക്കെ ഓര്‍മയുള്ളത്. നിവിന്റെ ഡേറ്റ് താന്‍ തന്നെയാണ് സംസാരിച്ചത്. ഡിസംബര്‍ 1, 2,3 തീയതികളില്‍ തങ്ങളുടെ കൂടെ മൂന്നാറില്‍ ഷൂട്ടിനുണ്ടായിരുന്നുവെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
അതേസമയം, പരാതിക്കാരിയെ തനിക്ക് അറിയില്ലെന്നും തന്റെ ഭാെഗത്താണ് 100 ശതമാനം ന്യായമെന്നും നിവിന്‍ പോള വ്യക്തമാക്കിയിരുന്നു. നിരപരാധിത്വം തെളിയിക്കും. വ്യാജപരാതിയാകാമെന്നാണ് പോലീസും പറഞ്ഞത്. സത്യമല്ലെന്ന് തെളിയിക്കുമ്പോള്‍ മാധ്യമങ്ങള്‍ കൂടെ നില്‍ക്കണമെന്നും നിവില്‍ പോളി മാധ്യമങ്ങളോട് പ്രതികരിക്കവെ നിവിന്‍ പറഞ്ഞു.
നിയമപരമായി തന്നെ പോരാടും. ഇത് തനിക്ക് വേണ്ടി മാത്രമല്ല. ആര്‍ക്കെതിരെയും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ ഉയരാം. അവര്‍ക്കെല്ലാം വേണ്ടി താന്‍ നിയമനടപടിയുമായി മുന്നോട്ട് പോകും. പരാതിയില്‍ പരാമര്‍ശിക്കുന്ന പലരുടെയും പേര് തനിക്ക് അറിയില്ല. അവരെല്ലാം സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണോ എന്ന് പോലും അറിയില്ല. ഇതില്‍ ഒരാളെ തനിക്ക് അറിയാം. ആ വ്യക്തി സിനിമയ്ക്ക് ഫണ്ട് ചെയ്യുന്ന ആളാണ്.
കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും താന്‍ സഹകരിക്കും. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ വാര്‍ത്ത എന്ന് മാത്രമാണ് തനിക്ക് പറയാനുള്ളത്. ആരും കൂടെയില്ലെങ്കിലും താന്‍ ഒറ്റയ്ക്ക് നിന്ന് ഇതിനെതിരെ പോരാടും. കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയില്ല. മാധ്യമങ്ങള്‍ സത്യത്തിനൊപ്പം നില്‍ക്കണം. വ്യാജ വാര്‍ത്തകള്‍ പരിശോധിച്ച ശേഷം നല്‍കണമെന്നും നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി പരാതിക്കാരിയായ യുവതി നിവിന്റെ പ്രതികരണത്തിന് പിന്നാലെ വ്യക്തമാക്കി. തന്നെ അറിയില്ലെന്ന് നിവിന്‍ പോളി പറയുന്നത് പച്ചക്കള്ളമാണ്. മൂന്ന് ദിവസത്തോളം മയക്കുമരുന്ന് നല്‍കി ദുബായില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചെന്നും കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചത്. നേരത്തെ പരാതി നല്‍കിയെങ്കിലും പോലീസ് അന്വേഷിച്ച് നടപടി ഉണ്ടായില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.