Mohini Dey : കിംവദന്തികളുടെ എരിതീയിൽ എണ്ണയൊഴിക്കാൻ ഞാനില്ല; കേൾക്കുന്നതൊക്കെ അഭ്യൂഹങ്ങളെന്ന് മോഹിനി ഡേ
Mohini Dey Responds To Rumours : എആർ റഹ്മാൻ്റെ വിവാഹമോചനവുമായി ബന്ധപ്പെടുത്തി തനിക്കെതിരെ ഉയരുന്ന അഭ്യൂഹങ്ങളിൽ പ്രചരിച്ച് ബാസിസ്റ്റ് മോഹിനി ഡേ. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മോഹിനിയുടെ പ്രതികരണം. എആർ റഹ്മാൻ വിവാഹമോചിതനാവുന്നു എന്നറിയിച്ചതിന് പിന്നാലെ റഹ്മാൻ്റെ ബാൻഡിലെ ബാസിസ്റ്റായ മോഹിനിയും വിവാഹമോചനവാർത്ത പുറത്തുവിട്ടിരുന്നു.
സമൂഹമാധ്യമങ്ങളിലെ അഭ്യൂഹങ്ങളോട് പ്രതികരിച്ച് എആർ റഹ്മാൻ്റെ മ്യൂസിക് ബാൻഡിലെ ബാസിസ്റ്റ് മോഹിനി ഡേ. എആർ റഹ്മാനും സൈറ ബാനുവും വിവാഹമോചിതരാവുന്നു എന്നറിയിച്ചതിന് പിന്നാലെ മോഹിനി ഡേ താനും വിവാഹമോചിതയാവുന്നു എന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് എആർ റഹ്മാനെയും മോഹിനി ഡേയെയും ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഈ അഭ്യൂഹങ്ങളോടാണ് മോഹിനി പ്രതികരിച്ചത്.
കിംവദന്തികളുടെ എരിതീയിൽ എണ്ണയൊഴിക്കാൻ താത്പര്യമില്ല എന്ന് മോഹിനി ഡേ തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഈ അഭ്യൂഹങ്ങളിൽ ചിലവിടാനുള്ളതല്ല തൻ്റെ ഊർജം. ദയവായി തൻ്റെ സ്വകാര്യതയെ മാനിക്കണം എന്നും മോഹിനി ഡേ കുറിച്ചു.
‘അഭിമുഖത്തിനായി ഒരുപാട് അഭ്യർഥനകൾ വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ അതിന്റെ യഥാർത്ഥ ഉദ്ദേശമെന്താണെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ അഭിമുഖങ്ങൾ തരില്ലെന്ന് വളരെ ബഹുമാനപൂർവം എല്ലാവരോടും പറഞ്ഞ് ഒഴിഞ്ഞു. ഇത്തരം കിംവദന്തികളുടെ എരിതീയിൽ എണ്ണയൊഴിക്കാൻ തീരെ താത്പര്യമില്ല. ഇത്തരം അഭ്യൂഹങ്ങളിൽ ചെലവിടാനുള്ളതല്ല എൻ്റെ ഊർജ്ജമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദയവായി എന്റെ സ്വകാര്യതയെ ബഹുമാനിക്കണം.’- മോഹിനി ഡേ കുറിച്ചു.
ഭർത്താവും സംഗീത സംവിധായകനുമായ മാർക്ക് ഹാർട്ട്‌സച്ചും താനും വേർപിരിയുകയാണെന്ന കാര്യം ഇൻസ്റ്റഗ്രാമിലൂടെയാണ് നേരത്തെ മോഹിനി ഡേ ആരാധകരെ അറിയിച്ചത്. ഇരുവരും സംയുക്തമായാണ് പോസ്റ്റ് പങ്കുവച്ചത്. സുഹൃത്തുക്കളായി തുടരുമെന്ന് ഇരുവരും പോസ്റ്റിൽ അറിയിച്ചിരുന്നു. 29 കാരിയായ മോഹിനി കൊൽക്കത്ത സ്വദേശിയാണ്. എആർ റഹ്മാനൊപ്പം വിവിധ വേദികളിലായി 40ലധികം ഷോകളിൽ മോഹിനി ഡേ പങ്കെടുത്തിട്ടുണ്ട്. മുംബൈ നിര്‍വാണ സ്റ്റുഡിയോയിലെ റെക്കോര്ഡിംഗിനിടെയാണ് എആർ റഹ്മാനുമായി പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് റഹ്മാന്റെ ബാൻഡിലെത്തിക്കുകയായിരുന്നു. സ്റ്റേജ് ഷോകൾക്കൊപ്പം റഹ്മാൻ്റെ പല സിനിമകളുടെ റെക്കോര്‍ഡിംഗും മോഹിനി ചെയ്തിട്ടുണ്ട്.
സുജോയ് ഡേ – റോമിയ ഡേ ദമ്പതികളുടെ മകളായി കൊൽക്കത്തയിലാണ് മോഹിനി ഡേ ജനിച്ചത്. പിതാവ് സുജോയ് ഡേയുടെ പാത പിന്തുടർന്നാണ് മോഹിനി സംഗീതലോകത്തെത്തിയത്. മൂന്നാം വയസിൽ തന്നെ സംഗീതപഠനം ആരംഭിച്ച മോഹിനി റഹ്‌മാന്റെ ടീമിലെ മറ്റൊരു ഡ്രമ്മര്‍ രഞ്ജിത് ബാറോട്ട് വഴിയാണ് ലോകപ്രശസ്തമായ പരിപാടികളുടെ ഭാഗമായത്. റഹ്മാനെക്കൂടാതെ സക്കീര്‍ ഹുസൈന്‍, ശിവമണി, രഞ്ജിത് ബരോട്ട്, ലൂയിസ് ബാങ്ക്‌സ്, ഹരിഹരന്‍, പ്രസന്ന, മൈക്ക് സ്റ്റേണ്‍, ജോര്‍ജ് ബ്രൂക്ക്‌സ് നിരവധി സംഗീതജ്ഞർക്കൊപ്പം മോഹിനി പ്രവർത്തിച്ചിട്ടുണ്ട്.
1995-ലായിരുന്നു എആര്‍ റഹ്മാൻ – സെെറ ഭാനു വിവാഹം. നീണ്ട 29 വർഷത്തെ ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഖദീജ റഹ്മാൻ, റഹീമ റഹ്മാൻ, എആര്‍ അമീന്‍ എന്നിവരാണ് ഇവരുടെ മക്കള്‍. അമ്മയാണ് വധുവിനെ കണ്ടെത്തിയതും വിവാഹം നടത്തിയതുമെന്ന് എആർ റഹ്മാൻ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമാ തിരക്കുകളിലായതിനാൽ തനിക്ക് വധുവിനെ പോയി കാണാനുള്ള സമയമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിൻ്റെ സിംഹാസനം പോലും വിറയ്ക്കും. എന്നിട്ടും, ഈ തകർച്ചയിൽ ഞങ്ങൾ അർത്ഥം തേടുകയാണ്. തകർന്നത് കൂട്ടിയോജിപ്പിക്കാൻ സാധിച്ചില്ല. ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും സുഹൃത്തുക്കൾക്ക് നന്ദി’ എന്നാണ് റഹ്മാൻ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചത്.