Barroz Movie Controversies And Struggles : കഥയും തിരക്കഥയും അഭിനേതാക്കളും മാറി, റിലീസ് ഡേറ്റ് പലതവണ മാറി; ബറോസ് നേരിട്ട വെല്ലുവിളികൾ
Barroz Releases After Much Struggle and Controversy : മോഹൻലാലിൻ്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് ഒരുപാട് പ്രതിസന്ധികൾക്കും വിവാദങ്ങൾക്കും ശേഷമാണ് തീയറ്ററുകളിലെത്തുന്നത്. ഈ മാസം 25ന് റിലീസാവുന്ന ചിത്രം 2019ൽ പ്രഖ്യാപിച്ചത് മുതൽ പല തിരിച്ചടികളും നേരിട്ടു.
ഈ മാസം 25നാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് (Barroz) തീയറ്ററുകളിലെത്തുക. 100 കോടി രൂപ മുതൽമുടക്കിലൊരുങ്ങുന്ന ചിത്രം ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താണ് റിലീസാവുക. കഥയും തിരക്കഥയും അഭിനേതാക്കളും മാറിയ സിനിമ റിലീസ് ഡേറ്റ് പലതവണയാണ് മാറ്റിവച്ചത്. തിരക്കഥാകൃത്ത് ജിജോ പുന്നൂസ്, ക്യാമറമാൻ കെയു മോഹനൻ എന്നിവർ ചിത്രത്തിൽ നിന്ന് പിന്മാറി. പിന്നാലെ, ബറോസിൻ്റെ കഥ അടിച്ചുമാറ്റലാണെന്ന ആരോപണവുമുയർന്നു. ഇതൊക്കെ തരണം ചെയ്താണ് ചിത്രം 25ന് എത്തുന്നത്.
ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത് ചരിത്രത്തിൽ ഇടം നേടിയ ജിജോ പുന്നൂസ് സംവിധാനം ചെയ്താനിരുന്ന ചിത്രമാണ് ബറോസ്. പിന്നീട് അത് മോഹൻലാൽ ഏറ്റെടുക്കുകയായിരുന്നു. ജിജോ പുന്നൂസിൻ്റെ ബറോസ്; ഗാർഡിയൻ ഓഫ് ഡിഗാമാസ് ട്രെഷർ എന്ന നോവലിനെ അധികരിച്ചാണ് സിനിമയൊരുങ്ങുന്നത്. ഗോവയിലും വിദേശത്തുമായി വിദേശ താരങ്ങളെ ഉൾപ്പെടുത്തി സിനിമയൊരുക്കാനായിരുന്നു മോഹൻലാലിൻ്റെ ശ്രമം. ജിജോ പുന്നൂസ് ഒന്നര വർഷമെടുത്താണ് തിരക്കഥ പൂർത്തിയാക്കിയത്. മോഹൻലാലിൻ്റെയും നിർമ്മാതാവായ ആൻ്റണി പെരുമ്പാവൂരിൻ്റെയും നിർദ്ദേശപ്രകാരം 22 തവണയാണ് പുന്നൂസ് തിരക്കഥ പൊളിച്ചെഴുതിയത്. പിന്നാലെ പുന്നൂസ് തന്നെ സിനിമ സംവിധാനം ചെയ്യുന്നില്ലെന്നറിയിക്കുകയും മോഹൻലാൽ സംവിധാനക്കുപ്പായം അണിയുകയും ചെയ്തു. ഇതിന് ശേഷം ജിജോ പുന്നൂസ് കാര്യമായി സിനിമയിൽ സഹകരിച്ചിട്ടില്ല. തൻ്റെ യഥാർത്ഥ കഥയിൽ മാറ്റം വരുത്തിയതിനാലാണ് താൻ ഒഴിഞ്ഞതെന്ന് ജിജോ പുന്നൂസ് പിന്നീട് കുറിച്ചിരുന്നു.
Also Read : Barroz Movie Budget : ഏറ്റവും ചിലവേറിയ മലയാളം സിനിമ; മോഹൻലാലിൻ്റെ ആദ്യ സംവിധാനം; ബറോസ് രക്ഷപ്പെടുമോ?
2019 മുതലാണ് സിനിമയുടെ പ്രവർത്തനങ്ങൾ കാര്യമായി ആരംഭിക്കുന്നത്. 2020 ജനുവരിയിൽ പ്രീപൊഡക്ഷൻ വർക്കുകൾ തീർത്ത് ജൂണിൽ ചിത്രീകരണം ആരംഭിക്കാമെന്നായിരുന്നു തീരുമാനം. എന്നാൽ, കൊവിഡ് ലോക്ക്ഡൗൺ കാര്യങ്ങളെല്ലാം അവതാളത്തിലാക്കി. വിദേശതാരങ്ങൾക്കൊപ്പം പൃഥ്വിരാജ്, പ്രതാപ് പോത്തൻ തുടങ്ങിയവർ സിനിമയിലുണ്ടായിരുന്നു. ലോക്ക്ഡൗൺ ആയതോടെ ഈ പ്ലാനുകൾ പൊളിയുകയും പല അഭിനേതാക്കളും പിന്മാറുകയും ചെയ്തു. ആദ്യ ലോക്ക്ഡൗൺ അവസാനിച്ചതോടെ 2021ൽ സിനിമ ചിത്രീകരണം ആരംഭിച്ചു. ചില പുതിയ അഭിനേതാക്കളും ചിത്രത്തിലുണ്ടായിരുന്നു. ഇതിനിടെയാണ് രണ്ടാം ലോക്ക്ഡൗൺ. ഇതോടെ ചിത്രീകരണം വീണ്ടും തടസപ്പെട്ടു. ഇതിനിടെ പ്രതാപ് പോത്തൻ മരണപ്പെട്ടു. പൃഥ്വിരാജ് സിനിമയിൽ നിന്ന് ഒഴിയുകയും ചെയ്തു. കൊവിഡ് ലോക്ക്ഡൗൺ അവസാനിച്ചതോടെ പൃഥ്വിരാജ്, പ്രതാപ് പോത്തൻ എന്നിവർ ഉൾപ്പെടെ പല അഭിനേതാക്കളും മാറി. ഇതോടെ സിനിമ ഉപേക്ഷിക്കാൻ ആശിർവാദ് സിനിമാസ് തീരുമാനിച്ചു. എന്നാൽ, മോഹൻലാൽ ആണ് വീണ്ടും ബറോസിന് ജീവൻ വെപ്പിച്ചത്.
