Nishadh Yusuf: ബസൂക്ക, തുടരും, ആലപ്പുഴ ജിംഖാന: മൂന്ന് ചിത്രങ്ങളുടെയും എഡിറ്റർ ഒരാൾ; പക്ഷേ, റിലീസ് കാണാൻ നിഷാദ് യൂസുഫ് ഇല്ല
Nishadh Yusuf Is No More: മലയാളത്തിൽ ഇനി റിലീസാവാനിരിക്കുന്ന മൂന്ന് ശ്രദ്ധേയ സിനിമകളുടെ എഡിറ്റർ ഒരാളാണ്. നിഷാദ് യൂസുഫ്. എന്നാൽ, ഈ സിനിമകളുടെ റിലീസ് കാണാൻ അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല.

മലയാളത്തിൽ കാത്തിരിക്കുന്ന മൂന്ന് ചിത്രങ്ങളാണ് ബസൂക്ക, തുടരും, ആലപ്പുഴ ജിംഖാന. മമ്മൂട്ടി നായകനാവുന്ന ബസൂക്കയും ഖാലിദ് റഹ്മാൻ – നസ്ലൻ സഖ്യം ഒരുമിക്കുന്ന ആലപ്പുഴ ജിംഖാനയും വിഷുച്ചിത്രങ്ങളായി ഈ മാസം 10ന് തീയറ്ററുകളിലെത്തുമ്പോൾ മോഹൻലാൽ – തരുൺ മൂർത്തി – മോഹൻലാൽ എന്നിവർ ഒരുമിക്കുന്ന തുടരും ഈ മാസം 25ന് റിലീസാവും. ഈ മൂന്ന് സിനിമകളുടെയും എഡിറ്റർ ഒരാളാണ്, നിഷാദ് യൂസുഫ്. എന്നാൽ, സിനിമകൾ തീയറ്ററിൽ കാണാൻ നിഷാദ് ഇന്നില്ല. കഴിഞ്ഞ വർഷം ഒക്ടോബർ 30ന് അദ്ദേഹം ജീവനൊടുക്കി.
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം നേടിയിട്ടുള്ള എഡിറ്ററാണ് നിഷാദ് യൂസുഫ്. ഹരിപ്പാട് ചിങ്ങോലി സ്വദേശിയായ നിഷാദ് യൂസുഫ് ഏഷ്യാനെറ്റ് ന്യൂസിൽ എഡിറ്ററായാണ് കരിയർ ആരംഭിച്ചത്. പിന്നീട് ഇദ്ദേഹം സിനിമയിലേക്ക് കളം മാറുകയായിരുന്നു. 2011ൽ വിനയൻ സംവിധാനം ചെയ്ത രഘുവിൻ്റെ സ്വന്തം റസിയ എന്ന സിനിമയിലൂടെയാണ് നിഷാദ് യൂസുഫ് സിനിമാ കരിയർ ആരംഭിച്ചത്. പിന്നീട് ഉണ്ട, ഓപ്പറേഷൻ ജാവ, വൺ, 1001 നുണകൾ, തല്ലുമാല, സൗദി വെള്ളയ്ക്ക, അഡിയോസ് അമിഗോസ്, കങ്കുവ തുടങ്ങി ശ്രദ്ധേയ സിനിമകളുടെ എഡിറ്ററായി. 2022ൽ പുറത്തിറങ്ങിയ ഖാലിദ് റഹ്മാൻ സിനിമ തല്ലുമാലയിലൂടെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നിഷാദ് നേടി.




തൻ്റെ 43ആം വയസിലാണ് നിഷാദ് യൂസുഫ് ജീവിതം അവസാനിപ്പിക്കുന്നത്. കൊച്ചി പനമ്പിള്ളി നഗറിലെ സ്വന്തം ഫ്ലാറ്റിൽ അദ്ദേഹത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മരിക്കുമ്പോൾ 43 വയസായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ഒന്നും കണ്ടെത്താനായില്ല. കുടുംബപ്രശ്നങ്ങളാണ് മരണകാരണമെന്ന സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല.