National Film Awards : മമ്മൂട്ടി ഇതിഹാസം, തനിക്ക് ആ മഹാനടനൊപ്പം നിൽക്കാനുള്ള ശക്തിയില്ല: ഋഷഭ് ഷെട്ടി
National Film Awards Rishabh Shetty Mammootty : മമ്മൂട്ടി എന്ന ഇതിഹാസനടനൊപ്പം നിൽക്കാനുള്ള ശക്തി തനിക്കില്ലെന്ന് കാന്താരയിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ ഋഷഭ് ഷെട്ടി. തന്നെ മികച്ച നടനായി തിരഞ്ഞെടുത്തതിൽ ജൂറിയ്ക്ക് അവരവരുടേതായ കാരണങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂട്ടി ഇതിഹാസ നടനെന്ന് ദേശീയ പുരസ്കാര ജേതാവ് ഋഷഭ് ഷെട്ടി. മമ്മൂട്ടിക്കൊപ്പം നിൽക്കാനുള്ള ശക്തി തനിക്കില്ല. തന്നെ മികച്ച നടനായി (National Film Awards) തിരഞ്ഞെടുത്തതിൽ ജൂറിയ്ക്ക് അവരവരുടേതായ കാരണങ്ങളുണ്ടാവുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മമ്മൂട്ടിയുമായി മത്സരിച്ചാണല്ലോ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഋഷഭ് ഷെട്ടി. കാന്താര എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഋഷഭ് ഷെട്ടി ദേശീയ പുരസ്കാരം നേടിയത്.
“മത്സരത്തിന് മമ്മൂട്ടി സാറിൻ്റെ സിനിമകൾ ഉണ്ടായിരുന്നോ എന്നറിയില്ല. സമൂഹമാധ്യമങ്ങളിൽ അത്തരം വാർത്തകൾ കണ്ടിരുന്നു. ഏതൊക്കെ ചിത്രങ്ങളാണ് ജൂറിയ്ക്ക് മുന്നിലുണ്ടായിരുന്നത് എന്നറിയില്ല. മമ്മൂട്ടി സാർ ഇതിഹാസമാണ്. അദ്ദേഹത്തെപ്പോലൊരു മഹാനടനൊപ്പം നിൽക്കാനുള്ള ശക്തി എനിക്കില്ല. എന്നെ മികച്ച നടനായി തിരഞ്ഞെടുത്തതിൽ ജൂറിയ്ക്ക് അവരവരുടേതായ കാരണങ്ങളുണ്ടാവും അവാർഡ് എനിക്കാണെന്ന് പലരും പറഞ്ഞെങ്കിലും പ്രഖ്യാപനം വരെ അത് വിശ്വസിച്ചില്ല.” – ഋഷഭ് ഷെട്ടി പറഞ്ഞു.
2022ലെ പുരസ്‌കാരങ്ങളാണ് ദേശീയ അവാർഡിൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പ്രഖ്യാപിക്കേണ്ടിയിരുന്ന അവാർഡുകൾ കൊറോണ കാരണം നീണ്ടു പോയിരുന്നു. ‘തിരുച്ചിത്രമ്പലം’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് നിത്യ മേനോനും ‘കച്ച് എക്സ്പ്രസിലെ’ പ്രകടനത്തിന് മാനസി പരേഖും ചേർന്ന് മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. ഋഷഭ് ഷെട്ടി തന്നെ സംവിധാനവും നിർവഹിച്ച ‘കാന്താര’യാണ് ജനപ്രിയ ചിത്രം. മികച്ച മലയാളം ചിത്രത്തിനുള്ള അവാർഡ് ‘സൗദി വെള്ളക്ക’ കരസ്ഥമാക്കി.
സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജ് സ്വന്തമാക്കി. ‘ആടുജീവിതത്തിലെ’ മികച്ച പ്രകടനത്തിനാണ് പൃഥ്വിരാജിന് അവാർഡ് ലഭിച്ചത്. ഏറ്റവും കൂടുതൽ അവാർഡുകൾ സ്വന്തമാക്കിയത് ആടുജീവിതം തന്നെയാണ്. മമ്മൂട്ടിയുടെ കാതൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയുടെ പുരസ്‌കാരം ഉർവശിയും ബീന ആർ കണ്ണനും പങ്കിട്ടു . ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് ഉർവശിയെ തേടി വീണ്ടും അവാർഡെത്തിയത്. ‘തടവിലെ’ അവിസ്മരണീയമായ പ്രകടനത്തിനാണ് ബീന ആർ കണ്ണന് അവാർഡ് ലഭിച്ചത്.
