L2 Empuraan: ബോക്സോഫീസിൻ്റെ തമ്പുരാനായി എമ്പുരാൻ; പ്രീസെയിൽ കളക്ഷൻ 60 കോടിയിലേക്ക്
L2 Empuraan Presale Record: നാളെ റിലീസാവാനിരിക്കുന്ന എമ്പുരാൻ്റെ പ്രീസെയിൽ കളക്ഷൻ 60 കോടിയിലേക്ക്. ഔദ്യോഗിക അറിയിപ്പ് പ്രകാരം സിനിമ 58 കോടി രൂപ പ്രീസെയിൽ കളക്ഷനായി നേടിയിട്ടുണ്ട്. എന്നാൽ, പ്രീസെയിൽ ബിസിനസിൽ ഇതുവരെ 65 കോടിയ്ക്ക് മുകളിൽ സിനിമ നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

എമ്പുരാൻ പ്രീസെയിൽ കളക്ഷൻ 60 കോടിയിലേക്ക്. മാർച്ച് 25 വൈകുന്നേരത്തെ കണക്കനുസരിച്ച് പ്രീസെയിലായി ഇതുവരെ എമ്പുരാൻ നേടിയത് 58 കോടി രൂപയാണ്. പൃഥ്വിരാജ് സുകുമാരൻ്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹൻലാൽ ചിത്രം ഈ മാസം 27നാണ് തീയറ്ററുകളിലെത്തുക. പ്രീസെയിലായി മാത്രം 58 കോടി രൂപ നേടിയതിനാൽ ഏറ്റവും വേഗത്തിൽ 100 കോടി ക്ലബിലെത്തുന്ന മലയാളം സിനിമയായും എമ്പുരാൻ മാറും.
2019ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാൻ. അതിലും വലിയ ക്യാൻവാസിലും ബജറ്റിലുമൊരുങ്ങുന്ന എമ്പുരാൻ്റെ പ്രീസെയിൽ കളക്ഷൻ ലോകവ്യാപകമായി 58 കോടി രൂപയാണെന്ന് നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് തന്നെ അറിയിച്ചിരുന്നു. 11 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ ആപ്പിൽ ഇതുവരെ ബുക്ക് ചെയ്തത്. ഇതും റെക്കോർഡാണ്. ബുക്ക് മൈ ഷോയിലെ പ്രീസെയിൽ ടിക്കറ്റ് വില്പനയിൽ പുഷ്പ 2 ആണ് ഒന്നാമത്. 19 ലക്ഷം രൂപയായിരുന്നു പുഷ്പയ്ക്ക് ലഭിച്ചത്. 16 ലക്ഷത്തിലധികം നേടിയ വിജയ് ചിത്രം ലിയോ രണ്ടാമതുണ്ട്. മലയാളം സിനിമാ ചരിത്രത്തിലെ തന്നെ പ്രീസെയിൽ കളക്ഷൻ റെക്കോർഡുകളാണ് എമ്പുരാൻ തകർത്തത്. പ്രീസെയിൽ ആയി 50 കോടിയിലധികം നേടുന്ന ആദ്യ മലയാള സിനിമയാണ് എമ്പുരാൻ.
ഔദ്യോഗിക റിപ്പോർട്ടുകൾക്കപ്പുറം ലഭിക്കുന്ന കണക്കുകളിൽ എമ്പുരാൻ്റെ പ്രീസെയിൽ 60 കോടി കടന്നു എന്നും സൂചനകളുണ്ട്. ഏതാണ്ട് 65 കോടി രൂപ പ്രീസെയിലിൽ ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ.




ലൂസിഫർ സിനിമാ പരമ്പരയിലെ രണ്ടാം സിനിമയാണ് എമ്പുരാൻ പൃഥ്വിരാജ് സുകുമാരനാണ് സംവിധാനം ചെയ്തത്. മുരളി ഗോപിയാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. മൂന്ന് ഭാഗങ്ങളാണ് ലൂസിഫർ സിനിമാ പരമ്പരയിലുള്ളത്. ആദ്യ ഭാഗമായ ലൂസിഫർ 2019ൽ പുറത്തിറങ്ങിയിരുന്നു. ആദ്യ സിനിമയിൽ അഭിനയിച്ച പല താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്. ഇവർക്കൊപ്പം പുതിയ താരങ്ങളും എമ്പുരാനിൽ അഭിനയിക്കും.
ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നീ പ്രൊഡക്ഷൻ കമ്പനികളുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ദീപക് ദേവാണ് സിനിമയുടെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. അഖിലേഖ് മോഹൻ എഡിറ്റിങ് നിർവഹിക്കുമ്പോൾ സുജിത് വാസുദേവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത്, സാനിയ അയ്യപ്പൻ, ശിവദ, തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തും.