Jayasurya: ‘ആരോപണം സത്യവും വ്യക്തവുമാണ്; പരാതിയിൽ ഉറച്ചുനിൽക്കുന്നു’; ജയസൂര്യയുടെ ഫേയ്സ്ബുക്ക് പോസ്റ്റിനെതിരെ പരാതിക്കാരി
തന്റെ ആരോപണങ്ങൾ തെറ്റാണെന്ന ജയസൂര്യയുടെ വാദം കള്ളമാണെന്നും താൻ ഉയർത്തിയത് ആരോപണങ്ങൾ അല്ലെന്നും യുവതി പറഞ്ഞു.
തനിക്ക് നേരെയുണ്ടായ പീഡനാരോപണങ്ങൾ തീർത്തും തെറ്റാണെന്ന് പറഞ്ഞുകൊണ്ട് ജയസൂര്യ ഫേസ്ബുക്കിൽ പങ്കുവച്ച് പോസ്റ്റിനെതിരെ പരാതിക്കാരിയായ നടി. പരാതി സത്യവും വ്യക്തവുമാണെന്നും പരാതിയ ഉറച്ചുനിൽക്കുന്നതായും നടി പറയുന്നു. തന്റെ ജീവിതത്തിൽ ആദ്യമായാണ് എഫ്.ഐ.ആർ ഫയൽ ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു. എൻ.ഡി.ടി.വിയോടായിരുന്നു നടിയുടെ പ്രതികരണം.
തന്റെ ആരോപണങ്ങൾ തെറ്റാണെന്ന ജയസൂര്യയുടെ വാദം കള്ളമാണെന്നും താൻ ഉയർത്തിയത് ആരോപണങ്ങൾ അല്ലെന്നും യുവതി പറഞ്ഞു. തന്റെ ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായപ്പോൾ താൻ പണം വാങ്ങിയിട്ടാണ് ഇങ്ങനെയെല്ലാം പറയുന്നതെന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നിരുന്നുവെന്നും അവർ പറഞ്ഞു. സ്വന്തം അഭിമാനം സംരക്ഷിക്കാനാണ് ജയസൂര്യയുടെ പേര് പുറത്തുപറഞ്ഞത്. താൻ കേസ് അവസാനിപ്പിക്കുകയാണെങ്കിൽ അത് തനിക്ക് ഒരിക്കലും നല്ലതായി വരില്ലെന്നും അവർ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നിരവധി പ്രമുഖർക്ക് നേരെ വലിയ തരത്തിലുള്ള ആരോപണങ്ങളാണ് ഉയർന്നത്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ജയസൂര്യക്കെതിരെ രണ്ട് നടിമാർ നൽകിയ പരാതി. എന്നാൽ സംഭവം കഴിഞ്ഞ് ഇത്ര ദിവസം കഴിഞ്ഞിട്ടും ജയസൂര്യം വിഷയത്തിൽ പ്രതികരിച്ച് എത്തിയരുന്നില്ല. എന്നാൽ ഇന്ന് ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ തനിക്കു നേരെയുണ്ടായ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞു കൊണ്ട് ജയസൂര്യ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് നടനെതിരെ പരാതി നൽകിയതിൽ ഒരാൾ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ രംഗത്തെത്തിയത്.
തനിക്ക് നേരെയുണ്ടായ പീഡനാരോപണങ്ങൾ തീർത്തും ദുഃഖത്തിലാഴ്ത്തിയെന്നും തന്നെ ചേര്‍ത്ത് നിറുത്തിയ ഓരോരുത്തര്‍ക്കും അത് വല്ലാത്തൊരു മുറിവായി പോയെന്നും നടൻ ജയസൂര്യ. താനും തന്റെ കുടുംബവും ഒരു മാസത്തോളമായി അമേരിക്കയിലാണെന്നും ഇവിടെ നിന്ന് തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും നടൻ കുറിപ്പിൽ പറയുന്നു.
ലോക്കെഷനിൽ വച്ച് നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് യുവതിയുടെ ആരോപണം. ഇതിനു പിന്നാലെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം നടനെതിരെ കേസെടുത്തിരുന്നു. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്നുമാണ് യുവതിയുടെ പരാതി. ഇതിന്റെ ഭാഗമായി ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.