ലോക്ക്ഡൗണിന് ശേഷം മോഹൻലാലും കലവൂർ രവികുമാറും ചേർന്ന് തിരക്കഥ തിരുത്തിയെഴുതി. വിദേശ താരങ്ങളെ ഇന്ത്യയിലെത്തിക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചായിരുന്നു തീരുമാനം. വിദൂര സ്ഥലങ്ങളിൽ ചെന്ന് ഷൂട്ട് ചെയ്യുന്നതിനും തടസങ്ങളുണ്ടായിരുന്നു. തിരക്കഥ പൂർണമായും മാറ്റിയെഴുതി കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി സിനിമ ഷൂട്ട് ചെയ്യാമെന്നായി. ഇതോടെ വീണ്ടും അഭിനേതാക്കൾ മാറി. ആദ്യം മോഹൻലാൽ ആയിരുന്നില്ല ബറോസ് എന്ന റോളിൽ. റഫേൽ അമാർഗോ എന്ന സ്പാനിഷ് നടനായിരുന്നു. കൊവിഡ് ലോക്ക്ഡൗണിന് ശേഷമാണ് മോഹൻലാൽ ആ റോൾ അഭിനയിക്കാൻ തീരുമാനിച്ചത്. കെയു മോഹനനെ ആയിരുന്നു സിനിമയിൽ ആദ്യം ഛായാഗ്രാഹകനായി തീരുമാനിച്ചിരുന്നത്. പിന്നീട് സന്തോഷ് ശിവൻ ആ റോളിലെത്തി.
Barroz Movie : മോഹൻലാൽ ഒരുക്കുന്ന മായക്കാഴ്ച; ബാറോസ് തിയറ്ററുകളിൽ എത്തുക ഈ ദിവസം
ഇങ്ങനെ പലതവണ മുടങ്ങിയ ചിത്രീകരണം ഒടുവിൽ പൂർത്തിയായി. 2022 ജൂലായ് 29നാണ് ചിത്രീകരണം അവസാനിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചതോടെ ബാങ്കോക്കിലടക്കം ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തിരുന്നു. ലോസ് ആഞ്ചലസിലായിരുന്നു സൗണ്ട് മിക്സിങ്. 2023 മാർച്ചിൽ റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ നീണ്ടുപോയി. ഹങ്കറിയിലെ ബുഡാപെസ്റ്റിൽ റീ റിക്കോർഡിംഗ് നടന്നു. 2024 ഓഗസ്റ്റിൽ മുംബൈയിലാണ് ചിത്രത്തിൻ്റെ അവസാന പോസ്റ്റ് പ്രൊഡക്ഷൻ ആരംഭിച്ചത്. ഇങ്ങനെ പോസ്റ്റ് പ്രൊഡക്ഷൻ നീണ്ടുപോയതുകൊണ്ട് തന്നെ പലതവണ ചിത്രത്തിൻ്റെ റിലീസ് നീട്ടിവച്ചു. 2023 ഡിസംബർ, 2024 മാർച്ച്, മെയ്, സെപ്തംബർ, ഒക്ടോബർ എന്നിങ്ങനെ പലതവണയായി റിലീസ് മാറ്റിവച്ചു. ഒടുവിൽ ചിത്രത്തിൻ്റെ പ്രൈവറ്റ് സ്ക്രീനിങ് 2024 ഒക്ടോബറിൽ മുംബൈയിൽ വച്ച് നടന്നു.
ഇതിനിടെ 2024 ഓഗസ്റ്റിൽ ജർമ്മൻ സ്വദേശിയായ മലയാളി എഴുത്തുകാരൻ ജോർജ് തുണ്ടിപ്പറമ്പിൽ, ബറോസ് കോപ്പിയടിയാണെന്ന ആരോപണവുമായി രംഗത്തുവന്നു. 2008ൽ പുറത്തിറങ്ങിയ തൻ്റെ നോവലുമായി ഈ കഥയ്ക്ക് സാമ്യതയുണ്ടെന്നായിരുന്നു അദ്ദേഹത്തിൻ്റെ വാദം. മോഹൻലാലിനെതിരെ അദ്ദേഹം വക്കീൽ നോട്ടീസയക്കുകയും ചെയ്തിരുന്നു.