Thudarum Trailer: ‘ഇത് ദൃശ്യം മോഡലോ?’; സസ്പെൻസുകളുമായി ഒടുവില്‍ ‘തുടരും’ ട്രെയിലർ എത്തി
Thudarum Movie Trailer Released: ദൃശ്യം പോലൊരു സിനിമയാണ് തുടരും എന്ന് മോഹൻലാൽ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. അത് ശെരിവെക്കും വിധമാണ് സസ്പെൻസുകൾ അടങ്ങിയ ട്രെയിലറിന്റെ വരവ്.

മലയാളി സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘തുടരും’ സിനിമയുടെ ട്രെയിലർ പുറത്ത്. വിന്റേജ് ലുക്കിൽ മോഹൻലാൽ എത്തുന്ന ട്രെയിലർ ആരാധകർക്കിടയിൽ തരംഗമാവുകയാണ്. ചിരിപ്പിച്ച് തുടങ്ങുന്ന ട്രെയിലർ അവസാന ഭാഗത്തോട് അടുക്കുന്നതോടെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് അവസാനിപ്പിക്കുന്നത്. ദൃശ്യം പോലൊരു സിനിമയാണ് തുടരും എന്ന് മോഹൻലാൽ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. അത് ശെരിവെക്കും വിധമാണ് സസ്പെൻസുകൾ അടങ്ങിയ ട്രെയിലറിന്റെ വരവ്. അംബാസഡർ കാറും ഡ്രൈവർ ഷണ്മുഖവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മോഹൻലാൽ, ശോഭന, ബിനു പപ്പു, മണിയൻപിള്ള രാജു തുടങ്ങിയവരെ ട്രെയിലർ കാണാം.
“‘അടുത്ത വീട്ടിലെ പയ്യൻ’ ഇമേജിൽ ലാലേട്ടനെ വീണ്ടും അവതരിപ്പിക്കുന്നു” എന്ന അടികുറിപ്പോടെ സംവിധായകൻ തരുൺ മൂർത്തി ചിത്രത്തിന്റെ ട്രെയിലർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, എമ്പുരാനേക്കാള്‍ മുന്‍പ് ചിത്രം റീലീസിനെത്തുമെന്നാണ് കരുത്തപ്പെട്ടിരുന്നതെങ്കിലും പിന്നീട് റീലീസ് മാറ്റിവെക്കുകയായിരുന്നു. എന്നാൽ, ചിത്രം മെയ് 1 ന് ചിത്രം എത്തുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ട്രെയിലറിനൊപ്പം റിലീസ് തീയതി പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇത് സംബന്ധിച്ച സൂചനകൾ ഒന്നും തന്നെ വന്നിട്ടില്ല. അതിനിടെ, ചിത്രത്തിന് സെൻസർ ബോർഡിൽ നിന്ന് 16 പ്ലസ് കാറ്റഗറിയിലുള്ള യു/ എ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. 2 മണിക്കൂറും 46 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഖ്യം.
‘തുടരും’ സിനിമയുടെ ട്രെയിലർ
ALSO READ: പുറം തിരിഞ്ഞുനിൽക്കുന്നത് ആമിർ ഖാൻ തന്നെയോ?; വലിയ രഹസ്യം പുറത്തുവിടാനൊരുങ്ങി പ്രൊഡക്ഷൻ ഹൗസ്
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറിന്റെ വേഷത്തിൽ മോഹൻലാൽ എത്തുന്ന ചിത്രത്തിലെ നായിക ശോഭനയാണ്. 15 വര്‍ഷത്തിന് ശേഷമാണ് ഈ കോംബോ വീണ്ടും ഒന്നിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രത്തിൻ്റെ നിർമ്മാണം. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിച്ചപ്പോൾ എഡിറ്റിങ് കൈകാര്യം ചെയ്തത് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, എന്നിവർ ചേർന്നാണ്. സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയാണ്.