Thudarum Movie: ‘ചില കഥകൾ തുടരാനുള്ളതാണ്’; മോഹൻലാൽ- തരുൺ മൂർത്തി ചിത്രം ‘തുടരും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Mohanlal Movie Thudarum First Look Poster: 'ചില കഥകൾ തുടരാനുള്ളതാണ്' എന്ന അടികുറിപ്പോടെ മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
മലയാള സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തരുൺ മൂർത്തി- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘തുടരും’. മോഹൻലാലിൻറെ കരിയറിലെ 360-ാമത് ചിത്രമാണിത്. ഈ സിനിമയുടെ ഓരോ അപ്‌ഡേറ്റുകൾക്ക് വേണ്ടിയും പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുകയാണ്. ഒരു ഫീൽ ഗുഡ്, കടുംബ ചിത്രമായിരിക്കും ‘തുടരും’ എന്നതിൽ സംശയമില്ല. ‘ചില കഥകൾ തുടരാനുള്ളതാണ്’ എന്ന അടികുറിപ്പോടെ മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
മോഹൻലാലും ശോഭനയുമാണ് പോസ്റ്ററിൽ ഉള്ളത്. ചായയിൽ ബിസ്ക്കറ്റ് മുക്കി കഴിക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. സാധാരണ ഒരു വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങളെ കോർത്തിണക്കിയുള്ള ഒരു ചിത്രമായിരിക്കും ഇതെന്നാണ് കരുതുന്നത്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘നാടോടിക്കാറ്റ് ‘സിനിമയിലെ ‘വൈശാഖ സന്ധ്യേ…’ എന്ന ഗാനത്തിന്റെ റഫറൻസാണ് പോസ്റ്ററിൽ ഉള്ളത്. നേരത്തെ, ടാക്സി ഡ്രൈവറായെത്തുന്ന മോഹൻലാലിനൊപ്പം കുട്ടിത്താരങ്ങളും അടങ്ങിയ ഒരു പോസ്റ്ററും പുറത്തുവിട്ടിരുന്നു.
അതേസമയം, സംവിധായകൻ തരുൺ മൂർത്തി സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി അടുത്തിടെ തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചിരുന്നു. പല ഷെഡ്യൂളുകളായി നൂറ് ദിവസത്തോളമാണ് സിനിമയുടെ ചിത്രീകരണം നടന്നത്. കഴിഞ്ഞ മാസമാണ് ക്ലൈമാക്സ് ഉൾപ്പെടെയുള്ള ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായത്.
‘തുടരും’ എന്ന ചിത്രത്തിലൂടെ വീണ്ടും മോഹൻലാലും ശോഭനയും ഒരുമിച്ച് ബിഗ് സ്‌ക്രീനിൽ എത്തുകയാണ്. 15 വർഷത്തിന് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നത്. ‘ഷൺമുഖം’ എന്നൊരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിന്റെ വേഷത്തിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ഭാര്യയും മക്കളും അടങ്ങുന്ന തന്റെ കുടുംബത്തെ ഒരുപാട് സ്നേഹിക്കുന്ന ഒരു കുടുംബനാഥനാണ് ഷൺമുഖം. നല്ല സുഹൃത്ത് ബന്ധങ്ങളുള്ള ഇദ്ദേഹം നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. ഷണ്മുഖത്തിന്റെ ജീവിതം ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും നർമ്മത്തിലൂടെയും അവതരിപ്പിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി ഈ ചിത്രത്തിലൂടെ.
ALSO READ: ഇത് ഫീൽ ഗുഡ് തന്നെ; L360-യുടെ ടൈറ്റിലും ഫസ്റ്റ്ലുക്കും പുറത്ത്
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. കെ ആർ സുനിലിന്റെ കഥയ്ക്ക്, തിരക്കഥ രചിച്ചത് തരുൺ മൂർത്തിയും, കെ ആർ സുനിലും ചേർന്നാണ്.
ഛായാഗ്രഹണം – ഷാജികുമാർ. എഡിറ്റിംഗ് – നിഷാദ് യൂസഫ് ഷഫീഖ്, സംഗീതം – ജയ്ക്സ് ബിജോയ്, സൗണ്ട് ഡിസൈൻ – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അവന്റിക രഞ്ജിത്, കലാ സംവിധാനം – ഗോകുൽ ദാസ്, മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യൂം ഡിസൈൻ – സമീരാ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൺ പോടുത്താസ്, പിആർഒ – വാഴൂർ ജോസ്.