Berny – Ignatius: “പിന്നേ, ചെയ്ത പട്ടം നാല് നിലയിൽ പൊട്ടിയ എന്നെ പ്രിയദർശൻ വിളിക്കാനല്ലേ?”; തേന്മാവിൻ കൊമ്പത്തിൻ്റെ കഥ പറഞ്ഞ് ഇഗ്നേഷ്യസ്
Ignatius Shares About Thenmavin Kombath: തേന്മാവിൻ കൊമ്പത്തെ പാട്ടുകൾ കമ്പോസ് ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തി സംഗീത സംവിധായകൻ ഇഗ്നേഷ്യസ്. സിനിമയിലെ പാട്ടുകൾക്ക് ബേണി - ഇഗ്നേഷ്യസിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു.

തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിലെ പാട്ടുകൾ കമ്പോസ് ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തി സംഗീത സംവിധായകനായ ഇഗ്നേഷ്യസ്. പ്രിയദർശൻ വിളിച്ചെന്ന് പറഞ്ഞപ്പോൾ താൻ ആദ്യം വിശ്വസിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു. സിനിമയിലെ സംഗീതസംവിധാന ജോഡികളായ ബേണി – ഇഗ്നേഷ്യസ് ഈ സിനിമയിലെ പാട്ടുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 1994ൽ പുറത്തിറങ്ങിയ തേന്മാവിൻ കൊമ്പത്തെ പാട്ടുകൾക്ക് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഇവർക്ക് ലഭിച്ചിരുന്നു.
“പ്രിയദർശൻ വിളിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് ചിരിവന്നു. മോഹൻലാലിൻ്റെ സിനിമയാണെന്നും പറഞ്ഞു. ഞാൻ വിശ്വസിച്ചില്ല. ഞാൻ ടിവി കണ്ടിരിക്കുകയാണ്. അര മണിക്കൂർ കഴിഞ്ഞപ്പോൾ വൈഫ് വന്ന് ചോദിച്ചു, പോകുന്നില്ലേ എന്ന്. ഞാൻ ചോദിച്ചു, എന്തിന് പോകണം. പ്രിയദർശൻ മോഹൻലാൽ പടത്തിൻ്റെ കാര്യം പറഞ്ഞില്ലേ എന്ന് ഭാര്യ ചോദിച്ചു. സത്യം പറഞ്ഞതാണോ എന്ന് ചോദിച്ചപ്പോൾ അതെ എന്ന് ഭാര്യ മറുപടി പറഞ്ഞു. എന്നിട്ടും ഞാൻ വിശ്വസിച്ചില്ല. ആകെ ചെയ്ത ഒരു പടം നാല് നിലയിൽ പൊട്ടി. പിന്നെങ്ങനെ പ്രിയദർശൻ വിളിക്കാനാ. അപ്പോ ബേണിയുടെ കോൾ വന്നു. കമ്പോസിങ് തുടങ്ങി, ചേട്ടൻ വരുമ്പോ പൂർത്തിയാക്കാം എന്നാണ് എന്ന് അവൻ പറഞ്ഞപ്പോഴാണ് ഇക്കാര്യം ഞാൻ വിശ്വസിച്ചത്. അങ്ങനെ ഓട്ടോ വിളിച്ച് അവിടെ എത്തി.”- ഇഗ്നേഷ്യസ് പറഞ്ഞു.
Also Read: Mouni Roy: ‘പ്ലാസ്റ്റിക് സർജറി പണി തന്നതാണോ?’; ട്രോളുകൾക്ക് മറുപടി നൽകി മൗനി റോയ്




“പ്രിയദർശൻ്റെ മുറിയിലെത്തിയപ്പോൾ എംജി ശ്രീകുമാറിനെ പരിചയപ്പെടുത്തി. നമുക്കെല്ലാവർക്കും കൂടി നല്ല ഒരു പ്രൊജക്ട് ചെയ്യണമെന്ന് പ്രിയദർശൻ പറഞ്ഞപ്പോൾ, ഞാൻ ശരി എന്ന് പറഞ്ഞു. വൈകുന്നേരം ഏഴ് മണിയൊക്കെ ആയി. പ്രിയൻ പുറത്തിരുന്നപ്പോൾ ഞങ്ങൾ പഴയ പാട്ടുകളൊക്കെ പാടാൻ തുടങ്ങി. അങ്ങനെ ആ ഒരു മൂഡിലെത്തി. കുറച്ച് കഴിഞ്ഞ് മോഹൻലാൽ വന്നു. അദ്ദേഹം നല്ല ഫുഡൊക്കെ വാങ്ങിയാണ് വന്നത്. ഭക്ഷണമൊക്കെ കഴിച്ചു. അങ്ങനെ അഞ്ച് ദിവസം കൊണ്ടാണ് എല്ലാ പാട്ടുകളും കമ്പോസ് ചെയ്തത്. നമ്മുടെ പേര് പാട്ടിലൊക്കെ വരുമോ എന്ന് ചോദിച്ചപ്പോൾ, ആരുടെയും കണ്ണീര് വീഴ്ത്തി ഞാൻ പടം ചെയ്യില്ലെന്ന് പ്രിയദർശൻ പറഞ്ഞു. അവിടെയാണ് ആത്മവിശ്വാസമായത്.”- അദ്ദേഹം തുടർന്നു.