Sushin Shyam Marriage: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി
Music Director Sushin Shyam Wedding: അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
കൊച്ചി: സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നടൻ ഫഹദ് ഫാസിലും ഭാര്യയും നടിയുമായി നസ്രിയയും ചടങ്ങിൽ പങ്കെടുത്തു. കൂടാതെ, നടൻ ജയറാമും കുടുംബവും, തിരക്കഥാകൃത്ത് പുഷ്കർ, സംഗീത സംവിധായകൻ ദീപക് ദേവ് എന്നിവരും വിവാഹത്തിന് എത്തിയിരുന്നു.
ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിൽ വെച്ച് നേരത്തെ തന്നെ സുഷിൻ തന്റെ ജീവിത പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു. കൂടാതെ, സിനിമയിൽ നിന്നും ചെറിയ ഇടവേള എടുക്കുന്നതായും അദ്ദേഹം കുറച്ച് നാളുകൾക്ക് മുമ്പ് അറിയിച്ചിരുന്നു. ‘ബോഗയ്ന്‍വില്ല’ എന്ന അമൽ നീരദ് ചിത്രത്തിലാണ് അദ്ദേഹം അവസാനമായി സംഗീതം നൽകിയത്. സുഷിൻ ഇടവേളയെടുക്കുന്നെന്ന വാർത്ത സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ ചർച്ചകൾക്ക് ഇടവെച്ചിരുന്നു. എന്നാൽ, വിവാഹ വാർത്ത വന്നതോടെ ഇടവേളയ്ക്ക് പിന്നിലെ കാരണം പിടികിട്ടിയെന്നാണ് ആരാധകർ പറയുന്നത്.
2014-ൽ പുറത്തിറങ്ങിയ ‘സപ്തമശ്രീ തസ്‌ക്കരാഃ’ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയാണ് സുഷിൻ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന്, ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത ‘കിസ്മത്ത്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. ‘കുമ്പളങ്ങി നെറ്റസി’ലെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും സുഷിൻ നേടിയിരുന്നു. തുടർന്ന് ‘രോമാഞ്ചം’, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘ആവേശം’ തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു.