Nithya Menen : നിത്യ മേനോൻ അല്ല, നിത്യ മേനൻ; പേരിലുള്ളത് ജാതിവാലല്ല, സ്വയം സ്വീകരിച്ചതെന്ന് നടി
Nithya Menen Shares Her Original Name : തൻ്റെ ശരിയായ പേര് നിത്യ മേനോൻ എന്നല്ല, നിത്യ മേനൻ എന്നാണെന്ന് നടി. മേനൻ എന്നത് ജാതിവാൽ അല്ലെന്നും നടി കന്നഡ തക്കിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
തൻ്റെ പേര് ശരിക്കും നിത്യ മേനോൻ എന്നല്ലെന്ന് നടി. നിത്യ മേനൻ എന്നാണ് തൻ്റെ പേര്. പേരിലുള്ളത് ജാതിവാൽ അല്ല. മേനൻ എന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് മേനോൻ എന്നായി. പിന്നീട് അത് തുടരുകയായിരുന്നു കന്നഡ തക്കിന് നൽകിയ അഭിമുഖത്തിൽ നടി വെളിപ്പെടുത്തി. ധനുഷ് നായകനായ തിരുച്ചിത്രമ്പലം എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരം നേടിയ നിത്യ മലയാളത്തിലാണ് സിനിമാഭിനയം ആരംഭിച്ചത്.
തൻ്റെ അച്ഛൻ അയ്യർ വിഭാഗത്തിൽ നിന്നുള്ളയാളും അമ്മ മേനോൻ വിഭാഗത്തിൽ നിന്നുള്ളയാളും ആയിരുന്നു എന്ന് നിത്യ അഭിമുഖത്തിൽ പറയുന്നു. തൻ്റെ പേരിനൊപ്പം ജാതി പാടില്ലെന്ന് മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ എൻഎസ് നിത്യ എന്നായിരുന്നു മാതാപിതാക്കളിട്ട പേര്. അമ്മയുടെ പേരായ നളിനിയുടെ ‘എൻ’ അച്ഛന്റെ പേരായ സുകുമാറിന്റെ ‘എസ്’ എന്നിവയായിരുന്നു ഈ എൻഎസ്. ഇതാണ് വീട്ടുകാർ ഔദ്യോഗികമായി നൽകിയ പേര് എന്നും നിത്യ പറഞ്ഞു.
ബാംഗ്ലൂരിൽ ജീവിതം ആരംഭിച്ചപ്പോൾ കാര്യങ്ങൾ ബുദ്ധിമുട്ടിലായി. അവിടെ ആർക്കും പേരുകൾക്കൊപ്പം ഇനിഷ്യലുകൾ ഉണ്ടായിരുന്നില്ല. എല്ലാവർക്കും ഒരു സെക്കൻഡ് നെയിം ഉണ്ടായിരുന്നു. യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടിരുന്ന നിത്യയ്ക്ക് പാസ്പോർട്ടിലെ അക്ഷരങ്ങൾ മാത്രമുള്ള സെക്കൻഡ് നെയിം പലപ്പോഴും പ്രതിസന്ധികൾ സൃഷ്ടിച്ചു. ഇതോടെയാണ് ഒരു സെക്കൻഡ് നെയിം പേരിനൊപ്പം ചേർക്കാൻ നിത്യ തീരുമാനിച്ചത്. മാതാപിതാക്കൾ ഇട്ട ‘എൻ’, എസ്’ എന്നീ ഇനിഷ്യലുകൾ ‘എൻഎംഎൻഎം’ എന്ന് ന്യൂമറോളജി പ്രകാരം മാറ്റി. അതിൽ നിന്ന് മേനൻ (Menen) എന്ന പേര് കണ്ടെത്തുകയായിരുന്നു.
മലയാളിയാണെങ്കിലും നിത്യ മേനൻ്റെ ജനവും വളർച്ചയുമൊക്കെ ബാംഗ്ലൂരിലായിരുന്നു. സ്കൂൾ, കോളജ് പഠനവും ബാംഗ്ലൂരിലായിരുന്നു. പൈലറ്റാവാനായിരുന്നു ആഗ്രഹമെങ്കിലും ചലച്ചിത്ര നിർമാണത്തിലേക്ക് തിരിഞ്ഞ നിത്യ പിന്നീട് അഭിനയത്തിലേക്ക് കളം മാറ്റി. മലയാളം, തമിഴ്, കന്നഡ തുടങ്ങി വിവിധ ഭാഷകളിൽ നടി അഭിനയിച്ചിട്ടുണ്ട്.
