Mukesh: ‘പ്രിവ്യൂ ഷോ കണ്ട് പലരും ചിരിച്ചില്ല; റാംജി റാവു സ്പീക്കിംഗ് പൊട്ടുമെന്നാണ് വിചാരിച്ചത്’: വെളിപ്പെടുത്തി മുകേഷ്
Mukesh About Ramji Rao Speaking: റാംജി റാവു സ്പീക്കിംഗ് പരാജയപ്പെടുമെന്ന് കരുതിയ സിനിമയാണെന്ന് മുകേഷ്. പ്രിവ്യൂ ഷോ കഴിഞ്ഞപ്പോൾ നല്ല അഭിപ്രായമല്ല വന്നത്. അതുകൊണ്ട് സിനിമ പരാജയപ്പെടുമെന്ന് എല്ലാവരും കരുതിയെന്നും അദ്ദേഹം പറഞ്ഞു.

പ്രിവ്യൂ ഷോ കഴിഞ്ഞപ്പോൾ റാംജി റാവു സിനിമ പൊട്ടുമെന്നാണ് എല്ലാവരും കരുതിയതെന്ന് നടൻ മുകേഷ്. പ്രിവ്യൂ ഷോയിൽ നല്ല അഭിപ്രായമല്ല ലഭിച്ചതെന്നും അതുകൊണ്ട് തന്നെ തീരുമാനിച്ചതിലും മുൻപ് സിനിമ റിലീസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുകേഷിൻ്റെ പ്രതികരണം. സിദ്ധിക്ക് – ലാൽ ആദ്യമായി സംവിധാനം ചെയ്ത് 1989ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു റാംജി റാവു സ്പീക്കിംഗ്. സിനിമ തകർപ്പൻ ഹിറ്റായിരുന്നു. ഇപ്പോഴും മലയാളികൾ റീവാച്ച് ചെയ്യുന്ന സിനിമകളിലൊന്നാണ് ഇത്.
“റാംജി റാവു സ്പീക്കിംഗിൻ്റെ പ്രിവ്യൂ ഷോ ഇട്ടു. അത് പ്രൊഡ്യൂസറും ഡയറക്ടറുമൊക്കെ പരിശോധിക്കുന്നതാണ്. അവർ സിനിമ കാണാൻ വരുന്നവരുടെ മുഖവും അവരുടെ രീതികളുമൊക്കെ നോക്കും. എല്ലാവർക്കും ഭയങ്കര നിരാശയായിരുന്നു. സിനിമ കാണാൻ കുറേ കുട്ടികളുണ്ടായിരുന്നു. അവർ ഒരിക്കൽ പോലും ചിരിച്ചില്ല. അവർക്ക് മനസിലായില്ല. അങ്ങനെയാണ് ഓണത്തിന് റിലീസ് ചെയ്യാതെ രണ്ടാഴ്ച മുൻപ് റിലീസ് ചെയ്തത്. ആത്മവിശ്വാസം നഷ്ടപ്പെട്ടു. പ്രിവ്യൂ ഷോ കണ്ടിട്ട് പലരും ചിരിച്ചില്ല. നല്ല അഭിപ്രായമായിരുന്നില്ല. പക്ഷേ, പിൽക്കാലത്ത് അത് ഗംഭീര സിനിമയായി.”- മുകേഷ് വെളിപ്പെടുത്തി.




മുകേഷ്, ഇന്നസെൻ്റ്, സായ് കുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു റാംജി റാവു സ്പീക്കിംഗ്. സായ് കുമാറിൻ്റെ ആദ്യ നായകവേഷവും ഈ സിനിമയായിരുന്നു. വിജയരാഘവൻ, രേഖ, ദേവൻ, മാമുക്കോയ തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചു. സിദ്ധിക്ക് – ലാൽ തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ഫാസിൽ, ഔസേപ്പച്ചൻ വാളക്കുഴി, സ്വർഗചിത്ര അപ്പച്ചൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. വേണു ക്യാമറയും ടി ആർ ശേഖർ എഡിറ്റിംഗും കൈകാര്യം ചെയ്തു. എസ് ബാലകൃഷ്ണനായിരുന്നു സംഗീതം. 1989 ഓഗസ്റ്റ് നാലിനാണ് സിനിമ റിലീസായത്.
തമിഴിൽ അരങ്കേട്ര വേലൈ എന്ന പേരിൽ ഫാസിലും ഹിന്ദിയിൽ ഹേറാ ഫേരി എന്ന പേരിൽ പ്രിയദർശനും സിനിമ റീമേക്ക് ചെയ്തു. തെലുങ്ക്, ഒഡിയ, കന്നഡ, ബംഗാളി, പഞ്ചാബി ഭാഷകളിലും സിനിമ റീമേക്ക് ചെയ്തിട്ടുണ്ട്.