Naslen: ‘വെറുതെ സ്റ്റേജിൽ കയറി ‘ജയ് ബാലയ്യ’ എന്ന് വിളിക്കാൻ എനിക്ക് വട്ടൊന്നും ഇല്ലല്ലോ’; നസ്ലെൻ
Naslen Clarifies Jai Bhalayya Shout on Stage: നേരത്തെ ആലപ്പുഴ ജിംഖാനയുടെ പ്രമോഷൻ പരിപാടിക്കായി ചെന്നൈ എസ്ആർഎം യൂണിവേഴ്‌സിറ്റിയിൽ എത്തിയപ്പോൾ തെലുങ്ക് ഓഡിയൻസിനായി നസ്ലെൻ 'ജയ് ബാലയ്യ' എന്ന് പറഞ്ഞത് സമൂഹ മാധ്യമങ്ങളിലാകെ വൈറലായിരുന്നു. ഇപ്പോഴിതാ അതേകുറിച്ച് സംസാരിക്കുകയാണ് നസ്ലെൻ.

2019ൽ ഗിരീഷ് എഡി സംവിധാനം ചെയ്ത പ്ലസ് ടു വിദ്യാർത്ഥികളുടെ കഥ പറഞ്ഞതാ ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെച്ച നടനാണ് നസ്ലെൻ. ചുരുക്കം ചില സിനിമകളിലെ വേഷമിട്ടിട്ടുള്ളെങ്കിലും മലയാളത്തിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിച്ചു. കഴിഞ്ഞ വർഷം റിലീസായ സൂപ്പർ ഹിറ്റ് ചിത്രം ‘പ്രേമലു’വിലൂടെ നസ്ലെൻ കേരളത്തിന് പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ടു.
നസ്ലെന്റെ ഏറ്റവും പുതിയ ചിത്രമായ ആലപ്പുഴ ജിംഖാന കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിൽ എത്തിയത്. നേരത്തെ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കായി അണിയറ പ്രവർത്തകർ ചെന്നൈ എസ്ആർഎം യൂണിവേഴ്‌സിറ്റിയിൽ എത്തിയിരുന്നു. അവിടെ വെച്ച് തെലുങ്ക് ഓഡിയൻസിനായി നസ്ലെൻ ജയ് ബാലയ്യ എന്ന് പറഞ്ഞത് സമൂഹ മാധ്യമങ്ങളിലാകെ വൈറലായിരുന്നു. ഇപ്പോഴിതാ അതേകുറിച്ച് സംസാരിക്കുകയാണ് നസ്ലെൻ.
പ്രമോഷനായി കോളേജിൽ പോയപ്പോൾ തെലുങ്ക് ഓഡിയൻസ് പറഞ്ഞത് പ്രകാരമാണ് താൻ ‘ജയ് ബാലയ്യ’ എന്ന് വിളിച്ചതെന്ന് നസ്ലെൻ പറയുന്നു. അല്ലാതെ സ്റ്റേജിൽ കയറി നിന്ന് വെറുതെ ബാലയ്യ എന്ന് വിളിക്കാൻ തനിക്ക് വട്ടൊന്നുമില്ലെന്നും നസ്ലെൻ കൂട്ടിച്ചേർത്തു. ആലപ്പുഴ ജിംഖാനയുടെ പ്രസ് മീറ്റിൽ സംസാരിക്കുന്നതിനിടെയാണ് നസ്ലെൻ ഇക്കാര്യം വ്യക്തമാക്കിയത്.
“ഞാൻ അവിടെ പോയപ്പോൾ തെലുങ്ക് ഓഡിയൻസ് പറഞ്ഞതാണ് ‘ജയ് ബാലയ്യ’ എന്ന്. ഞാനായിട്ട് അത് പറഞ്ഞതല്ല. എനിക്ക് വെറുതെ സ്റ്റേജിൽ പോയി നിന്ന് ബാലയ്യ എന്ന് വിളിക്കാൻ വട്ടൊന്നും ഇല്ലല്ലോ. അവിടെ സ്റ്റുഡൻസ് എല്ലാവരും ചേർന്ന് ബാലയ്യയുടെ പേര് വിളിച്ചപ്പോൾ, അത് പറയേണ്ട സന്ദർഭം വന്നപ്പോൾ ഞാനും വിളിച്ചതാണ്” നസ്ലെൻ പറഞ്ഞു.
ALSO READ: ഞങ്ങളെല്ലാം സ്റ്റെപ്പ് ശരിയാക്കി, പക്ഷെ ബേസില്‍ മുന്നില്‍ നിന്ന് തെറ്റിക്കുകയായിരുന്നു: സിജു സണ്ണി
ആലപ്പുഴ ജിംഖാന
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാന ചെയ്ത ചിത്രമാണ് ആലപ്പുഴ ജിംഖാന. നസ്ലെൻ, ഗണപതി, ലുക്ക്മാൻ അവറാൻ, ഫാലിമി ഫെയിം സന്ദീപ് പ്രദീപ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഏപ്രിൽ 10നാണ് തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോക്സിങ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന കോമഡി ആക്ഷൻ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിൻ്റെയും റീലിസ്‌റ്റിക് സ്റ്റുഡിയോയുടെ ബാനറിൽ സംവിധായകൻ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. നിഷാദ് യൂസഫാണ് എഡിറ്റർ. വിഷ്ണു വിജയാണ് സംഗീത സംവിധായകൻ.