Thudarum Allegations: ‘തുടരും’ തൻ്റെ കഥ മോഷ്ടിച്ച സിനിമ, 25 വർഷം മുൻപ് എഴുതിയതെന്ന് സംവിധായകൻ
Thudarum Movie Faces Plagiarism Allegations: 'തുടരും' സിനിമയുടെ കഥയും കഥാസന്ദർഭവും 2000ത്തിൽ താനെഴുതിയ രാമൻ എന്ന കഥയുടേതാണെന്നാണ് ആരോപണം. തന്റെ കയ്യിൽ അതിന്റെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും നന്ദ കുമാർ പറയുന്നു.

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ സിനിമയ്ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ നന്ദ കുമാർ എപി രംഗത്ത്. അജു വർഗീസ് നായകനായെത്തിയ ‘ബ്ലാസ്റ്റേഴ്സ്’ എന്ന ചിത്രത്തിൻറെ സംവിധായകനാണ് നന്ദ കുമാർ. ‘തുടരും’ സിനിമയുടെ കഥയും കഥാസന്ദർഭവും 2000ത്തിൽ താനെഴുതിയ രാമൻ എന്ന കഥയുടേതാണെന്നാണ് ആരോപണം. തന്റെ കയ്യിൽ അതിന്റെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും നന്ദ കുമാർ പറയുന്നു.
സിനിമയുടെ കഥാകൃത്ത് 12 കൊല്ലം മുൻപ് പൊലീസ് സ്റ്റേഷനിൽ നിൽക്കുന്ന ഒരാളെ കണ്ട് എഴുതി തുടങ്ങിയ കഥയെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, താൻ അതിലും എത്രയോ വർഷങ്ങൾക്ക് മുൻപ് മുതൽ ഈ കഥ എഴുതി തുടങ്ങിയെന്നും നന്ദ കുമാർ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. കഴിഞ്ഞ 25 വർഷമായി തന്റെ മനസ്സിൽ കിടന്നു നീറി എരിഞ്ഞ, താൻ സൃഷ്ടിച്ച കഥയും കഥാപാത്രങ്ങളും ആണ് അവർ കൊണ്ട് പോയത്. അതങ്ങനെ വിട്ടുകൊടുക്കാൻ കഴിയില്ലെന്നും ഇത് സംബന്ധിച്ച് ചിത്രത്തിന്റെ നിർമാതാവിനും സംവിധായകനും എഴുത്തുകാരൻ കെ ആർ സുനിലിനും മോഹൻലാലിനും വക്കീൽ നോട്ടീസ് അയക്കുമെന്നും നന്ദ കുമാർ കുറിച്ചു.
2016 കാലഘട്ടത്തിൽ തനിക്ക് ഒപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച സ്റ്റെബിൻ എന്ന പയ്യൻ ‘തുടരും’ സിനിമയിൽ ഒരു പാട്ട് സീനിൽ ഉണ്ടെന്നും അതോടെയാണ് തന്റെ സംശയം ഇരട്ടിയായതെന്നും നന്ദ കുമാർ പറയുന്നു. ‘തുടരും’ സിനിമയിലെ ആദ്യത്തെ കുറച്ച് ലാഗ് സീനുകൾ കഴിഞ്ഞ് യഥാർത്ഥ കഥയിലേക്ക് കടക്കുന്ന സമയം മുതൽ തന്റെ കഥയാണ് സിനിമയിൽ വരുന്നത്. താൻ എഴുതിയ രാമേട്ടൻ എന്ന കഥാപാത്രം ആണ് ഷണ്മുഖൻ ആയി മാറിയതെന്നും സംവിധായകൻ ആരോപിക്കുന്നു.
താൻ എഴുതിയ കഥയെ കുറിച്ച് ആരെല്ലാമായി സംസാരിച്ചു, ആർക്കൊക്കെ കഥ അയച്ചു നൽകി, എപ്പോൾ നൽകി എന്നതെല്ലാം സംബന്ധിച്ച എല്ലാ തെളിവുകളും തന്റെ കൈവശം ഉണ്ട്. മോഷണം നടത്തിയ ആൾക്കും മോഷ്ടിക്കാൻ പ്രേരിപ്പിച്ച ആളുകൾക്കും എന്തായാലും കഥയുടെ ഉത്ഭവം അറിയാം എന്ന് വിശ്വസിക്കുന്നുവെന്നും നന്ദ കുമാർ കുറിച്ചു.