Neeraj Madhav: ‘ബാഹുബലിയുടെ പ്രീക്വലിൽ കട്ടപ്പയുടെ ചെറുപ്പകാലം ചെയ്യാൻ വേണ്ടി അവരെന്നെ സമീപിച്ചിരുന്നു’; നീരജ് മാധവ്
Neeraj Madhav About the Role of Young Kattappa in Baahubali: ബാഹുബലിയുടെ പ്രീക്വലിൽ ഒരു പ്രധാന വേഷം ചെയ്യാൻ തന്നെ അണിയറ പ്രവർത്തകർ സമീപിച്ചിരുന്നുവെന്നും പക്ഷെ എന്തുകൊണ്ടോ ആ പ്രൊജക്ട് നടന്നില്ല എന്നും നീരജ് മാധവ് പറയുന്നു.

മലയാളത്തിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് നീരജ് മാധവ്. 2013ൽ രാജ് പ്രഭാവതി മേനോൻ സംവിധാനം ചെയ്ത ‘ബഡി’ എന്ന ചിത്രത്തിലൂടെയാണ് നീരജിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘മെമ്മറീസ്’, ‘ദൃശ്യം’ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. ചെറിയ കഥാപാത്രങ്ങളിലൂടെ തന്റെ സിനിമ കരിയർ ആരംഭിച്ച നീരജ് ആദ്യം കോമഡി റോളുകളാണ് ചെയ്തിരുന്നതെങ്കിലും ‘ഊഴം’, ‘ഒരു മെക്സിക്കൻ അപാരത’ തുടങ്ങിയ സിനിമകളിലൂടെ നായക വേഷങ്ങളും തനിക്ക് ചേരുമെന്ന് തെളിയിച്ചു.
ഇപ്പോഴിതാ അടുത്തിടെ നീരജ് മാധവ് കൗമുദിക്ക് നൽകിയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ബാഹുബലിയുടെ പ്രീക്വലിൽ ഒരു പ്രധാന വേഷം ചെയ്യാൻ തന്നെ സമീപിച്ചിരുന്നു എന്ന് നീരജ് പറയുന്നു. പിന്നീട് ചില കാരണങ്ങളാൽ ആ പ്രോജക്ട് നെറ്റ്ഫ്ലിക്സ് ഉപേക്ഷിക്കുകയായിരുന്നു എന്നും താരം വെളിപ്പെടുത്തി. ആനന്ദ് നീലകണ്ഠന്റെ ‘ദി റൈസ് ഓഫ് ശിവഗാമി’, ‘ചതുരംഗ’, ‘ക്വീന്‍ ഓഫ് മഹിഷ്മതി’ തുടങ്ങിയ നോവലുകളെ അടിസ്ഥാനമാക്കി ഒരുക്കാനിരുന്ന വെബ് സീരീസാണ് ‘ബാഹുബലി: ബിഫോര്‍ ദി ബിഗിനിങ്’. ബാഹുബലി ഫ്രാഞ്ചൈസിയുടെ ഭാഗമായ ഈ സീരീസ് രാജമൗലിയും അര്‍ക മീഡിയ വര്‍ക്ക്‌സും ചേർന്ന് നിർമിക്കുമെന്ന് നേരത്തെ പ്രഖ്യാപനം വന്നിരുന്നു.
ALSO READ: പെട്ടെന്ന് തീരെ വയ്യാതായി; പ്രതീക്ഷിക്കാതെ വന്ന അസുഖത്തെ പറ്റി സൗഭാഗ്യ വെങ്കിടേഷ്
2018 ഓഗസ്റ്റിൽ നെറ്റ്ഫ്‌ലിക്‌സ് ബാഹുബലി പ്രീക്വൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് പ്രൊജക്ടിനെ കുറിച്ച് കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഒന്നും തന്നെ വന്നില്ല. പ്രൊഡക്‌ഷൻ ചെലവ് കണക്കിലെടുത്താണ് നെറ്റ്ഫ്ലിക്സ് ഈ പ്രോജക്ട് ഉപേക്ഷിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോൾ ‘ബാഹുബലി: ബിഫോര്‍ ദി ബിഗിനിങ്ങി’ല്‍ കട്ടപ്പയുടെ ചെറുപ്പകാലം ചെയ്യാൻ തന്നെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു എന്ന് പറയുകയാണ് നടനും റാപ്പറുമായ നീരജ് മാധവ്.
‘ബാഹുബലിയുടെ ഒരു പ്രീക്വല്‍ പ്ലാന്‍ ഉണ്ടായിരുന്നു. ഇപ്പോൾ നെറ്റ്ഫ്‌ലിക്‌സ് ആ പ്രൊജക്ട് ക്യാന്‍സല്‍ ചെയ്‌തെന്ന് തോന്നുന്നു. അതില്‍ കട്ടപ്പയുടെ ചെറുപ്പകാലം ചെയ്യാന്‍ വേണ്ടി എന്നെ അവർ സമീപിച്ചിരുന്നു. പക്ഷെ എന്തുകൊണ്ടോ ആ പ്രൊജക്ട് നടന്നില്ല. സംവിധായകൻ രാജമൗലി സാര്‍ റൈറ്റ്‌സ് കൊടുത്തിട്ട് വേറെ ആളുകളായിരുന്നു പ്രീക്വല്‍ ചെയ്യാന്‍ ഇരുന്നത്’ നീരജ് പറഞ്ഞു.