Mammootty-Mohanalal Movie Clash: ജനുവരിയിൽ വരാനിരിക്കുന്നത് ലാലേട്ടൻ-മമ്മുക്ക ‘സ്റ്റാർവാർ’; ബോക്സ് ഓഫീസ് ആര് കീഴടക്കും?
Mammooty Mohanlal January Releases: മോഹൻലാൽ - തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'തുടരും' , മമ്മൂട്ടി - ഗൗതം വാസുദേവ് മേനോൻ ചിത്രം 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' എന്നീ സിനിമകളാണ് ജനുവരിയിൽ റിലീസിനൊരുങ്ങുന്നത്.
2024 മലയാള സിനിമ മേഖലയെ സംബന്ധിച്ചടുത്തോളം ഭേദപ്പെട്ടൊരു വർഷമായിരുന്നു. ബോക്സ് ഓഫീസ് ഹിറ്റുകൾ കൊണ്ട് നിറഞ്ഞ ആദ്യ പകുതിയിൽ ചരിത്രത്തിലെ ആദ്യ 200 കോടി കളക്ഷൻ സിനിമയും മലയാളത്തിന് ലഭിച്ചു. അത്തരത്തിൽ ഒരുപിടി പ്രതീക്ഷ നൽകുന്ന സിനിമകളുമായാണ് 2025ന്റെ വരവ്. സീനിയർ താരങ്ങൾ മുതൽ യുവതാരങ്ങളുടെ വരെ ചിത്രങ്ങൾ വരാനിരിക്കുന്നുണ്ടെങ്കിലും മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത് ആ ‘സ്റ്റാർ വാറി’നാണ്.
ജനുവരി റിലീസുകളിൽ മോഹൻലാൽ – മമ്മൂട്ടി ചിത്രങ്ങളാണ് പ്രധാന ആകർഷണം. ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തിലാണ് രണ്ട് ചിത്രങ്ങളും എത്തുന്നതെങ്കിൽ പോലും ആരാകും ബോക്സ് ഓഫീസ് കീഴടക്കുക എന്നൊരു ചോദ്യം ആരാധകർക്കിടയിൽ നിലവിലുണ്ട്. മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘തുടരും’ , മമ്മൂട്ടി – ഗൗതം വാസുദേവ് മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ എന്നീ സിനിമകളാണ് ജനുവരിയിൽ റിലീസിനൊരുങ്ങുന്നത്.
ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സൂരജ് രാജൻ, നീരജ് രാജൻ എന്നിവർ ചേർന്നാണ്. ജനുവരി 23നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. വിനീത്, ലെന, സിദ്ദിഖ്, ഗോകുൽ സുരേഷ്, വിജയ് ബാബു, വിജി വെങ്കടേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.
ALSO READ: ‘അൻപോട് കണ്മണി’ ഷൂട്ടിങ്ങിനിടെ നടന് കിട്ടിയത് എട്ടിന്റെ പണി; നഷ്ടമായത് 40,000 രൂപ
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുടരും’. 15 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ – ശോഭന കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ സിനിമയ്ക്ക്. ജനുവരി 30ന് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് ചിത്രത്തിന്റെ നിർമാണം. കെ ആർ സുനിലിന്റെ കഥയ്ക്ക് തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, സംഗീത് കെ. പ്രതാപ്, ബിനു പപ്പു, ഇർഷാദ് അലി, തോമസ് മാത്യു, ശ്രീജിത്ത് രവി, ആർഷ ബൈജു, ജി. സുരേഷ്‌കുമാർ, ജെയ്‌സ് മോൻ, ഷൈജോ അടിമാലി, കൃഷ്ണപ്രഭ, ഷോബി തിലകൻ, റാണി ശരൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.