Renuka Menon : മലയാള സിനിമയിലെ രാക്ഷസി; ആദ്യ ചിത്രത്തിന് പിന്നാലെ തെന്നിന്ത്യയിൽ തിളങ്ങി, അവസാനം രേണുക സിനിമ ജീവിതം വേണ്ടെന്നു വെച്ചു
Renuka Menon Malayalam Actress : നാല് വർഷം മാത്രമായിരുന്നു രേണുക മേനോൻ്റ് സിനിമ ജീവിതം. തുടർന്ന് 21-ാം വയസിൽ നടി വിവാഹിതയാകുകയായിരുന്നു
രാക്ഷസി എന്ന ഒരു വാക്ക് മതി മലയാളികൾക്ക് രേണുക മേനോൻ എന്ന നടിയെ ഓർത്തെടുക്കാൻ. ക്യാമ്പസ് പശ്ചാത്തലത്തിൽ കമൽ ഒരുക്കിയ ‘നമ്മൾ’ എന്ന ചിത്രം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഒരുപിടി മികച്ച അഭിനയതാക്കളെയാണ്. പുതുമുഖങ്ങളെ അണിനിരത്തികൊണ്ടൊരുക്കിയ ചിത്രത്തിലൂടെ കമൽ മലയാള സിനിമയ്ക്ക് ഒരു നായികയെയും കൂടി സമ്മാനിച്ചു. ധാവണിയുടുത്ത വരുന്ന കോളജ് കുമാരികളിൽ നിന്നും വ്യത്യസ്തമായി അന്ന് അൽപം ബോൾഡായി ജീൻസും ടോപ്പും ധരിച്ചെത്തി സ്ക്രീനിൽ നിറഞ്ഞു നിന്ന അപർണയെന്ന അപ്പുവിന് എല്ലാവരും നെഞ്ചിലേറ്റി. ഒപ്പം പാടി ‘എൻ കരളിൽ താമസിച്ചാൽ മാപ്പ് തരും രാക്ഷസി…’ എന്ന്. മികച്ച ഒരു തുടക്കം ലഭിച്ചും തെന്നിന്ത്യൻ താരവുമായി മാറിയ രേണുകയുടെ സിനിമ ജീവിതത്തിൻ്റെ ആയുസ് നാല് വർഷമേ ഉണ്ടായിരുന്നുള്ളു.
കോളജിൽ പഠിക്കുന്ന സമയത്താണ് രേണുക സിനിമയിലേക്കെത്തുന്നത്. കലോത്സവ വേദി തന്നെയാണ് രേണുകയ്ക്ക് സിനിമയിലേക്കുള്ള വഴി തുറന്ന് നൽകുന്നത്. അങ്ങനെ 2002ൽ കമൽ ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നാലെ വിനയൻ ചിത്രമായ മീരയുടെ ദുഃഖവും മുത്തുവിൻ്റെ സ്വപ്നത്തിൽ പൃഥ്വിരാജിൻ്റെ നായികയായതോടെ രേണുകയുടെ തുടക്കം മികവുറ്റതായി. മലയാളത്തിൽ നല്ലൊരു അടിത്തറ സൃഷ്ടിക്കുന്നതോടൊപ്പം തെലുങ്കിലും തമിഴിലുമായി ലഭിച്ച അവസരങ്ങൾ രേണുക കൈവിട്ടില്ല. തമിഴിൽ ജയം രവിയുടെയും ആര്യയുടെ നായികയായി. ഒപ്പം കന്നഡയിലും ഒരു കൈ ശ്രമിച്ചു.
21-ാം വയസിൽ വിവാഹം
അങ്ങനെ തിളങ്ങി നിൽക്കെയാണ് രേണുക തൻ്റെ സിനിമ ജീവിതത്തിന് അവസാനം കുറിക്കുന്നത്. നാല് വർഷം മാത്രം ആയുസുണ്ടായിരുന്ന തൻ്റെ സിനിമ കരിയറിന് അന്ത്യം കുറിച്ച് 21-ാം വയസിൽ വിവാഹിതയാകുകയായിരുന്നു രേണുക. അമേരിക്കയിൽ ഐടി എഞ്ചിനീയറായ സൂരജ് മേനോനുമായി വിവാഹിതയായ നടി അമേരിക്കയിലേക്ക് പറന്നു. നിലവിൽ രണ്ട് പെൺമക്കളുടെ അമ്മയാണ് രേണുക.
സിനിമയെക്കാളും താൻ പ്രധാന്യം നൽകിയിരുന്നത് പഠനത്തിനായിരുന്നു. തൻ്റെ തിരക്കുകൾക്കിടിയിൽ സമയം കണ്ടെത്തി നാല് വർഷത്തിൽ അധികമെടുത്താണ് ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് വിദേശത്ത് പോയി ജീവിക്കുക എന്നായിരുന്നു തൻ്റെ ലക്ഷ്യമെന്ന് രേണുക സൈന സൗത്ത് പ്ലസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. വിദേശത്തേക്ക് തന്നെ ഒറ്റയ്ക്ക് വിടേണ്ടി വരുമെന്ന അച്ഛൻ്റെ ഭീതിയാണ് 21-ാം വയസിലെ തൻ്റെ വിവാഹത്തിൽ കലാശിക്കുന്നതെന്ന് നടി തൻ്റെ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
തിരിച്ചു വരവ്?
നമ്മൾ സിനിമയിലെ ആരുമായി അങ്ങനെ ബന്ധം നിലനിർത്താൻ സാധിച്ചില്ല. തൻ്റെ സ്വഭാവം അങ്ങനെയാണ്, ചില ബന്ധങ്ങൾ നിലനിർത്താൻ അറിയില്ല. പിന്നെ അമ്മയായതോടെ ജീവിതം അതിലേക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടി വന്നുയെന്നാണ് സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചുള്ള ചോദ്യത്തിന് ഒരിക്കൽ രേണുക ഒരു യുട്യുബ് മാധ്യമത്തിന്ന നൽകി അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.