Mammootty- Mohanlal: ‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’; ശബരിമലയിലും ഇച്ചാക്കയെ ഓർത്ത് മോഹൻലാൽ: വഴിപാട് സ്ലിപ്പ് വൈറൽ
Mohanlal Made Offering For Mammootty: ശബരിമലയിൽ മമ്മൂട്ടിയ്ക്കായി വഴിപാട് നടത്തി മോഹൻലാൽ. മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തിയതിൻ്റെ സ്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

എമ്പുരാൻ റിലീസിന് മുൻപ് ശബരിമല ദർശനം നടത്തിയ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി. മമ്മൂട്ടിയുടെ പേരിലുള്ള വഴിപാടിന് ‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’ എന്ന പേരിൽ മോഹൻലാലിന് ലഭിച്ച സ്ലിപ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ ശബരിമലയിൽ വഴിപാട് നടത്തി. മമ്മൂട്ടി ആശുപത്രിയിൽ അഡ്മിറ്റാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് മോഹൻലാൽ ശബരിമലയിൽ വഴിപാട് നടത്തിയത്. ഈ മാസം 18ന് വൈകുന്നേരത്തോടെയാണ് മോഹൻലാൽ ശബരിമല ദർശനത്തിനെത്തിയത്.
എമ്പുരാൻ തീയറ്ററിൽ റിലീസ് ചെയ്യാൻ 10 ദിവസമാണ് ബാക്കിയുള്ളത്. ഇതിനിടെയാണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയത്. സുഹൃത്തുക്കൾക്കൊപ്പം ദർശനം നടത്തുന്ന അദ്ദേഹത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പമ്പയിൽ എത്തി ഇവിടെനിന്ന് കെട്ടുനിറച്ചാണ് കെട്ടുനിറച്ചാണ് അദ്ദേഹം മലകയറിയത്. മോഹൻലാലിനെ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ചു.
മമ്മൂട്ടിയ്ക്ക് വൻകുടലിൽ അർബുദത്തിൻ്റെ പ്രാഥമിക ലക്ഷണമാണെന്നാണ് റിപ്പോർട്ട്. ദീപികയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. താരത്തെ പ്രോട്ടോൺ തെറാപ്പിക്കായി ഈ മാസം 19ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അഞ്ച് ദിവസത്തെ ചികിത്സയാണ് മമ്മൂട്ടിയ്ക്ക് നടത്തുക. ഈ ആഴ്ച തന്നെ അദ്ദേഹം ചികിത്സയ്ക്ക് വിധേയനാവുമെന്നും ദീപികയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വളരെ നേരത്തെ തന്നെ രോഗനിർണ്ണയം നടത്താൻ കഴിഞ്ഞതിനാൽ പ്രാഥമിക ചികിത്സ കൊണ്ട് തന്നെ മമ്മൂട്ടിയ്ക്ക് പൂർണ ആരോഗ്യം വീണ്ടെടുക്കാനാവും എന്നാണ് റിപ്പോർട്ടിലുള്ളത്. ചെന്നൈയിലെ വസതിയിലാണ് മമ്മൂട്ടി ഉള്ളതെന്നും ഇവിടെ നിന്ന് ആശുപത്രിയിലേക്ക് ദിവസവും പോയിവരാവുന്ന രീതിയിലാണ് ചികിത്സ ക്രമീകരിച്ചിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.




ലൂസിഫർ സിനിമാപരമ്പരയിലെ രണ്ടാമത്തെ സിനിമയായാണ് എമ്പുരാൻ പുറത്തിറങ്ങുക ഈ മാസം 27ന് സിനിമ തീയറ്ററുകളിലെത്തും. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ടൊവിനോ തോമസ്, മഞ്ജു വാര്യർ, അഭിമന്യു സിംഗ്, ജെറോം ഫ്ലിൻ, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ അഭിനയിക്കുന്നുണ്ട്. സുജിത് വാസുദേവ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ അഖിലേഷ് മോഹൻ എഡിറ്റും ദീപക് ദേവ് സംഗീതസംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നു.