Hema Committee Report: മുകേഷിനെതിരായ പരാതി വ്യാജമോ? പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി
Hema Committee Report: പരാതിക്കാരി നിയമ ബിരുദധാരിയാണെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. കേസിൽ മുകേഷിന് ജാമ്യം ലഭിച്ചിട്ടുണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മരട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മുകേഷിനെതിരെ കേസെടുത്തത്.
കൊച്ചി: നടനും എംഎൽഎയുമായ എം മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്നും കോടതി അറിയിച്ചു. 2022-ൽ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച വാട്സ്ആപ്പ് സന്ദേശവും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ പുതുവത്സര ദിനത്തിൽ നടി മുകേഷിന് അയച്ച ആശംസ സന്ദേശവും കേസിൽ പരാതിക്കാരിക്ക് തിരിച്ചടിയാകുകയാണ്.
നടി നൽകിയ ആദ്യ മൊഴിയിൽ നിർബന്ധിച്ച് ലെെംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് പറയുന്നില്ല. നടിയുടെ ആദ്യ രണ്ട് മൊഴികളിൽ ബലാത്സംഗം നടന്നുവെന്ന് വെളിവാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ടാമത് നൽകിയ മൊഴിയിൽ വെെരുദ്ധ്യം വ്യക്തമാക്കാൻ പരാതിക്കാരിക്ക് സാധിച്ചില്ല.
കഴിഞ്ഞമാസം 29-ാം തീയതിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുകേഷ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പിന്നാലെ വീണ്ടും 30-ാം തീയതി നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ആദ്യ മൊഴിയിൽ നിന്ന് പിന്നീട് നൽകിയ മൊഴികൾ പരിശോധിക്കുമ്പോൾ വലിയ വലിയ വൈരുധ്യമുണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
2010-ൽ പീഡനം നടന്നെന്ന് പറയുന്ന ദിവസം മുകേഷ് പുതിയ ബിഎംഡബ്ല്യൂ കാറുമായി ആലുവയിലെ തന്റെ ഫ്ളാറ്റിലെത്തി. ഇവിടെ നിന്ന് മുകേഷിന്റെ ഉടമസ്ഥതയിലുള്ള മരടിലെ വില്ലയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് നടി പരാതിയിൽ പറയുന്നത്. അന്നേദിവസം മുകേഷ് തന്നെ ആലുവയിലെ ഫ്ളാറ്റിൽ തിരികെ എത്തിച്ചു. ഇതിൽ എവിടെയാണ് നിർബന്ധിത ലൈംഗിക പീഡനം വെളിവാകുന്നതെന്നാണ് കോടതി ഉയർത്തിയ പ്രധാന ചോദ്യം. സംഭവം നടന്ന് വർഷങ്ങൾക്ക് ശേഷം പണം ആവശ്യപ്പെട്ട് പരാതിക്കാരി മുകേഷിന് സന്ദേശമയച്ചിരുന്നു.
2022-ൽ ഒരുലക്ഷം രൂപയാണ് പരാതിക്കാരി ആവശ്യപ്പെട്ടത്. അതും ഉത്തരവിന്റെ ഭാഗമായി കോടതി ചൂണ്ടിക്കാട്ടി. ഇതെല്ലാം ഈ കേസിൽ നടി ഉന്നയിച്ച പരാതിക്ക് തിരിച്ചടിയായി മാറുകയാണ്.
പരാതിക്കാരി ഒരു നിയമ ബിരുദധാരിയാണെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്തിരുന്ന വ്യക്തിക്ക് നിയമവശങ്ങൾ അറിയില്ലെന്ന് പറയാനാവുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു. കേസിൽ ഇന്നലെ മുകേഷിന് ജാമ്യം ലഭിച്ചിട്ടുണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മരട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മുകേഷിനെതിരെ കേസെടുത്തത്.
പിന്നാലെ തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പ്രതികരണവുമായി മുകേഷ് രംഗത്തെത്തിയിരുന്നു. ‘‘സത്യം ചെരുപ്പിട്ടു വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും. വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും. നിയമപോരാട്ടം തുടരും’’ എന്നാണ് അദ്ദേഹം കുറിച്ചത്. ലെെംഗികാരോപണത്തിൽ കേസെടുത്തതിനാൽ സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ സാംസ്കാരിക വകുപ്പ് ഒഴിവാക്കിയിരുന്നു. പ്രതിഷേധങ്ങൾ ഉയർന്നതിന് പിന്നാലെയായിരുന്നു സാംസ്കാരിക വകുപ്പിന്റെ നടപടി.
മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരുന്നതിനെതിരെ ഇടതുമുന്നണിക്കുള്ളിലും അഭിപ്രായ ഭിന്നത രൂക്ഷമാണ്. എന്നാൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്.