Squid Game 2: സ്ക്വിഡ് ഗെയിം സീസൺ 2 വരുന്നു; ടീസർ പുറത്തിറക്കി നെറ്റ്ഫ്ലിക്സ്
Squid Game Season 2 Release: ലോകമെമ്പാടും ഉള്ള പ്രേക്ഷകർ ഒരുപോലെ കാത്തിരുന്ന സ്ക്വിഡ് ഗെയിം സീസൺ 2 ഡിസംബറിൽ പ്രീമിയർ ആരംഭിക്കും. നെറ്റ്ഫ്ലിക്സ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ലോകമെമ്പാടും വൻ ഹിറ്റായിരുന്നു ‘സ്ക്വിഡ് ഗെയിം’ എന്ന ദക്ഷിണ കൊറിയൻ സീരീസ്. 2021ൽ ആദ്യത്തെ സീസൺ പൂർത്തിയായപ്പോൾ തൊട്ട് പ്രേക്ഷകർക്ക് ഒന്നേ അറിയേണ്ടതുള്ളൂ, “എന്നാണ് രണ്ടാം സീസണിന്റെ വരവ്?”. 3 വർഷത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് സ്ക്വിഡ് ഗെയിമിന്റെ രണ്ടാം സീസൺ ഡിസംബറിൽ എത്തും എന്ന് അറിയിച്ചിരിക്കുകായണ്. നെറ്റ്ഫ്ലിക്സ് ആണ് ടീസർ പുറത്തു വിട്ടത്. ലീ ജങ്-ജെ, ഗോങ് യൂ, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സീരീസ് ഡിസംബർ 26ന് പ്രീമിയർ ചെയ്യും.
‘മൂന്ന് വർഷമായില്ലെ, നിങ്ങൾക്ക് വീണ്ടും കളിക്കണോ?’ എന്ന ചോദ്യത്തോടെയാണ് ടീസർ അവസാനിക്കുന്നത്. രണ്ടാം സീസൺ ഡിസംബറിൽ പ്രീമിയർ ചെയ്തു കഴിഞ്ഞാൽ മൂന്നാം സീസണും പുറകെ വരുന്നുണ്ട് എന്ന കാര്യവും ടീസറിൽ സൂചിപ്പിക്കുന്നുണ്ട്. 2025ൽ ആയിരിക്കും മൂന്നാം സീസൺ റിലീസ് ആവുക. മൂന്നാം സീസണോടുകൂടി സ്ക്വിഡ് ഗെയിം അവസാനിക്കും.
“ഒരു പുതിയ സ്ക്വിഡ് ഗെയിം സീസണിന് വേണ്ടി ഒന്നാം സീസണിന്റെ അവസാനം പാകിയ വിത്ത് വളരുകയും കായ്ക്കുകയും ചെയ്യുന്നത് കാണുന്നതിൽ ഞാൻ ത്രില്ലിലാണ്. നിങ്ങൾക്ക് മറ്റൊരു ത്രിൽ റൈഡ് തരാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. വരാനിരിക്കുന്ന കാര്യങ്ങളിൽ നിങ്ങൾ ആവേശഭരിതരാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നന്ദി” എന്ന് സിനിമയുടെ സംവിധായകനും എഴുത്തുകാരനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ആയ ഹ്വാങ് ഡോങ്-ഹ്യൂക്ക് എഴുതി. പുതിയ സീസണിന്റെ വിവരങ്ങൾ ഇൻസ്റ്റാഗ്രാം വഴിയാണ് അദ്ദേഹം അറിയിച്ചത്.
View this post on Instagram
സ്ക്വിഡ് ഗെയിം ഷോ മാത്രമല്ല അതിലെ കഥാപാത്രങ്ങൾ ഉപയോഗിച്ച പച്ച വസ്ത്രവും വൈറൽ ആയിരുന്നു. 14 എമ്മി നോമിനേഷൻ ഉൾപ്പടെ ഒന്നിലധികം അവാർഡുകൾ ഈ ഷോ സ്വന്തമാക്കി. ഇതിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച ലീ ജങ്-ജെ, ലീ യൂ-മി,എന്നിവരും സംവിധായകൻ ഹ്വാങ് ഡോങ് ഹ്യൂക്കും എമ്മിയിൽ വിജയികളായിരുന്നു.
നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേര് കണ്ട നോൺ-ഇംഗ്ലീഷ് സീരീസ് സ്ക്വിഡ് ഗെയിം ആണ്. സർവൈവൽ ത്രില്ലർ വിഭാഗത്തിൽപെടുന്ന ഈ ഷോയുടെ സീസൺ ഒന്നിൽ ഓരോ മണിക്കൂർ ദൈർഗ്യമുള്ള 9 എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. കേരളത്തിലും ഈ സീരിസിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
ഇന്ത്യക്കാരനായ അനുപം ത്രിപതി സ്ക്വിഡ് ഗെയിമിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അലി എന്ന പാകിസ്ഥാൻകാരന്റെ വേഷമാണ് അനുപമിന്റേത്. സ്ക്വിഡ് ഗെയിം, കിംഗ് ദി ലാൻഡ്, ഡിസെൻഡന്റ്സ് ഓഫ് ദി സൺ, തുടങ്ങി നിരവധി കൊറിയൻ സീരിസിൽ അനുപം അഭിനയിച്ചിട്ടുണ്ട്.
READ MORE: നവംബർ 1 മുതൽ പുതിയ സിനിമകൾ നിർമ്മിക്കില്ല; തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ
സ്ക്വിഡ് ഗെയിം എന്നത് പേര് സൂചിപ്പിക്കും പോലെ തന്നെ ദക്ഷിണ കൊറിയയിൽ കുട്ടികൾ സാധാരണയായി കളിക്കുന്ന ഒരു കളിയാണ്. പക്ഷെ സിനിമയിൽ ഇത് അതിക്രൂരമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പല ഘട്ടങ്ങളിയായി കളിക്കുന്ന കളിയിൽ ഓരോ ഘട്ടങ്ങളിലും പരാജയപെടുന്നവരെ കൊല്ലുന്നു. അവസാനം രക്ഷപ്പെടുന്ന ഒരു വിജയിക്ക് ഭീമമായ സമ്മാന തുക നൽകുന്നു. കടത്തിൽ മുങ്ങിയ ആളുകളെ തിരഞ്ഞെടുത്താണ് ഇവർ ഗെയിമിൽ പങ്കെടുപ്പിക്കുന്നത്. പണം ആവശ്യമുള്ളത് മൂലം അവരും കളിയ്ക്കാൻ തയ്യാറാവുന്നു. വിജയിക്ക് പണം നൽകിക്കൊണ്ടാണ് ആദ്യ സീസൺ അവസാനിപ്പിച്ചത്.
456 കളിക്കാരിൽ അവസാനം ശേഷിക്കുന്ന ഒരാൾ ഈ ഗെയിമിന് പിന്നിലുള്ള ആളെ കണ്ടെത്താൻ ശ്രമിക്കുന്നതും ഇതിനൊരു അറുതി കൊണ്ടുവരാൻ നോക്കുന്നതും ആയിരിക്കും രണ്ടാം ഭാഗത്തില്‍. ഒന്നാം സീസണിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മിക്ക ആളുകളും ഗെയിമിന്റെ അവസാനത്തോടുകൂടി മരിക്കുന്നത് കൊണ്ട് രണ്ടാം സീസണിൽ കൂടുതൽ പുതിയ കാസ്റ്റ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.