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ‘തിരുച്ചിത്രമ്പലം’ എന്ന ചിത്രത്തിലെ അഭിനയത്തിന് നിത്യ മേനോൻ, ‘കച്ച് എക്സ്പ്രസിലെ’ പ്രകടനത്തിന് മാനസി പരേഖുമായി മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. മിത്രൻ ആർ ജവഹർ സംവിധാനം ചെയ്ത ചിത്രത്തിന് ആർ അനിരുദ്ധ് ആണ് സംഗീതമൊരുക്കിയത്. ചിത്രം ബോക്സോഫീസിലും നിരൂപകർക്കിടയിലും നേട്ടമുണ്ടാക്കിയിരുന്നു. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സിനിമയ്ക്ക് ഒടിടിയും നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്.
1998-ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ടൂ മച്ച് (ഹനുമാൻ) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്ന നിത്യാ മേനോൻ 2008ൽ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറി. വെള്ളത്തൂവൽ, കേരള കഫേ, ഏയ്ഞ്ചൽ ജോൺ, അപൂർവരാഗം, അൻവർ, ഉറുമി, ഉസ്താദ് ഹോട്ടൽ, ബാച്ചിലർ പാർട്ടി, ബാംഗ്ലൂർ ഡെയ്സ് തുടങ്ങി നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു.
Also Read : Vishesham OTT : തിയേറ്ററിലെ സൈലൻ്റ് വിന്നർ, വിശേഷം ഒടിടിയിൽ എത്തി; എവിടെ കാണാം?
ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കൾ 2024
മികച്ച നടൻ- റിഷഭ് ഷെട്ടി (കാന്താര)
മികച്ച നടി – നിത്യ മേനോൻ (തിരുച്ചിത്രമ്പലം) , മാനസി പരേഖ് ( കച്ച് എക്സ്പ്രസ്സ്)
മികച്ച സംവിധായകൻ – സൂരജ് ആർ ബർജാത്യ (ഊഞ്ചായി)
മികച്ച ബാലതാരം – ശ്രീപഥ് (മാളികപ്പുറം)
മികച്ച സഹനടി – നീന ഗുപ്ത (ഊഞ്ചായി)
മികച്ച സഹനടൻ – പവൻ രാജ് മൽഹോത്ര (ഫൗജ)
മികച്ച ജനപ്രിയ ചിത്രം – കാന്താര
മികച്ച ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
മികച്ച ഗായകൻ – അർജിത്ത് സിംഗ് (ബ്രഹ്മാസ്ത്ര)
മികച്ച നവാഗത സംവിധായകൻ – പ്രമോദ് കുമാർ (ഫോജ)
മികച്ച ഫീച്ചർ ഫിലിം – ആട്ടം
മികച്ച തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം)
മികച്ച തെലുങ്ക് ചിത്രം – കാർത്തികേയ 2
മികച്ച തമിഴ് ചിത്രം – പൊന്നിയിൻ സെൽവൻ
മികച്ച മലയാള ചിത്രം – സൗദി വെള്ളക്ക
മികച്ച കന്നട ചിത്രം – കെ ജി എഫ് 2
മികച്ച ഹിന്ദി ചിത്രം – ഗുൽമോഹർ
മികച്ച സംഘട്ടന സംവിധാനം – അൻബറിവ് (കെ ജി എഫ് 2)
മികച്ച നൃത്ത സംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രമ്പലം)
മികച്ച ഗാനരചന – നൗഷാദ് സാഗർ ഖാൻ (ഫൗജ)
മികച്ച സംഗീത സംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര)
പശ്ചാത്തല സംഗീതം – എ ആർ റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)
കോസ്റ്റിയൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ – ആനന്ദ് അധ്യായ (അപരാജിതോ)
എഡിറ്റിങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)
ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ 1)
പ്രത്യേക ജൂറി പുരസ്കാരം:
നടൻ – മനോജ് ബാജ്പേയി (ഗുൽമോഹർ),
സംഗീത സംവിധായകൻ – സഞ്ജയ് സലിൽ ചൗധരി