Thudarum Movie: അതിരാവിലെ എഴുന്നേറ്റ് കാണാൻ പോകേണ്ട; ‘തുടരും’ ഫസ്റ്റ് ഷോ സമയം ഇതാ
Thudarum Movie First Show Time: ഏപ്രിൽ 25 ന് തിയേറ്ററുകളിൽ എത്തുന്ന സിനിമ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ഷോയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പുറത്ത് വരുന്നത്.

Thudarum Movie Poster (1)
മലയാള സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’. ഏറെ പ്രത്യേകതയുള്ള ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് വർഷങ്ങൾക്കിപ്പുറം മോഹൻലാലും ശോഭനയും ഒന്നിക്കുന്നുവെന്നതാണ്. ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു.
ഏപ്രിൽ 25 ന് തിയേറ്ററുകളിൽ എത്തുന്ന സിനിമ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ഷോയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പുറത്ത് വരുന്നത്. സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിക്കുന്നത് രാവിലെ 10 മണിക്കാണെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ ഫാൻസ് ക്ലബ് ആണ് പോസ്റ്റർ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അതേസമയം ചിത്രത്തിന്റെ പുതിയ ടീസർ എത്തിയിരുന്നു. ശോഭനയും മോഹൻലാലും തമ്മിലുള്ള രസകരമായൊരു സംഭാഷണമാണ് ടീസറിൽ ഉള്ളത്. ടീസറിൽ താടിവെട്ടാൻ പോകുന്ന മോഹൻലാലിനെയാണ് കാണാൻ പറ്റുന്നത്. ഇത് കണ്ട് എത്തുന്ന ശോഭന ആ താടി അവിടെ ഇരുന്നാൽ ആർക്കാണ് പ്രശ്നമെന്ന് ചോദിക്കുന്നു. ‘ഡേയ്, ഇന്ത താടി ഇരുന്താൽ യാർക്കാടാ പ്രച്നമെന്ന്’ മോഹൻലാലും സ്വയം ചോദിക്കുന്നതും ടീസറിൽ കാണാം. കമൽഹാസൻ, മമ്മൂട്ടി അടക്കമുള്ളവർക്കൊപ്പം നിൽക്കുന്ന മോഹൻലാലിന്റെ ഫോട്ടോകൾ കാണിച്ച് കൊണ്ടാണ് ടീസർ തുടങ്ങുന്നത്.
ചിത്രത്തിൽ ഷൺമുഖൻ എന്ന ടാക്സി ഡ്രൈവറായാണ് മോഹൻലാൽ എത്തുന്നത്. ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുടുംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ.
മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. എമ്പുരാനാണ് മോഹൻലാലിന്റെതായി അവസാനം ഇറങ്ങിയ ചിത്രം. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഫീല്‍ഗുഡ് ഫാമിലി ത്രില്ലറാകും തുടരും എന്നാണ് അപ്ഡേറ്റുകളില്‍ നിന്നും വ്യക്തമാകുന്നത്.