Thudarum Movie: ‘തലമുറകളുടെ നായകനായ ഒരു മോഹൻലാലിനെ കാണാനാണ് ഞങ്ങൾ ക്ഷണിക്കുന്നത്’; ‘തുടരും’ സിനിമയെ കുറിച്ച് തരുൺ മൂർത്തി
Thudarum Movie Updates: തലമുറകളുടെ നായകനായിട്ടുള്ള മോഹൻലാലിനെ കാണാനും, മോഹൻലാലിനൊപ്പം ശോഭന ചേരുമ്പോൾ ഉണ്ടാകുന്ന കെമിസ്ട്രി കാണാനുമാണ് ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നതെന്ന് തരുൺ മൂർത്തി പറയുന്നു.

മോഹൻലാലിൻറെ കരിയറിലെ 360-ാമത് ചിത്രമായ ‘തുടരും’ എന്ന സിനിമയുടെ റിലീസിന് വേണ്ടി ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ സ്നീക്-പീക്ക് പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. സംവിധായകൻ തരുൺ മൂർത്തി ചിത്രത്തെ കുറിച്ച് നൽകുന്ന ചില സൂചനകളും, മറ്റ് പിന്നാമ്പുറ കാഴ്ചകളുമാണ് 1.51 മിനിറ്റ് ദൈർഖ്യമുള്ള വീഡിയോയിൽ ഉള്ളത്.
നമ്മുടെ അയൽപക്കത്തെല്ലാം കാണുന്ന ഒരു സാധാരണ ടാക്സി ഡ്രൈവറും, അയാളുടെ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളും കോർത്തിണക്കിയതാണ് ‘തുടരും’ എന്ന ചിത്രമെന്ന് തരുൺ മൂർത്തി പറയുന്നു. ഈ മുഹൂർത്തങ്ങളെല്ലാം എങ്ങനെയാണ് തുന്നികെട്ടിയിരിക്കുന്നത് എന്നറിയാൻ സിനിമ കാണണം. തലമുറകളുടെ നായകനായിട്ടുള്ള മോഹൻലാലിനെ കാണാനും, മോഹൻലാലിനൊപ്പം ശോഭന ചേരുമ്പോൾ ഉണ്ടാകുന്ന കെമിസ്ട്രി കാണാനുമാണ് ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അതിനപ്പുറം നിങ്ങൾ മെനഞ്ഞു കൂട്ടുന്ന കാര്യങ്ങൾ നിങ്ങൾക്ക് തന്നെ ബാധ്യതയായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മോഹൻലാൽ എന്ന നടനെ വെച്ച് ഞാൻ ചെയ്യുന്ന എന്റെ സിനിമ, അല്ലെങ്കിൽ ഞങ്ങളുടെ സിനിമ. അതിൽ ലാലേട്ടനെ എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ സന്തോഷം. എന്റെ വീടിന് അപ്പുറത്തോ, അയൽപക്കത്തോ ഒക്കെ കണ്ടിട്ടുള്ള ഒരു ടാക്സി ഡ്രൈവർ, അയാളുടെ കുടുംബം, അയാളുടെ ചുറ്റുമുള്ള കഥാപാത്രങ്ങൾ, കൂട്ടുകാർ, അയാളുടെ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങൾ, അയാളുടെ ജീവിതം എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒരുപാട് ചെറുപ്പക്കാർ ഉണ്ട്. അവർക്കൊക്കെ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഇതിൽ ഉണ്ടോയെന്ന് ചോദിച്ചാൽ, അവർക്കും ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഉണ്ട്. പക്ഷെ, ഇതെല്ലാം ഞങ്ങൾ എങ്ങനെയാണ് തുന്നിക്കെട്ടിയിരിക്കുന്നത് എന്നറിയാൻ റീലീസ് വരെ കാത്തിരിക്കേണ്ടി വരും.
ഈ സിനിമയിൽ നടക്കുന്ന ഒരുപാട് മൊമന്റുകളും, ഇവെന്റുകളും ഉണ്ട്. ആ ഇവന്റുകളിലൂടെ ഇന്നത്തെ ലാലേട്ടന്റെ രീതികളിൽ കടന്നു പോയിക്കഴിഞ്ഞാൽ എങ്ങനെ ഉണ്ടാകും എന്നുള്ളതാണ് ഈ സിനിമയിൽ ഞങ്ങൾ കാണിക്കാൻ ഉദ്ദേശിക്കുന്നത്. തലമുറകളുടെ നായകനായിട്ടുള്ള ഒരു മോഹൻലാലിനെ കാണാൻ, അല്ലെങ്കിൽ മോഹൻലാലിനൊപ്പം ശോഭന ചേരുമ്പോൾ ഉണ്ടാകുന്ന കെമിസ്ട്രി കാണാൻ ആണ് ഞാൻ ക്ഷണിക്കുന്നത്. അതിനപ്പുറം നിങ്ങൾ ഊഹിച്ചു കൂട്ടുന്ന, അല്ലെങ്കിൽ മെനഞ്ഞു കൂട്ടുന്ന കാര്യങ്ങൾ ഒരുപക്ഷെ നിങ്ങൾക്ക് തന്നെ ബാധ്യതയായേക്കും. ഒരാളുടെ ജീവിതം തുടരുമെന്ന് പറഞ്ഞു നിർത്തുന്ന പോലൊരു പേരാണ്. തുടരുമിലെ തുന്നിക്കെട്ട് എന്താണെന്ന് സിനിമ തന്നെ പറയട്ടെ. അത് അങ്ങനെ തന്നെ ഇരിക്കട്ടെ.” തരുൺ മൂർത്തി പറഞ്ഞു.
15 വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ‘തുടരും’. ‘ഷൺമുഖം’ എന്നൊരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിന്റെ കഥപറയുന്ന ഈ ചിത്രം നിർമിക്കുന്നത് രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ്. മോഹൻലാൽ, ശോഭന എന്നിവർക്ക് പുറമെ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കെ ആർ സുനിലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് തരുൺ മൂർത്തിയും, കെ ആർ സുനിലും ചേർന്നാണ്. ഷാജികുമാറാണ് ഛായാഗ്രഹണം.