Nikhila Vimal: ഞാനാണ് സന്യാസം സ്വീകരിച്ചതെങ്കില്‍ നിങ്ങള്‍ക്ക് 50 ദിവസത്തേക്കുള്ള വാര്‍ത്തയായിരുന്നു: നിഖില വിമല്‍
Nikhila Vimal About Her Sister: നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍, സഹോദരിയുടെ തീരുമാനത്തില്‍ ഞെട്ടലില്ലെന്നാണ് നിഖില പറയുന്നത്. അഖില വര്‍ഷങ്ങളായി ആത്മീയതയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും ഉന്നത വിദ്യാഭ്യാസം നേടിയ സഹോദരിയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും നിഖില പറഞ്ഞു. അച്ഛന്‍ മുന്‍ നക്സലൈറ്റ് ആയതുകൊണ്ടും തനിക്കുള്ള ഇടതുപക്ഷ രാഷ്ട്രീയ നിലപാട് കൊണ്ടും ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും താരം മറുപടി നല്‍കുന്നു.

നിഖില വിമലും സഹോദരിയും
നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നിഖില വിശ്വസിക്കുന്നു എന്നതുകൊണ്ട് തന്നെ ചേച്ചിയുടെ സന്യാസം താരത്തെ വിമര്‍ശനങ്ങളിലേക്ക് കൊണ്ടുചെന്നെത്തിച്ചിരുന്നു. അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയാണ് അവര്‍ സന്യാസം സ്വീകരിച്ച കാര്യം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ട്രോള്‍ മഴയുമെത്തി.
നിഖിലയുടെയും അഖിലയുടെയും പിതാവായ പവിത്രന്‍ മുന്‍ നക്സലൈറ്റ് ആയിരുന്നു എന്നതും വിമര്‍ശനങ്ങള്‍ക്ക് ആക്കംക്കൂട്ടി. സഹോദരി സന്യാസം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് നിഖിലയ്ക്കും ഏറെ ചോദ്യങ്ങള്‍ നേരിടേണ്ടതായി വന്നിരുന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് താരം തന്നെ.
സഹോദരി സന്യാസം സ്വീകരിച്ചതില്‍ തങ്ങള്‍ക്ക് ഞെട്ടലുണ്ടായിട്ടില്ലെന്നാണ് നിഖില പറയുന്നത്. പെട്ടെന്നൊരു ദിവസം പോയി സന്യാസം സ്വീകരിച്ചതല്ലെന്നും നിഖില പറയുന്നു. കൗമുദി മുവീസിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില മനസുതുറക്കുന്നത്.



”എന്റെ ചേച്ചി സന്യാസം സ്വീകരിച്ച കാര്യം നിങ്ങളെല്ലാം ഇപ്പോഴല്ലെ അറിയുന്നത്. ഞങ്ങളിത് കുറേകാലമായിട്ട് അറിഞ്ഞതാണ്. എന്റെ വീട്ടിലുള്ള ഒരാളല്ലേ, അപ്പോള്‍ നമ്മള്‍ അറിയുമല്ലോ. അവള്‍ പെട്ടെന്നൊരു ദിവസം പോയി സന്യാസം സ്വീകരിച്ചതല്ല. അവള്‍ ഒരുപാട് നാളായിട്ട് അങ്ങനെയാണ്. എന്റെ ചേച്ചി ആയതാണ് അവള്‍ നേരിട്ട വലിയൊരു ബുദ്ധിമുട്ട്.
അവള്‍ ഭയങ്കര എഡ്യൂക്കേറ്റഡാണ്. പിഎച്ച്ഡി, പോസ്റ്റ് ഡോക് കഴിഞ്ഞു. ഫുള്‍പ്രൈസ് സ്‌കോളര്‍ഷിപ്പൊക്കെ കിട്ടിയിട്ടുണ്ട്. ജെആര്‍എഫ് ഒക്കെയുള്ള അക്കാഡമിക്‌സില്‍ നമ്മളേക്കാളെല്ലാം വലിയ നിലയില്‍ നില്‍ക്കുന്നരൊളാണ്. ബുദ്ധിയുള്ള കുട്ടിയാണ് അവളുടെ ലൈഫില്‍ അവളെടുക്കുന്ന ചോയ്‌സിനെ നമ്മള്‍ എങ്ങനെയാണ് ചോദ്യം ചെയ്യുന്നത്.
ചേച്ചിക്ക് 36 വയസായി, 36 വയസുള്ള ഒരാള്‍ അവരുടെ ലൈഫില്‍ എടുക്കുന്ന തീരുമാനങ്ങളെ ചോദ്യം ചെയ്യാന്‍ പാടില്ല. അവള്‍ ഇതൊന്നും ആരോടും പറയാതെ പോയി ഒരുദിവസം കൊണ്ട് ചെയ്ത കാര്യമല്ല. അവള്‍ ശാസ്ത്രം പഠിക്കുകയും സ്പിച്വലി ഇന്‍ക്ലൈന്‍ഡുമായിരുന്നു. ഇതെല്ലാം കൃത്യമായി ചെയ്തിട്ട് പോയൊരാളാണ്.
ഞാന്‍ സിനിമയില്‍ വര്‍ക്ക് ചെയ്യുന്നതുകൊണ്ട് മാത്രം പോപ്പുലറായ ഒരാളാണ്. അക്കാഡമിക്‌സില്‍ വര്‍ക്ക് ചെയ്യുന്ന ആളുകളെ നമുക്ക് അറിയില്ലല്ലോ. ഞാന്‍ സിനിമയില്‍ അഭിനയിച്ചതിനെ ആരും ചോദ്യം ചെയ്തില്ല. അവള്‍ തിരഞ്ഞെടുത്തതില്‍ ഞാന്‍ സന്തോഷവതിയാണ്. എന്നെ പോലെ മണ്ടത്തരം ചെയ്യുന്ന ഒരാളല്ല അവള്‍.
ഞാനാണ് സന്യാസം സ്വീകരിച്ചതെങ്കില്‍ നിങ്ങള്‍ക്ക് 50 ദിവസത്തേക്കുള്ള വാര്‍ത്തയായിരുന്നു. എന്റെ അച്ഛനൊരു നക്സലൈറ്റായിരുന്നു. ആ അച്ഛന്റെ മകള്‍ എങ്ങനെ സന്യാസിയായി എന്ന് ആളുകള്‍ ചോദിക്കും. ഞാനൊരു കമ്മ്യൂണിസ്റ്റുകാരി എന്ന ചിന്തയും ആളുകള്‍ക്കുണ്ട്, അതുകൊണ്ടും ചോദിക്കും,” നിഖില പറയുന്നു.