L2 Empuraan: എംമ്പുരാൻ ആവേശത്തിൽ അമേരിക്കയും; മുന്നൂറോളം സ്ക്രീനുകളിൽ പ്രദർശനം, മിക്ക സ്ഥലത്തും ഹൗസ്ഫുൾ
L2 Empuraan Releases Today: ചിത്രത്തിൻ്റെ ആദ്യ ഷോ കാണാൻ മോഹൻലാലും താരങ്ങളും കൊച്ചിയിലെത്തും. ഇതിൻ്റെ ഭാഗമായി വൻ സുരക്ഷയാണ് പോലീസ് സജ്ജമാക്കിയിരിക്കുന്നത്. റിലീസുമായി ബന്ധപ്പെട്ട് തിയറ്ററുകളിലെ തിക്കും തിരക്കും ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം. റിലീസ് കേന്ദ്രങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിക്കും.

വാഷിംഗ്ടൺ: ചെകുത്താൻ്റെ പടയുടെ വിളയാട്ടം ഇങ്ങ് കേരളത്തിൽ മാത്രമല്ല, അങ്ങ് അമേരിക്കയിലും ഉണ്ട്. എമ്പുരാൻ റിലീസിന് ഒരുങ്ങി അമേരിക്കയും. പൃഥ്വിരാജ് മോഹൻലാൽ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ റിലീസ് ചെയ്യുന്നതിൻ്റെ ആവേശത്തിലാണ് അമേരിക്കൻ മലയാളികൾ. ഏകദേശം മുന്നൂറോളം സ്‌ക്രീനുകളിലാണ് എമ്പുരാൻ പ്രദർശനത്തിന് എത്തുന്നത്. ഏറെ കാലത്തെ സിനിമാ പ്രേമികളുടെ കാത്തിരിപ്പിനാണ് ഇന്ന് അവസാനമാകുന്നത്. നിരവധി സസ്പെൻസുകൾ ഒളിഞ്ഞിരിക്കുന്ന എമ്പുരാൻ്റെ ആദ്യ ഷോ കാണാൻ വലിയ തിരക്കാണ്.
ഷിക്കാഗോ, ന്യൂയോർക്ക്, ഡാലസ്, തുടങ്ങി പ്രധാന നഗരങ്ങളിൽ ആദ്യ ദിവസം എല്ലാ തിയേറ്ററുകളിലും ഹൌസ് ഫുൾ ആണെന്നാണ് വിവരം. എമ്പുരാൻ എന്നെഴുതിയ കറുത്ത ടി ഷർട്ടുകൾ ധരിച്ചാണ് മിക്കവരും പ്രദർശനത്തിന് എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. മലയാളി റെസ്റ്റോറന്റുകളിലും എമ്പുരാൻ റിലീസ് പ്രമാണിച്ച് ആരാധകർക്കായി പ്രത്യേക വിഭവങ്ങൾ വരെ ഒരുങ്ങിയിട്ടുണ്ട്. അതേസമയം ഇന്ന് കേരളത്തിൽ മാത്രം 750 സ്ക്രീനുകളിലാണ് എമ്പുരാൻ പ്രദർശനത്തിന് എത്തുന്നത്.
ചിത്രത്തിൻ്റെ ആദ്യ ഷോ കാണാൻ മോഹൻലാലും താരങ്ങളും കൊച്ചിയിലെത്തും. ഇതിൻ്റെ ഭാഗമായി വൻ സുരക്ഷയാണ് പോലീസ് സജ്ജമാക്കിയിരിക്കുന്നത്. റിലീസുമായി ബന്ധപ്പെട്ട് തിയറ്ററുകളിലെ തിക്കും തിരക്കും ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം. റിലീസ് കേന്ദ്രങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിക്കും. തിരുവനന്തപുരം നഗരത്തിലെ തിയറ്ററുകളിൽ മാത്രം 150ഓളം പോലീസിനെ വിന്യസിപ്പിക്കാൻ സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.
ചിത്രം റീലീസിന് എത്തുന്ന ആദ്യദിനം തന്നെ ടിക്കറ്റ് വില്പന പൊടിപൊടിച്ചു. നിരവധി തീയേറ്ററുകളിലും അധിക പ്രദർശനവും ഒരുങ്ങുന്നുണ്ട്. മലയാളത്തിലെ ഇന്നേവരെ ആരുംകാണാത്ത ഏറ്റവും ചിലവേറിയ ചിത്രമായ ‘എമ്പുരാൻ’ അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം നേടിയത് 50 കൊടിയാണ്. മലയാള സിനിമ ചരിത്രത്തിലെ ആദ്യ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ് എമ്പുരാൻ. മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്.