Mohanlal: ‘സിനിമയെക്കാളും മകൾക്ക് താല്പര്യം കായികരംഗത്തോട്; ഇപ്പോൾ തായ്‌ലൻഡിൽ മാർഷ്യൽ ആർട്ട്സ് പഠിക്കുന്നു’; മോഹൻലാൽ
Mohanlal About His Daughter Vismaya: മകൾക്ക് കായിക രംഗത്തോടുള്ള താൽപര്യത്തെ കുറിച്ചും, മകൻ പ്രണവിന്റെ സാഹിത്യത്തോടും സംഗീതത്തോടുമുള്ള അഭിനിവേശത്തെ കുറിച്ചും മോഹൻലാൽ പറഞ്ഞു.

മക്കളുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് മനസ് തുറന്ന് നടൻ മോഹൻലാൽ. മന്ത്രി സജി ചെറിയാനുമൊത്തുള്ള അഭിമുഖത്തിനിടെ ആണ് മക്കളുടെ താല്‍പര്യങ്ങളെയും ഇഷ്ടങ്ങളെയും കുറിച്ച് മോഹൻലാൽ സംസാരിച്ചത്. മകൾക്ക് കായിക രംഗത്തോടുള്ള താൽപര്യത്തെ കുറിച്ചും, മകൻ പ്രണവിന് സാഹിത്യത്തോടും സംഗീതത്തോടുമുള്ള അഭിനിവേശത്തെ കുറിച്ചും മോഹൻലാൽ പറഞ്ഞു. ഔദ്യോഗിക ഫേസ്ബുക് പേജ് വഴി മന്ത്രി സജി ചെറിയാൻ ആണ് ഈ വീഡിയോ പങ്കുവെച്ചത്.
“മകൾ ഇപ്പോൾ തായ്‌ലൻഡിൽ ആണ്. സ്പോർട്സിനോടാണ് അവർക്ക് കൂടുതൽ താല്പര്യം. മോയി തായി എന്നൊരു മാര്‍ഷ്യല്‍ ആര്‍ട്ട് പഠിക്കുകയാണ്. അതുപോലെ, വളരെ ചുരുക്കം സിനിമകളിൽ മാത്രമേ മകൻ അഭിനയിച്ചിട്ടുള്ളൂ. ഇപ്പോൾ പുതിയൊരു സിനിമയിൽ അഭിനയിക്കാൻ തയ്യാറെടുക്കുകയാണ്. അയാൾ ഒരുപാടു ട്രാവൽ ചെയ്യാൻ ഇഷ്ടെപ്പടുന്ന ആളാണ്. സംഗീതത്തോടും സാഹിത്യത്തോടുമാണ് കൂടുതൽ താല്പര്യം. സിനിമ അഭിനയത്തെക്കാളും മക്കൾക്ക് കൂടുതൽ ഇഷ്ടം സംഗീതവും സാഹിത്യവും കവിതയുമെല്ലാമാണ്. മദ്രാസിലാണ് താമസിക്കുന്നത്. എന്നാൽ കേരളത്തിലും ഉണ്ടാകാറുണ്ട്. കൂടാതെ, ദുബായിലും ഞങ്ങൾ ഒന്നിച്ച് താമസിക്കാറുണ്ട്.” മോഹൻലാൽ പറഞ്ഞു.
സജി ചെറിയാൻ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ:
ALSO READ: ഇനി പ്രൊമോഷന് ഒന്നും സമയമില്ല; തുടരും എമ്പുരാന് ശേഷമേ തിയറ്ററുകളിൽ എത്തൂ
ചെങ്ങന്നൂരിൽ വെച്ച് നടക്കുന്ന കുടുംബശ്രീയുടെ സരസ് മേളയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മോഹന്‍ലാലും മന്ത്രി സജി ചെറിയാനും. അവിടെ വെച്ചാണ് ഈ അഭിമുഖ സംഭാഷണം നടന്നത്. മോഹന്‍ലാലിന്റെ കരിയറും ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു സംഭാഷണം.
അതേസമയം, ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പ്രമോഷൻ പരിപാടികളിൽ ഒന്നും തന്നെ നടൻ പങ്കുടുത്തിരുന്നില്ല. പ്രണവ് യാത്രയിൽ ആണെന്നായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവത്തകർ അറിയിച്ചത്. ഇപ്പോൾ മോഹൻലാൽ തന്നെ പ്രണവിന്റെ പുതിയ സിനിമയുടെ അപ്‌ഡേറ്റ് നൽകിയതിന്റെ ആവേശത്തിലാണ് ആരാധകർ.
ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരക്കാര്‍, ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം, ബറോസ് എന്നീ ചിത്രങ്ങളിലാണ് പ്രണവ് കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയത്. അടുത്തത് രാഹുല്‍ സദാശിവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലായിരിക്കും പ്രണവ് എത്തുക എന്നാണ് സൂചന.