Nimisha Sajayan: നിമിഷ സജയൻ്റെ പിതാവ് സജയൻ നായർ അന്തരിച്ചു
Nimisha Sajayan- Sajayan Nair: നടി നിമിഷ സജയൻ്റെ പിതാവ് സജയൻ നായർ മുംബൈയിൽ വച്ച് അന്തരിച്ചു. 63 വയസായിരുന്നു. കൊല്ലം കടയ്ക്കൽ സ്വദേശിയായ അദ്ദേഹം ജോലിയുടെ ഭാഗമായി മുംബൈയിൽ സ്ഥിരതാമസമാക്കുകയായിരുന്നു.
നടി നിമിഷ സജയൻ്റെ പിതാവ് സജയൻ നായർ അന്തരിച്ചു. 63 വയസായിരുന്നു. കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്ന സജയൻ നായർ മുംബൈയിൽ വച്ചാണ് മരണപ്പെട്ടത്. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശിയാണ് സജയന്‍ നായര്‍. ജോലിയുടെ ഭാഗമായാണ് അദ്ദേഹം പിന്നീട് മുംബൈയില്‍ സ്ഥിരതാമസമാക്കിയത്. ഭാര്യ ബിന്ദു സജയൻ. നിമിഷയ്ക്കൊപ്പം നീതു സജയനും മകളാണ്.
മഹാരാഷ്ട്ര താനെ ജില്ലയിലെ അംബര്‍നാഥ് വെസ്റ്റിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അംബർനാഥ് വെസ്റ്റിൽ ഗാംവ്ദേവി റോഡിലുള്ള ന്യൂകോളനിയിലെ ക്ലാസിക് അപ്പാര്‍ട്ട്മെൻ്റിലായിരുന്നു അദ്ദേഹത്തിൻ്റെ താമസം.
നിമിഷ സജയൻ
2017ൽ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ അഭിനയജീവിതം ആരംഭിക്കുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത സിനിമയിൽ ശ്രീജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ നിമിഷയ്ക്ക് അത്തവണത്തെ മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ സിനിമകളുടെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നിമിഷ നിരവധി മികച്ച സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Also Read: Koottickal Jayachandran POCSO Case : പോക്സോ കേസ്; കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയിലേക്ക്
നായാട്ട്, ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഈട, ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, തുറമുഖം തുടങ്ങി വിവിധ സിനിമകളിൽ അഭിനയിച്ച നിമിഷ അവസാനം പ്രത്യക്ഷപ്പെട്ടത് 2023ൽ പുറത്തിറങ്ങിയ അദൃശ്യജാലകങ്ങൾ എന്ന സിനിമയിലാണ്. ഡോ. ബിജു സംവിധാനം ചെയ്ത സിനിമയിൽ ടൊവിനോ തോമസായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗുർവിന്ദർ സിംഗ് സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം സീ5 ലൂടെ റിലീസായ ലന്ത്രാനി എന്ന ഹിന്ദി സിനിമയിലാണ് നിമിഷ അവസാനം അഭിനയിച്ചത്. 2024ൽ പ്രൈം വിഡിയോയിലൂടെ പുറത്തുവന്ന പോച്ചർ എന്ന വെബ് സീരീസിൽ നിമിഷ അഭിനയിച്ച മാല യോഗി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മുംബൈയിലെ അംബർനാഥിലാണ് നിമിഷ സജയൻ ജനിച്ചത്. ബദ്‌ലാപ്പൂർ കാർമൽ കോൺവെന്റ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ പഠനകാലത്തു തന്നെ നിമിഷ കലാകായികരംഗങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. ചെറുപ്പം മുതൽ ആയോധന കലകൾ അഭ്യസിക്കാൻ തുടങ്ങിയ നിമിഷ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടി. തായ്കൊണ്ടോയിൽ ദേശീയ തലത്തിലെ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചായിരുന്നു നിമിഷ സജയൻ മത്സരത്തിൽ പങ്കെടുത്തത്. മുംബൈ കെജെ സോമയ്യ കോളജിൽ പഠിച്ചുകൊണ്ടിരിക്കെ വോളിബോൾ, ഫുട്ബോൾ ടീമുകളുടെ ക്യാപ്റ്റനായിരുന്നു. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം നടത്തുന്നതിനിടെയാണ് നിമിഷ ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയപരിശീലനത്തിനായി ചേർന്നത്. ഈ സമയത്താണ് ആദ്യ സിനിമയായ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ നിമിഷയ്ക്ക് അവസരം ലഭിച്ചത്.