Thudarum OTT:’തുടരും’ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയത് ആ പ്ലാറ്റ്ഫോം; സ്ഥിരീകരിച്ച് ജി സുരേഷ് കുമാർ
Thudarum OTT Rights Bagged by This Platform: നിർമാതാവായ ജി സുരേഷ് കുമാർ അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് 'തുടരും; സിനിമയുടെ ഒടിടി സംബന്ധിച്ച അപ്‌ഡേറ്റ് നൽകിയത്.

മലയാളി സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘തുടരും’. മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ റീലീസ് തീയതി സംബന്ധിച്ച് വന്ന മാറ്റങ്ങൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച ഒരു അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. നിർമാതാവായ ജി സുരേഷ് കുമാർ അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ ഒടിടി സംബന്ധിച്ച അപ്‌ഡേറ്റ് നൽകിയത്.
‘തുടരും’ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഹോട്ട്സ്റ്റാർ ആണെന്നാണ് സൂചന. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് കുമാർ ഒടിടി റിലീസ് സംബന്ധിച്ച സൂചന നൽകിയത്. ഒടിടി ബിസിനസ് കൂടി നോക്കിയിട്ടാണ് ഇപ്പോൾ തിയറ്റർ റിലീസ് തീരുമാനിക്കുന്നതെന്ന് പറഞ്ഞ സുരേഷ് കുമാർ ‘തുടരും’ സിനിമയുടെ കാര്യത്തിലും ഇത്തരം ചർച്ച ഉയർന്നിരുന്നു എന്നും വ്യക്തമാക്കി. ‘തുടരും’ സിനിമയുടെ നിർമാതാവ് രഞ്ജിത്ത് ആണ്. ഹോട്ട്സ്റ്റാറിൽ വെബ് സീരീസും സീരിയലും ഒക്കെ ചെയ്യുന്ന വ്യക്തിയാണ് രഞ്ജിത്ത്. അതുകൊണ്ടാണ് ഹോട്ട്സ്റ്റാർ ആ സിനിമ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: തുടരും സിനിമ റിലീസ് തീയതി തീരുമാനമായി; ജി സുരേഷ് കുമാറിൻ്റെ വെളിപ്പെടുത്തൽ ഇങ്ങനെ
മെയ് മാസത്തിൽ ചിത്രത്തിന്റെ തീയറ്റർ റിലീസ് ഉണ്ടാകുമെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു. ഒടിടി പ്ലാറ്റ്ഫോമിൻ്റെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാമെന്നും നിലവിൽ മെയ് മാസം വരെയുള്ള സിനിമകൾ ഈ ഒടിടി പ്ലാറ്റ്ഫോം ചർച്ച ചെയ്തുകഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സിനിമ തീയറ്ററിൽ റിലീസ് ചെയ്തു കുറച്ചു നാളുകൾക്ക് ശേഷമേ ഒടിടിയിൽ റിലീസ് ചെയ്യാൻ കഴിയൂ. അങ്ങനെ വരുമ്പോൾ സിനിമയുടെ പുതുമ നഷ്ടപ്പെടുമെന്നും, അതിനാൽ മെയ് മാസത്തിൽ തീയറ്റർ റിലീസ് നടത്തി ഏറെ വൈകാതെ ഒടിടിയിൽ റിലീസ് ചെയ്യാനാണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, 15 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രമാണ് ‘തുടരും’. തരുൺ മൂർത്തി സംവിധാനം ചെയുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും കെആർ സുനിലും തരുൺ മൂർത്തിയും ചേർന്നാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് ചിത്രത്തിന്റെ നിർമാണം. ഷാജി കുമാറാണ് ഛായാഗ്രഹണം. എഡിറ്റിങ് നിർവഹിക്കുന്നത് നിഷാദ് യൂസുഫും ഷഫീക്ക് വിബിയും ചേർന്നാണ്. ജേക്സ് ബിജോയ് ആണ് സംഗീതം. ഫർഹാൻ ഫാസിൽ, ആർഷ ബൈജു, മണിയൻപിള്ള രാജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.