L2 Empuraan: വിവാദങ്ങളെ കാറ്റിൽ പറത്തി ‘എമ്പുരാൻ’; റിലീസ് ചെയ്ത് അഞ്ചാം നാൾ 200 കോടി ക്ലബ്ബിൽ; സന്തോഷം പങ്കുവച്ച് മോഹൻലാൽ
Empuraan Officially Enters To 200 Crore Club: ഇതോടെ മലയാളത്തിലെ അതിവേഗത്തിൽ 100 കോടിയും 200 കോടിയും നേടുന്ന ചിത്രമായി സിനിമ മാറി. നടൻ മോഹൻലാൽ തന്നെയാണ് ചിത്രം പുതു ചരിത്രം സൃഷ്ടിച്ച സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്.

എമ്പുരാൻ സിനിമ വിവാദങ്ങളും വിമർശനങ്ങളും ഒരു ഭാഗത്ത് കത്തി കയറുമ്പോൾ ബോക്സ്ഓഫിസിൽ പുതിയ ചരിത്രം കുറിച്ച് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം. മാർച്ച് 27ന് തീയറ്ററുകളിൽ എത്തിയ ചിത്രം അഞ്ച് ദിവസം പിന്നിടുമ്പോൾ 200 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. ഇതോടെ മലയാളത്തിലെ അതിവേഗത്തിൽ 100 കോടിയും 200 കോടിയും നേടുന്ന ചിത്രമായി സിനിമ മാറി. നടൻ മോഹൻലാൽ തന്നെയാണ് ചിത്രം പുതു ചരിത്രം സൃഷ്ടിച്ച സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്.
റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ കേരളത്തിൽ നിന്നും ലഭിച്ചത് 14 കോടിയായിരുന്നു.രണ്ടാം ദിവസം 8.45 കോടി രൂപയും മൂന്നാം ദിവസം 9.02 കോടി രൂപയുമാണ് കേരളത്തിൽ നിന്ന് മാത്രം ലഭിച്ചത്. നാലം ദിവസമായ ഇന്നലെ 11 കോടിയാണ് ലഭിച്ചത്. ഇന്ന് കേരളത്തിൽ നിന്ന് മാത്രം 50 കോടി വാരിയേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്.
48 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബിൽ ചിത്രം എത്തിയിരുന്നു. ഇക്കാര്യവും മോഹൻലാൽ തന്നെയാണ് പങ്കുവച്ചത്. ഇതിനു പിന്നാലെയാണ് പുതിയ നേട്ടം. ഈ വർഷത്തിൽ ഇന്ത്യയിൽ ആദ്യ ആഴ്ച ബോക്സ്ഓഫിസിൽ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച സിനിമയെന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കി കഴിഞ്ഞു. വേൾഡ് വൈഡ് ബോക്സ് ഓഫിസിലും ചിത്രം മൂന്നാമതാണ്. ഏകദേശം 165 കോടിയാണ് സിനിമയുടെ ആഗോള കലക്‌ഷൻ.
Also Read:മോഹന്‍ലാലിനെ ഒഴിവാക്കി പൃഥ്വിരാജ്! വിവാദങ്ങള്‍ക്കിടെ എമ്പുരാന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് താരം
എന്നാൽ ചിത്രത്തിനെതിരെയും താരങ്ങൾക്കെതിരെയും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ചിത്രത്തിൽ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ചില പരാമര്‍ശങ്ങള്‍ നടത്തിയതിനെ ചൂണ്ടികാട്ടിയായിരുന്നു വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിനു പിന്നാലെ ചിത്രത്തിന്റെ 17 ഭാഗങ്ങൾ വെട്ടിമാറ്റി. തുടർന്ന് റീ എഡിറ്റ് ചെയത പതിപ്പ് ഇന്ന് വൈകുന്നേരം എത്തുമെന്നാണ് റിപ്പോർട്ട് ഉണ്ടായത്. എന്നാൽ എത്തിയില്ല. സാങ്കേതിക കാരണങ്ങളാലാണ് പുതിയ പതിപ്പ് വെെകിയതെന്നാണ് വിവരം. നാളെയോടെ പുതിയ പതിപ്പ് പ്രദർശനത്തിനെത്തും.
അതേസമയം ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മോഹൻലാലിനും പൃഥ്വിരാജിനും നേരെയുണ്ടാകുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ഫെഫ്ക. ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവരെയും ചേർത്തുപിടിക്കുന്നുവെന്നും താരങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന ആക്രമണം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. വിമര്‍ശനങ്ങളെ സ്വാഗതംചെയ്യുന്നു. എന്നാല്‍, അത് അധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലുമാകരുതെന്നും ഫെഫ്ക പറഞ്ഞു. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇവരുടെ പ്രതികരണം.