Nadikar OTT : ടൊവീനോയുടെ നടികർ ജൂൺ 27ന് ഒടിടിയിൽ എത്തുമെന്ന് പറഞ്ഞു; സത്യത്തിൽ പടം വന്നോ?
Nadikar OTT Updates : നടികർ സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണം ഈ കഴിഞ്ഞ ജൂൺ 27-ാം തീയതി മുതൽ ആരംഭിക്കേണ്ടതാണ്. പക്ഷെ ചിത്രം നെറ്റ്ഫ്ലിക്സിൽ മാത്രമല്ല മറ്റ് ഒരു ഒടിടി പ്ലാറ്റ്ഫോമിലും ഇതുവരെ എത്തിട്ടില്ല.
മെയ് മാസത്തിൻ്റെ ആദ്യം തിയറ്ററുകളിൽ എത്തിയ ടൊവീനോ തോമസ് (Tovino Thomas) ചിത്രമാണ് നടികർ (Nadikar Movie). ലാൽ ജൂനിയർ ഒരുക്കിയ ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് പറഞ്ഞത്. എന്നാൽ ടൊവീനോ ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരമായി എത്തിയ ചിത്രത്തിന് ബോക്സ്ഓഫീസിൽ കാര്യമായ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല. തുടർന്ന് ചിത്രത്തിന് കൂടുതൽ പ്രേക്ഷകരിലേക്കെത്തി ചേരാനും സാധിച്ചില്ല. ശേഷം നടികർ സിനിമയുടെ ഒടിടി (Nadikar OTT) റിലീസിനായി കാത്തിരിക്കുകയായിരുന്നു നിരവധി പേർ.
പിന്നാലെ ജൂൺ 27ന് ടൊവീനോ ചിത്രം ഒടിടിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അമേരിക്കയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് നടികർ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളെ ഉദ്ദരിച്ചുകൊണ്ട് ജാഗരൺ മീഡിയ, ഇന്ത്യ ടൈംസ് തുടങ്ങിയ ഇംഗ്ലീഷ് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ നടികർ ഇതുവരെ ഒരു ഒടിടി പ്ലാറ്റ്ഫോമിലും എത്തിട്ടില്ല.
ALSO READ : Mandakini OTT : മന്ദാകിനി ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
വാസ്തവത്തിൽ നടികർ സിനിമയുടെ ഒടിടി റിലീസിനെ കുറിച്ച് ഒരു സ്ട്രീമിങ് പ്ലാറ്റ്ഫോമും ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പും നൽകിട്ടില്ല. പൊതുവെ നെറ്റ്ഫ്ലിക്സ് ഒരു പുതിയ ചിത്രത്തിൻ്റെ സംപ്രേഷണം ആരംഭിക്കുമ്പോൾ അത് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ അറിയിക്കുന്നതാണ്. ജൂൺ മാസം അവസാനം നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്ത ഏക ദക്ഷിണേന്ത്യൻ ചിത്രം ടോളിവുഡിൽ നിന്നുമുള്ള ‘ഭജെ വായു വേഗം’ മാത്രമാണ്. അതിനാൽ ടൊവീനോയുടെ നടികർ ഒടിടിയിൽ എത്താൻ ഇനി കാത്തിരിക്കേണ്ടി വരും.
ടൊവീനോ തോമസ് നായകനായി എത്തിയ ചിത്രത്തിൽ സൗബിൻ ഷഹിർ, സുരേഷ് കൃഷ്ണ, ഷൈൻ ടോം ചാക്കോ, വീണ നന്ദകുമാർ, അനൂപ് മേനോൻ, ബാലു വർഗീസ്, ലാൽ, മധുപാൽ, ഭാവന, ദിവ്യ പിള്ള, ചന്തു സലീം കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഗോഡ്സ്പീഡ് സിനിമയുടെയും മൈത്രി മൂവി മേക്കേഴ്സിൻ്റെയും ബാനറിൽ നവീൻ യേർനേനിയും വൈ രവി ശങ്കറും അലൻ ആൻ്റണിയും അനൂപ് വേണുഗോപാലും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സുവിൻ എസ് സോമശേഖരനാണ് ചിത്രത്തിൻ്റെ രചയിതാവ്. ആൽബിയാണ് ഛായഗ്രാഹകൻ.യക്കസൺ ഗാരി പെരേരയും നേഹ നായരും ചേർന്നാണ് നടികരിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. രതീഷ് രാജാണ് ചിത്രത്തിൻ്റെ എഡിറ്റർ. റിപ്പോർട്ടുകൾ പ്രകാരം 30 കോടിയിൽ അധികം ചിലവഴിച്ച നിർമിച്ച ചിത്രമാണ് നടികർ. എന്നാൽ ബോക്സഓഫീസിൽ അതിൻ്റെ പകുതി പോലും നേടിയെടുക്കാൻ ടൊവീനോ ചിത്രത്തിന് സാധിച്ചില്ല. നടികർ തിലകം എന്നായിരുന്നു സിനിമയുടെ ആദ്യ പേര്. നടൻ ശിവാജി ഗണേശൻ്റെ കുടുംബത്തിൻ്റെ അഭ്യർഥന തുടർന്ന് സിനിമയുടെ പേര് നടികർ എന്നാക്കി ചുരുക്കുകയായിരുന്നു അണിയറപ്രവർത്തകർ.