Naslen: ‘ഞാൻ പറയുന്ന പ്രതിഫലത്തിന് എന്നെയെടുക്കാൻ പ്രൊഡ്യൂസേഴ്‌സ് ഉണ്ട്, കുറയ്ക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല’; നസ്ലെൻ
Nalsen About His Remuneration: താന്‍ പറയുന്ന പ്രതിഫലം നൽകാൻ നിലവിൽ പ്രൊഡ്യൂസഴ്സ് തയാറാണെന്നും, ഇതുവരെ ആരും പ്രതിഫലം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും നസ്ലെൻ പറയുന്നു.

2019ൽ ഗിരീഷ് എഡി സംവിധാനം ചെയ്ത ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെച്ച യുവനടനാണ് നസ്ലെൻ. ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളത്തിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിച്ചു. കഴിഞ്ഞ വർഷം റിലീസായ സൂപ്പർ ഹിറ്റ് 100 കോടി ക്ലബ്ബ് ചിത്രം ‘പ്രേമലു’വിലൂടെയാണ് നസ്ലെൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ, നടന്റെ ഏറ്റവും പുതിയ ചിത്രമായ ആലപ്പുഴ ജിംഖാനയുടെ പ്രസ്മീറ്റിൽ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടൻ.
‘ഒരു സിനിമ വിജയമാകുന്നതോടെ താരങ്ങള്‍ പ്രതിഫലം വര്‍ധിപ്പിക്കുന്നു. അത് കുറയ്ക്കണമെന്നാണ് നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെടുന്നത്. ഇതിൽ യുവതലമുറ എന്ന നിലയില്‍ നിങ്ങൾക്ക് എന്താണ് പറയാനുള്ളത്’ എന്നായിരുന്നു ചോദ്യം. താന്‍ പറയുന്ന പ്രതിഫലം നൽകാൻ നിലവിൽ പ്രൊഡ്യൂസഴ്സ് തയാറാണെന്നും, ഇതുവരെ ആരും പ്രതിഫലം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആയിരുന്നു നസ്ലെന്റെ മറുപടി. നസ്ലെന് പുറമെ ലുക്മാൻ അവറാൻ, ഗണപതി തുടങ്ങിയ നടന്മാരും ചോദ്യത്തിൽ പ്രതികരിച്ചു. പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളൊന്നും താന്‍ ഇതുവരെ നേരിട്ടിട്ടില്ലെന്നും വലിയ താരങ്ങളുടെ കാര്യമായിരിക്കാം ഒരുപക്ഷേ പറയുന്നതെന്നും നടന്‍ ലുക്മാന്‍ അവറാൻ പറഞ്ഞു. ചോദിച്ച പ്രതിഫലം കിട്ടിയാലല്ലേ പരാതിപ്പെടേണ്ട കാര്യമുള്ളൂ എന്നായിരുന്നു ഗണപതിയുടെ പ്രതികരണം.
“അത്തരം കാര്യങ്ങൾ എന്നെ ഇതുവരെ ബാധിച്ചിട്ടില്ല. ഞാൻ പറയുന്ന പ്രതിഫലത്തിന് എന്നെയെടുക്കാൻ നിലവിൽ പ്രൊഡ്യൂസേഴ്‌സ് ഉണ്ട്. അല്ലെങ്കിൽ അത്തരം പ്രൊജക്ട് ഓണായി വരുന്നുണ്ട്. പ്രതിഫലം കുറയ്ക്കണമെന്ന് എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് അങ്ങനെ ഒരു എക്‌സ്പീരിയൻസ് ഉണ്ടായിട്ടില്ല,’ നസ്ലെൻ വ്യക്തമാക്കി. “പ്രതിഫലം കൂടുതൽ എന്നൊന്നുമില്ല. കറക്ട് പൈസ മാത്രമേ വാങ്ങുന്നുള്ളൂ. അത് ഓക്കെയാണ്. അത്തരമൊരു സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ലാത്തതുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് അറിയില്ല. വാർത്തകൾ ഞാനും കാണുന്നുണ്ട്. പേഴ്‌സണലി അറിയില്ല.” നസ്ലെൻ പറഞ്ഞു.
“ചിലപ്പോൾ വലിയ താരങ്ങളായിരിക്കും വാങ്ങുന്നത്. ഞാൻ അങ്ങനെ ആകുമ്പോൾ ഇതിനുള്ള മറുപടി നൽകാം” എന്നായിരുന്നു ലുക്മാന്റെ മറുപടി. “ചോദിച്ച പ്രതിഫലം കിട്ടിയാലല്ലേ പരാതിപ്പെടേണ്ട കാര്യമുള്ളൂ. അത്തരം പ്രശ്‌നങ്ങളൊന്നും വരുന്നില്ല, ആ മേഖലകളിലേക്കൊന്നും നമ്മൾ എത്തിയിട്ടില്ല. ഇപ്പോഴുള്ള പരിപാടികളിൽ ഹാപ്പിയാണ്. ചോദിക്കുന്ന പരിപാടികൾ ലഭിക്കുന്നുണ്ട്. വർക്ക് ചെയ്യുന്ന ആൾക്കാരിലും ഞാൻ ഹാപ്പിയാണ്. അതിൽ കൂടുതലൊന്നും സംസാരിക്കാൻ ഞാൻ ആളല്ല” ഗണപതി പറഞ്ഞു.