Neeraj Madhav: ‘ഷാരൂഖ് ഖാന്റെ ബിഗ് ബജറ്റ് ചിത്രത്തിലേക്ക് വിളിച്ചിരുന്നു, പക്ഷെ ആ കഥാപാത്രം എന്നെ ആകര്‍ഷിച്ചില്ല’: നീരജ് മാധവ്
Neeraj Madhav About his Career: സിനിമാ മേഖലയില്‍ ഏറെക്കാലം നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് തുറന്നടിച്ച് പറയുന്നവര്‍ക്ക്. കപടവിനയവും എളിമയും നന്നായി ആഘോഷിക്കപ്പെടുന്നിടത്ത് സ്മാര്‍ട്ടായാല്‍ അത് അഹങ്കാരവും ജാഡയുമൊക്കെയായി തെറ്റിധരിക്കപ്പെടും.
2013ല്‍ ബഡ്ഡി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് നീരജ് മാധവ്. എന്നാല്‍ തന്റെ സിനിമ അരങ്ങേറ്റത്തിന് മുമ്പേ നീരജ് ഫേമസാണ്. നിരവധി ഡാന്‍സ് റിയാലിറ്റി ഷോകളില്‍ ചെറുപ്പം മുതല്‍ക്കെ പങ്കെടുത്തുകൊണ്ടാണ് നീരജ് മലയാളികളുടെ ഹൃദയത്തില്‍ കയറിപറ്റിയത്. ഇപ്പോള്‍ നിരവധി സിനിമകളുടെ ഭാഗമായി നീരജ് മാറി കഴിഞ്ഞു.
നടന്‍, കൊറിയോഗ്രാഫര്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് അങ്ങനെ നിരവധി റോളുകള്‍ നീരജ് ഇതിനോടകം കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍ തനിക്ക് ഈ ചെയ്യുന്നതെല്ലാം ഒരുപോലെ ഇഷ്ടമുള്ള കാര്യങ്ങളാണെന്നാണ് നീരജ് പറയുന്നത്. ഒരു ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്യണമെന്നാണ് ആഗ്രഹമെന്നാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ നീരജ് പറയുന്നത്.
ടൈപ് കാസ്റ്റ് ചെയപ്പെടാതിരിക്കാന്‍ പല കഥാപാത്രങ്ങളും ഒഴിവാക്കിയെന്നും അതായിരുന്നു താന്‍ എടുത്ത ഏറ്റവും നല്ല തീരുമാനമെന്നും താരം പറയുന്നു.
‘ആ സമയത്താണ് ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ അവസരം ലഭിക്കുന്നത്. സിനിമയില്‍ നിന്ന് സീരിയലിലോട്ട് പോവുകയാണോ എന്ന് ചോദിച്ചവരുണ്ട്. ദ ഫാമിലി മാന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സീരിസായി മാറി. പാന്‍ ഇന്ത്യന്‍ തലത്തില്‍ അംഗീകരിക്കപ്പെട്ടു. അത്രയും നല്ല കഥാപാത്രം എനിക്ക് ഇതുവരെ മലയാളത്തില്‍ ലഭിച്ചില്ല. എവിടെയാണോ നല്ല അവസരം കിട്ടുന്നത് അവിടേക്ക് പോകും. തമിഴില്‍ ഗൗതം മേനോന്റെ സിനിമയില്‍ നിന്ന് അവസരം ലഭിച്ചു. അതൊരു മികച്ച കഥാപാത്രം തന്നെയായിരുന്നു. തമിഴിലും ഹിന്ദിയിലും വേണ്ടെന്ന് വെച്ച കഥാപാത്രങ്ങളുണ്ട്. ഷാറൂഖ് ഖാന്റെ ജവാനിലേക്ക് വിളിച്ചിരുന്നു. പക്ഷെ ആ കഥാപാത്രം എന്നെ ആകര്‍ഷിച്ചില്ല, അതുകൊണ്ട് വേണ്ടെന്ന് വെച്ചു,’ നീരജ് പറയുന്നു.
തുറന്നുപറച്ചിലുകളില്‍ കുറ്റബോധം തോന്നിയിട്ടില്ലെന്നും ചിലത് പറയണമെന്ന് തോന്നുമ്പോള്‍ പറയുമെന്നും നീരജ് പറഞ്ഞു. സിനിമാ മേഖലയില്‍ ഏറെക്കാലം നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് തുറന്നടിച്ച് പറയുന്നവര്‍ക്ക്. കപടവിനയവും എളിമയും നന്നായി ആഘോഷിക്കപ്പെടുന്നിടത്ത് സ്മാര്‍ട്ടായാല്‍ അത് അഹങ്കാരവും ജാഡയുമൊക്കെയായി തെറ്റിധരിക്കപ്പെടും.
തുറന്നുപറച്ചിലുകള്‍ കാരണം ചിലര്‍ക്ക് നമ്മള്‍ ശത്രുവാകും. പക്ഷെ പേടി മാറികിട്ടും. ചുരുക്കം ചിലര്‍ വിചാരിച്ചാല്‍ പിടിച്ചുകെട്ടാന്‍ കഴിയുന്നതല്ല നമ്മുടെ കരിയര്‍. കേരളത്തിന് പുറത്തും കാഴ്ചക്കാരുണ്ട്. കഴിവിനെ അംഗീകരിക്കുന്നവരുണ്ട്. ഇതെല്ലാം മനസിലാക്കാന്‍ സാധിക്കും. നാട്ടില്‍ കിട്ടുന്ന അംഗീകാരം വളരെ വലുതാണ്. എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും നീരജ് കൂട്ടിച്ചേര്‍ത്തു.