Nithya Menen: ‘ആ ലിപ് ലോക്ക് സീൻ മാത്രം വെട്ടിയെടുത്ത് വിവാദമാക്കുമെന്ന് അന്നേ അറിയാമായിരുന്നു’; നിത്യ മേനൻ
Nithya Menen About the Lip Lock Scene in Breathe Into the Shadows: സീരീസിലെ നിത്യയും ശ്രുതി ബാപ്‌നയും തമ്മിലുള്ള ഒരു ലിപ് ലോക്ക് രംഗം വലിയ ചര്‍ച്ചയായിരുന്നു. അതേക്കുറിച്ച് ഉയർന്നുവന്ന വിവാദങ്ങളിൽ പ്രതികരിക്കുകയാണ് താരം.

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ മേനൻ. 1998ൽ ‘ഹനുമാൻ’ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നിത്യ മേനൻ, 2006ൽ ‘7 ഒ ക്ലോക്ക്’ എന്ന ചിത്രത്തിലൂടെ ആദ്യമായി നായികയായി. തുടർന്ന് 2008ൽ കെ പി കുമാരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ‘ആകാശ ഗോപുരം’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറി. മലയാളത്തിനും കന്നഡത്തിനും പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും താരം സജീവമാണ്.
2020ൽ ആമസോൺ പ്രൈമിലൂടെ റിലീസായ ‘ബ്രീത്ത്; ഇന്‍ ടു ദി ഷാഡോസ്’ എന്ന വെബ് സീരീസിലും നിത്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അഭിഷേക് ബച്ചൻ ആയിരുന്നു നായകൻ. സീരീസിലെ നിത്യയും ശ്രുതി ബാപ്‌നയും തമ്മിലുള്ള ഒരു ലിപ് ലോക്ക് രംഗം വലിയ ചര്‍ച്ചയായിരുന്നു. അതേക്കുറിച്ച് ഉയർന്നുവന്ന വിവാദങ്ങളിൽ പ്രതികരിക്കുകയാണ് താരം. അടുത്തിടെ വനിതാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നിത്യ മേനൻ മനസുതുറന്നത്.
“ഞാൻ ഹിന്ദിയിൽ ബ്രീത്ത് ഇൻ ടു ദി ഷാഡോസ് എന്നൊരു വെബ് സീരീസിൽ അഭിനയിച്ചിരുന്നു. നല്ലൊരു ഷൂട്ടിംഗ് അനുഭവമായിരുന്നു അത്. കരിയറിലും അതെനിക്ക് ഒരുപാട് ഗുണം ചെയ്തു. സീരീസിലെ ആ ലിപ് ലോക്ക് സീൻ സിനിമയുടെ ആകെ മൂഡിന് വളരെ പ്രധാനമായിരുന്നു. അതുമാത്രം വെട്ടിയെടുത്ത് വലിയ വിവാദമാക്കുമെന്ന് എനിക്ക് അന്നേ അറിയാമായിരുന്നു. സ്ക്രിപ്റ്റിൽ അത്തരമൊരു സീൻ അത്യാവശ്യമാണെങ്കിൽ ഇനിയുള്ള സിനിമകളിലും അത് ചെയ്യാൻ എനിക്ക് മടിയില്ല.
അന്നും ഇന്നും ഞാൻ ഇത്തരം വിവാദങ്ങളെ ഭയന്നിട്ടില്ല. പല വിവാദങ്ങളും ഉയർന്നുവരുമ്പോൾ അതെന്റെ ചെവിയിലെത്തുന്നത് ഏറ്റവും ഒടുവിലായിരിക്കും. എന്നിരുന്നാൽ പോലും ഞാൻ സമൂഹ മാധ്യമങ്ങളിലെ നെഗറ്റീവ് കമന്റുകളൊക്കെ വായിക്കാറുണ്ട്. നെഗറ്റിവ് കമന്റ് ഇല്ലാതെ ഒരു പോസിറ്റീവ് കാര്യങ്ങളും നടക്കില്ലെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതിനെ കുറിച്ച് ചിന്തിച്ചിരുന്നത് പിന്നെ അതിന് മാത്രമേ നേരമുണ്ടാവുകയുള്ളു.
മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് കരുതി ടെൻഷൻ അടിച്ച് ജോലി ചെയ്യാൻ എനിക്ക് കഴിയില്ല. എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാൻ ആണ്. എന്റെ മനസ്സിൽ എന്താണോ തോന്നുന്നത് അതുപോലെ ജീവിക്കാൻ ആണ് എനിക്കിഷ്ടം. ഞാൻ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം എന്റെ മനസ് പറയുന്നത് പോലെയാണ്. പുറത്തുള്ള ഒന്നും എന്റെ തീരുമാനങ്ങളെയും സന്തോഷത്തെയും ബാധിക്കാറില്ല” നിത്യ മേനൻ പറഞ്ഞു.