Empuraan Pre-Booking Collection: ‘പുഷ്പയെന്ന വന്മരവും വീണു’; റെക്കോർഡുകൾ തകർത്ത് ‘എമ്പുരാൻ’; അഡ്വാൻസ് ബുക്കിംഗിന്റെ ആദ്യ ദിന കളക്ഷൻ പുറത്ത്
Empuraan First Day Advance Booking Collection: ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റായ ബുക്ക് മൈ ഷോയിൽ ആദ്യ ഒരു മണിക്കൂറിൽ ഏറ്റവുമധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യൻ ചിത്രമായി എമ്പുരാൻ മാറിക്കഴിഞ്ഞു.

റിലീസിന് മുമ്പ് തന്നെ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ‘എമ്പുരാൻ’. അഡ്വാൻസ് ബുക്കിങ് ആരംഭിച്ച ആദ്യ ദിനം തന്നെ ചിത്രം നേടിയത് റെക്കോർഡ് കളക്ഷനാണ്. കൂടാതെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റായ ബുക്ക് മൈ ഷോയിൽ ആദ്യ ഒരു മണിക്കൂറിൽ ഏറ്റവുമധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യൻ ചിത്രമായി എമ്പുരാൻ മാറിക്കഴിഞ്ഞു. ഇന്നാണ് (മാർച്ച് 21) ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. മാർച്ച് 27ന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’ പ്രീമിയറിനു മുമ്പുതന്നെ വലിയൊരു നാഴികക്കല്ല് പിന്നിട്ട് കഴിഞ്ഞു. ആദ്യ ഒരുമണിക്കൂറില്‍ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റുപോയത്. ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്ര റെക്കോർഡാണിത്. ഒരു മണിക്കൂറിൽ വിറ്റുപോയത് 96,140 ടിക്കറ്റുകളാണ്. പുഷ്പ 2, ലിയോ തുടങ്ങിയ ചിത്രങ്ങൾ കൈവശം വെച്ചിരുന്ന റെക്കോർഡുകൾ മറികടന്നാണ് എമ്പുരാൻറെ മുന്നേറ്റം. ലിയോ ആദ്യ മണിക്കൂറിൽ 82,000 ടിക്കറ്റുകൾ വിറ്റപ്പോൾ, പുഷ്പ 2വിന്റെ 80,000 ടിക്കറ്റുകളായിരുന്നു വിറ്റു പോയിരുന്നത്.
ഇൻഡസ്ടറി ട്രാക്കിങ് വെബ്‌സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ആദ്യ ദിവസത്തെ പ്രീ-സെയിലിൽ ‘എമ്പുരാൻ’ ഇതുവരെ നേടിയത് 10 കോടി രൂപയാണ്. കേരളത്തിൽ ഇത്രയും വലിയ അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രമാണ് എമ്പുരാൻ. തമിഴ് ചിത്രം ലിയോ ആണ് ആദ്യ സ്ഥാനത്ത്. 12 കോടി രൂപയായിരുന്നു ലിയോ കേരളത്തിൽ നിന്ന് മാത്രം നേടിയ അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ.
സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ആദ്യ ദിനം ആഗോള കലക്ഷനിൽ ചിത്രം നേടിയത് 12 കോടി രൂപയാണ്. റിലീസിന് ഇനി ആറ് ദിവസം കൂടി ബാക്കിയുണ്ട്. നോർത്ത് ഇന്ത്യയിലും ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിവസം തന്നെ ചിത്രം ആഗോളതലത്തിൽ ഏകദേശം 40-50 കോടി രൂപ കളക്ഷൻ നേടാൻ സാധ്യതയുണ്ടെന്നാണ് സാക്നിൽക്കിന്റെ വിലയിരുത്തൽ.
ALSO READ: ക്ലൈമാക്സ് കഴിഞ്ഞ ഉടനെ ഇറങ്ങി പോകരുത്; എമ്പുരാന് ടെയിൽ എൻഡ് ഉണ്ട്: പൃഥ്വിരാജ്
അതേസമയം, മാർച്ച് 20ന് പുറത്തിറങ്ങിയ എമ്പുരാന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ ട്രെയിലർ വന്നതിന് പിന്നാലെ അതിൽ ഒളിച്ചിരിക്കുന്ന ഓരോ കഥാപാത്രങ്ങളും ആരെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ആരാധകർ. പൃഥ്വിരാജ് സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന് പുറമെ മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, സാനിയ അയ്യപ്പൻ, ശിവദ, അനീഷ് മേനോൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ദീപക് ദേവാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണവും, അഖിലേഷ് മോഹൻ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു.