Mohanlal: ‘ഈ ദിവസമെങ്കിലും മറക്കാതിരിക്കാൻ…’; വല്ലാതെ സങ്കടപ്പെടുത്തിയ സുചിത്രയുടെ ആ വാക്കുകളെ കുറിച്ച് മോഹൻലാൽ
Mohanlal About He Forgot the Wedding Anniversary: മോഹൻലാൽ ഒരിക്കൽ തന്റെ വിവാഹവാർഷികം മറന്നതിനെ കുറിച്ചും അന്ന് സുചിത്ര നൽകിയ സമ്മാനത്തെ കുറിച്ചുമാണ് അഭിമുഖത്തിൽ പറയുന്നത്.

മലയാളികൾ പലപ്പോഴും മാതൃകാ ദമ്പതികള്‍ എന്ന് വിശേഷിപ്പിക്കുന്ന ദമ്പതികളാണ് മോഹൻലാലും സുചിത്രയും. ഇവർ ഇരുവരും തമ്മിലുള്ള സ്നേഹവും പിന്തുണയുമെല്ലാം ആരാധകർ കണ്ടിട്ടുള്ളതാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവരുടെ വിവാഹ വാർഷികത്തിന് മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പ് പങ്കുവയ്ക്കാറുണ്ട്. ആരാധകരും ഇവർക്ക് ആശംസകൾ നൽകി രംഗത്തെത്താറുണ്ട്. ഈ തിരക്കുകൾക്കിടയിലും മോഹൻലാൽ എങ്ങനെയാണ് വിവാഹവാർഷികം ഓർത്തുവയ്ക്കുന്നെതെന്ന് പലർക്കും അത്ഭുതം തോന്നാറുണ്ട്. ഇതിനുള്ള ഉത്തരം മോഹൻലാൽ മുൻപ് ഒരു അഭിമുഖത്തിൽ നൽകിയിരിന്നു. വർഷങ്ങൾക്ക് മുൻപ് ജെബി ജംക്ഷന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
മോഹൻലാൽ ഒരിക്കൽ തന്റെ വിവാഹവാർഷികം മറന്നതിനെ കുറിച്ചും അന്ന് സുചിത്ര നൽകിയ സമ്മാനത്തെ കുറിച്ചുമാണ് അഭിമുഖത്തിൽ പറയുന്നത്. അന്ന് സുചിത്ര നൽകിയ ഒരു കുറിപ്പിലെ വാക്കുകൾ തന്നെ വല്ലാതെ വേദനിപ്പിച്ചതായും താരം തുറന്നു പറഞ്ഞിരുന്നു. ആ വാക്കുക്കൾ അത്രത്തോളം മനസിൽ ആഴമായി പതിഞ്ഞത് കൊണ്ടാണ് പിന്നീടൊരിക്കലും മോഹൻലാൽ തിരക്കുകൾക്കിടയിൽ ആണെങ്കിൽ പോലും വിവാഹ വാർഷികം മറക്കാതിരിക്കുന്നത്.
“ഒരു ദിവസം ഞാന്‍ ദുബായിലേക്ക് പോകുകയാണ്. എന്നെ കാറിൽ എയര്‍പോര്‍ട്ടില്‍ വിട്ടതിന് ശേഷം സുചിത്ര തിരിച്ചുപോയി. ഞാന്‍ അകത്ത് കയറി, ലോഞ്ചില്‍ ഇരിക്കുന്ന സമയത്ത് എനിക്കൊരു കോള്‍ വന്നു. അത് സുചിത്ര ആയിരുന്നു. ഞാന്‍ നിങ്ങളുടെ ബാഗില്‍ ഒരു സാധനം വച്ചിട്ടുണ്ട്. അതെടുത്ത് നോക്കൂ എന്ന് പറഞ്ഞു. എന്താണ് എന്ന് ചോദിച്ചപ്പോള്‍, നോക്കൂ എന്ന് പറഞ്ഞ് കോള്‍ കട്ട് ചെയ്തു.
എന്റെ കൈയ്യിലുണ്ടായിരുന്ന ബാഗ് ഞാന്‍ തുറന്ന് നോക്കി. അതിലൊരു ഗിഫ്റ്റ് ഉണ്ടായിരുന്നു. അത് തുറന്ന് നോക്കിയപ്പോള്‍ ഒരു മോതിരവും കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. ‘ഈ ദിവസമെങ്കിലും മറക്കാതിരിക്കാൻ, ഇന്ന് നമ്മുടെ വെഡ്ഡിങ് ആനിവേഴ്‌സറിയാണ്’ എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഇത്തരം ചെറിയ ചെറിയ പ്രധാനം എന്ന് എനിക്ക് മനസിലായി. അതിനു ശേഷം ഏപ്രിൽ 28 എന്ന ആ ദിവസം ഞാൻ മറന്നിട്ടില്ല” എന്നാണ് മോഹൻലാൽ പറഞ്ഞത്.
1988 ഏപ്രില്‍ 28ന് തന്റെ 28ാം വയസിലാണ് മോഹൻലാൽ സുചിത്രയെ വിവാഹം കഴിക്കുന്നത്. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. സിനിമാ നിർമ്മാതാവായിരുന്ന കെ ബാലാജിയുടെ മകളാണ് സുചിത്ര. സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജിയും നിർമ്മാതാവാണ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വന്ന സുചിത്രയ്ക്ക് മോഹൻലാലിനോടുള്ള പ്രണയമായിരുന്നു ഇവരുടെ വിവാഹത്തിലേക്ക് എത്തിച്ചത്. 36 വർഷമായി ഇരുവരും സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം നയിച്ചുവരികയാണ്.