മികച്ച സംവിധായകനുള്ള പുരസ്‌കാരം ബ്ലെസ്സിക്ക് ലഭിച്ചു. മികച്ച നടൻ, സംവിധായകൻ എന്നീ പ്രധാന അവാർഡുകൾ ഉൾപ്പടെ ആറ് അവാർഡുകളാണ് ‘ആടുജീവിതം’ കരസ്ഥമാക്കിയത്. മികച്ച ചിത്രമായി മമ്മൂട്ടി നായകനായ ‘കാതൽ ദി കോർ’ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ‘ആടുജീവിതം’ നേടി. രോഹിത് എം ജി കൃഷ്ണന്റെ ചിത്രം ‘ഇരട്ട’യ്ക്ക് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു.
ഇതിനിടെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനെതിരെ വിവാദം കനക്കുകയാണ്. ‘2018’ എന്ന ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്റണി ജോസഫും നിർമ്മാതാവ് വേണു കുന്നപ്പള്ളിയുമാണ് പരോക്ഷവിമർശനങ്ങളുമായി രംഗത്ത് വന്നത്. ‘2018’-നെ സംസ്ഥാന അവാർഡിൽ നിന്നും തഴഞ്ഞതിനെച്ചൊല്ലിയാണ് വിവാദം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാർഡിൽ ചിത്രത്തിന് സുപ്രധാന പുരസ്‌കാരങ്ങൾ ഒന്നും തന്നെ നേടാനായില്ല, ഇതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.
Also Read : Kerala State Film Awards : അവാർഡുകൾ തൂത്തുവാരി ആടുജീവിതം; മികച്ച നടി ഉര്‍വശി, ബീന, മികച്ച നടന്‍ പൃഥ്വിരാജ്
“എന്തിലുമേതിലും വർഗീയതയും രാഷ്ട്രീയവും മാത്രം കാണുന്ന തമ്പ്രാക്കളുടെ പകയിൽ, മോഹങ്ങൾ മോഹഭംഗങ്ങളായും, സ്വപ്നങ്ങൾ ദിവാസ്വപ്നങ്ങളായും പ്രതീക്ഷകൾ നഷ്ടബോധങ്ങളായും എരിഞ്ഞടങ്ങുമ്പോൾ, നിരാശയുടെ തേരിലേറി വിധിയെ പഴിക്കാതെ, പകയേതുമില്ലാത്ത ആരോവരുന്നൊരു സുന്ദര പുലരിക്കായി കാത്തിരിക്കാമെന്നല്ലാതെ എന്തു പറയാൻ….(അല്ല പിന്നെ)” വേണു കുന്നപ്പള്ളി തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു. തൊട്ടു പിന്നാലെ ഈ പോസ്റ്റിനു കമന്റ് ഇട്ട് ജൂഡ് ആന്റണിയും രംഗത്തെത്തി. ‘ഇടത്തോട്ട് ചെരിഞ്ഞു കണ്ണടച്ച് ഇരുട്ടാക്കിയ ചിലരെ എനിക്കറിയാം’ എന്നാണ് ജൂഡിന്റെ കമൻ്റ്.
ജൂഡ് ആന്റണിക്ക് പിന്നാലെ പ്രമുഖ നിർമാതാവ് ഷിജു ജി സുശീലനും അവാർഡ് നിർണയത്തിൽ അതൃപ്തി അറിയിച്ചു. 2024-ൽ പുറത്തിറങ്ങിയ ‘ആടുജീവിത’ത്തിന് എങ്ങനെ 2023-ലെ ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് കൊടുക്കും എന്ന ചോദ്യമാണ് ഷിജു ഉയർത്തിയത്. ‘2023-ലെ ജനപ്രിയ ചിത്രം ഇതിൽ ഇതായിരുന്നു. 2024-ൽ ഇറങ്ങിയ ചിത്രം ആയിരുന്നോ? വിവരക്കേട് അടിവരയിട്ട് പറയരുത്.’ ഇരുചിത്രങ്ങളുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് ഷിജു ഫേസ്ബുക്കിൽ കുറിച്ചു. 2023 ഡിസംബർ 30-ന് സെൻസർ ചെയ്യപ്പെട്ട ‘ആടുജീവിതം’ എങ്ങനെ ആ വർഷത്തെ ജനപ്രിയ ചിത്രം ആകുമെന്നാണ് ഷിബു ചോദിക്കുന്നത്.