Mohanlal: ‘ഒന്നിച്ച് വീണ്ടുമൊരു സിനിമ എന്ന സ്വപ്നം ബാക്കിവെച്ചിട്ടാണ് പ്രിയപ്പെട്ട ഷാജി സർ മടങ്ങിയത്’; അനുശോചിച്ച് മോഹൻലാൽ
Mohanlal Remembers Shaji N Karun: തന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ സംവിധായകനാണ് അദ്ദേഹമെന്ന് മോഹൻലാൽ ഓർമിച്ചു. ഒന്നിച്ച് വീണ്ടുമൊരു സിനിമ എന്ന സ്വപ്നം ബാക്കിവെച്ചിട്ടാണ് പ്രിയപ്പെട്ട ഷാജി സർ മടങ്ങിയതെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു.

അന്തരിച്ച പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. തന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ സംവിധായകനാണ് അദ്ദേഹമെന്ന് മോഹൻലാൽ ഓർമിച്ചു. ഒന്നിച്ച് വീണ്ടുമൊരു സിനിമ എന്ന സ്വപ്നം ബാക്കിവെച്ചിട്ടാണ് പ്രിയപ്പെട്ട ഷാജി സർ മടങ്ങിയതെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു. കാനിലെ റെഡ് കാർപ്പറ്റിൽ അദ്ദേഹത്തോടൊപ്പം നടക്കുന്നത് ഇന്നലെയെന്നോണം ഓർക്കുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
മലയാള സിനിമയെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച, ഓരോ മലയാളിയും അഭിമാനത്തോടെ ചേർത്തുപിടിച്ച, ഷാജി എൻ കരുൺ സർ നമ്മെ വിട്ടുപിരിഞ്ഞുവെന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാലിൻറെ കുറിപ്പ് ആരംഭിക്കുന്നത്. ‘നേരം പുലരുമ്പോൾ’, പഞ്ചാഗ്നി, ‘ഒന്നുമുതൽ പൂജ്യം വരെ’ എന്നീ മൂന്ന് സിനിമകളിലും തന്റെ റോളുകൾ ദൈർഘ്യം കൊണ്ട് ചെറുതാണെങ്കിലും പ്രാധാന്യം കൊണ്ട് നിറഞ്ഞു നിൽക്കുന്നതായിരുന്നുവെന്ന് നടൻ പറയുന്നു. ഈ മൂന്ന് ചിത്രങ്ങളുടേയും ഛായാഗ്രാഹകൻ, താൻ ഏറെ ബഹുമാനിക്കുന്ന, പിൽക്കാലത്ത് തന്റെ അഭിനയജീവിതത്തിൽ തന്നെ വഴിത്തിരിവുണ്ടാക്കിയ ഷാജി എൻ കരുൺ സർ ആയിരുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ക്യാമറകൊണ്ട് കവിത രചിക്കുക എന്നൊക്കെ ആലങ്കാരികമായി പറയുന്നത് അക്ഷരാർത്ഥത്തിൽ നമുക്ക് അനുഭവവേദ്യമാക്കി തന്ന ചലച്ചിത്രകാരനാണ് അദ്ദേഹമെന്നും മോഹൻലാൽ കുറിക്കുന്നു. വാനപ്രസ്ഥത്തിൻ്റെ കാലത്താണ് ഷാജി സർ എന്ന സംവിധായകനോടൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം ഉണ്ടായത്. തന്നെ സംബന്ധിച്ചിടത്തോളം അതിന് മുമ്പും പിൻപും എന്നൊരു വഴിത്തിരുവുണ്ടാക്കിയ സിനിമ. കാനിലെ റെഡ് കാർപ്പറ്റിൽ അദ്ദേഹത്തോടൊപ്പം നടക്കുന്നത് ഇന്നലെയെന്നോണം താനോർക്കുന്നു. ഒന്നിച്ച് വീണ്ടുമൊരു സിനിമ എന്ന സ്വപ്നം ബാക്കിവെച്ചിട്ടാണ് പ്രിയപ്പെട്ട ഷാജി സർ മടങ്ങിയത്. ആ ഓർമ്മകൾക്ക് മുന്നിൽ കണ്ണീർ പ്രണാമം എന്നും മോഹൻലാൽ കുറിച്ചു.
ALSO READ: ഷാജി എൻ കരുണിൻ്റെ സംസ്കാരം ഇന്ന്; കലാഭവനിൽ പൊതുദർശനം
മോഹൻലാലിൻറെ ഫേസ്ബുക്ക് പോസ്റ്റ്:
തിങ്കളാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു ഷാജി എൻ കരുണിന്റെ (73) അന്ത്യം. തിരുവനന്തപുരത്തെ വസതിയായ ‘പിറവി’യിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് ശാന്തി കവാടത്തിൽ വച്ച് നടക്കും. ഭൗതിക ശരീരം രാവിലെ 10.30 മുതൽ 12.30 വരെ കലാഭവനിൽ പൊതുദർശനത്തിന് വെക്കും.