MT Vasudevan Nair Death: രണ്ടാമൂഴം നടക്കാതെ പോയതിൽ അങ്ങക്കുള്ള വിഷമം മറക്കില്ലെന്ന് ശ്രീകുമാർ മേനോൻ
MT Vasudevan Nair Death Updates: 2014-ലാണ് എംടിയും ശ്രീകുമാർ മേനോനും എംടിയുടെ വിഖ്യാത നോവൽ രണ്ടൂമൂഴം സിനിമയാക്കാനുള്ള കാരാറിൽ ഒപ്പിട്ടത് എന്നാൽ സിനിമ നടന്നില്ല
കോഴിക്കോട്: എ.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ രണ്ടാമൂഴം ഓര്‍മകൾ കൂടി പങ്ക് വെച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ. രണ്ടാമൂഴം നടക്കാതെ പോയതിൽ അങ്ങയ്ക്കുണ്ടായ വ്യക്തിപരമായ വിഷമം പങ്കുവെച്ചത് ഒരിക്കലും മറക്കില്ലെന്നു, അങ്ങയ്ക്കുള്ള സ്മരണാഞ്ജലിയായി ഒരു മികച്ച സംവിധായകന് രണ്ടാമൂഴം ആവിഷ്ക്കരിക്കാൻ കഴിയട്ടേയെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പോസ്റ്റിങ്ങനെ
ALSO READ: M. T. Vasudevan Nair : എം.ടിയുടെ പൊതുദർശനം ‘സിതാര’യിൽ; സംസ്കാരം ഇന്ന് വെെകിട്ട്
ഒരു ഊഴം കൂടി തരുമോ… അങ്ങയുമായി കഥ പറഞ്ഞിരിക്കുവാൻ. അങ്ങ് ഇരിക്കുന്ന ചാരുകസേരയുടെ താഴെ ഇരുന്ന് രണ്ടാമൂഴത്തിന്റെ തിരക്കഥ തൃശൂരിലും മൂംബൈയിലും കോഴിക്കോടും വെച്ചും വായിച്ചു കേട്ട നിമിഷങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതാണ്.
എന്റെ അച്ഛൻ വിക്ടോറിയ കോളേജിൽ അങ്ങയോടൊപ്പം പഠിച്ചിരിന്നു. അച്ഛനാണ് “വളർത്തു മൃഗങ്ങൾ” എന്ന അങ്ങയുടെ ഖ്യാതി നേടിയ ആദ്യകാല രചനയ്ക്ക് പ്രചോദനമായത് എന്ന് അങ്ങു പറഞ്ഞിട്ടുണ്ട്. എന്റെ ഒരു അമ്മാവൻ അന്ന് ജെമിനി സർക്കസിന്റെ മാനേജരായിരുന്നു. അച്ഛനും അങ്ങയുമെന്നിച്ച് സർക്കസ് കാണാൻ പോവുകയും ആ ജീവിതം നേരിൽ കാണുകയും ചെയ്തതെല്ലാം. സർക്കസ് വൈകുന്നേരമാണല്ലോ.
അതിനു മുൻപ് അച്ഛൻ പെർമിഷൻ വാങ്ങി അകത്തു കയറി രണ്ടു മൂന്നു പകലുകൾ സർക്കസ് കൂടാരത്തിൽ മൃഗങ്ങളോടും കലാകാരരോടും സംവദിച്ചതിന്റെയും ഫലമായി അങ്ങ് എഴുതിയതാണ് വളർത്തു മൃഗങ്ങളെന്ന് അങ്ങ് സൂചിപ്പിച്ചത് ആദരവോടെ കേട്ടിരുന്നിട്ടുണ്ട്…
രണ്ടാമൂഴം നടക്കാതെ പോയതിൽ അങ്ങയ്ക്കുണ്ടായ വ്യക്തിപരമായ വിഷമം പങ്കുവെച്ചതും ഒരിക്കലും മറക്കില്ല. അങ്ങയ്ക്കുള്ള സ്മരണാഞ്ജലിയായി ഒരു മികച്ച സംവിധായകന് രണ്ടാമൂഴം ആവിഷ്ക്കരിക്കാൻ കഴിയട്ടേയെന്ന് പ്രാർത്ഥിക്കുന്നു.
രണ്ടു കയ്യും എന്റെ ശിരസിൽ വെച്ച് ആശ്ലേഷിച്ചതും നന്നായി വരുമെന്ന് അനുഗ്രഹിച്ചതും പ്രാർത്ഥനയായി മനസിലുണ്ട്. അതാണ് ജീവിതത്തിലെ വലിയ അനുഗ്രഹമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കരുത്തിന് അങ്ങു നൽകിയ ഈ ശക്തി കൂടിയുണ്ട്.
വിട, ഏറ്റവും ബഹുമാന്യനായ എന്റെ എഴുത്തുകാരാ…
2014-ലാണ് എംടിയും ശ്രീകുമാർ മേനോനും എംടിയുടെ വിഖ്യാത നോവൽ രണ്ടൂമൂഴം സിനിമയാക്കാനുള്ള കാരാറിൽ ഒപ്പിട്ടത്. മൂന്ന് വർഷത്തിനുള്ളിൽ സിനിമ നിർമ്മിക്കാം എന്നായിരുന്നു കരാറെങ്കിലും അത് സാധിച്ചില്ല. എന്നാൽ കാലാവധി കഴിഞ്ഞിട്ടും സിനിമ സംഭവിക്കത്തതോടെ എംടി സിനിമയിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. തർക്കങ്ങൾക്കൊടുവിൽ ശ്രീകുമാർ മേനോൻ തിരക്കഥ തിരിച്ച് നൽകേണ്ടി വന്നു.