5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Aiden The AI Spirit Radio Movie: ബസ്ഡ്രൈവറായി ലാലേട്ടൻ റേഡിയോ സിനിമയിൽ; ‘ഏയ്ഡൻ-ദി എ ഐ സ്പിരിറ്റ്’ റിലീസിനൊരുങ്ങുന്നു

Aiden The AI Spirit Radio Movie Release: ട്രെയ്‌ലർ കണ്ടശേഷം മോഹൻലാൽ ഇതിലെ പ്രധാന കഥാപാത്രമായ ബസ് ഡ്രൈവർ രഘൂത്തമൻ എന്ന കഥാപാത്രത്തിന് ശബ്ദംനൽകാൻ തയ്യാറാവുകയായിരുന്നു. സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത് പ്രിയരാജ് ഗോവിന്ദരാജാണ്.

Aiden The AI Spirit Radio Movie: ബസ്ഡ്രൈവറായി ലാലേട്ടൻ റേഡിയോ സിനിമയിൽ; ‘ഏയ്ഡൻ-ദി എ ഐ സ്പിരിറ്റ്’ റിലീസിനൊരുങ്ങുന്നു
Aiden The AI Spirit.
neethu-vijayan
Neethu Vijayan | Published: 14 Jul 2024 13:19 PM

മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ ആദ്യമായി റേഡിയോ സിനിമയിൽ (Radio Movie) നായകനായി എത്തുന്ന ‘ഏയ്ഡൻ-ദി എ ഐ സ്പിരിറ്റ്’ (Aiden The AI Spirit) റിലീസിനൊരുങ്ങുന്നു. കേരളത്തിലെ നമ്പർ വൺ എഫ്എം സ്റ്റേഷനായ ക്ലബ്ബ് എഫ്എമ്മിലൂടെ ജൂലൈ 19ന് സിനിമ റിലീസ് ചെയ്യുന്നത്. ക്ലബ്ബ് എഫ്എം, ഏഷ്യാനെറ്റ് മൂവീസുമായി ചേർന്ന് ലോക റേഡിയോ ചരിത്രത്തിൽത്തന്നെ സമാനതകളില്ലാത്ത പ്രോഗ്രാമായ ‘ക്ലബ്ബ് എഫ്എം സിനിമാക്കഥ സീസൺ 2’-ലൂടെയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

മോഹൻലാലിന്റെ ജന്മദിനമായ മേയ് 21-ന് പിറന്നാൾസമ്മാനമായി റേഡിയോസിനിമ ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം. ‘ലാലേട്ടൻ ഇനി ഏത് ജോണറിലുള്ള സിനിമയിൽ അഭിനയിച്ചുകാണാനാണ് നിങ്ങൾക്കിഷ്ടം’ എന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ ശ്രോതാക്കൾ പ്രതികരിച്ചത് അതൊരു ഹൊറർ കോമഡി സിനിമയായിരിക്കണം എന്നായിരുന്നു. അത്തരം ഒരു കഥയ്ക്കായുള്ള അന്വേഷണമാണ് ‘ഏയ്ഡൻ-ദി എ ഐ സ്പിരിറ്റ്’ എന്ന സിനിമയായി റേഡിയോ സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

മലയാളികളെ ഏറെ ചിരിപ്പിച്ച നടനും സംവിധായകനുമായ രമേഷ് പിഷാരടി, ക്ലബ്ബ് എഫ്എമ്മുമാണ് സിനിമാക്കഥയുടെ ക്യൂറേറ്റർ. പിഷാരടിയാണ് കഥയ്ക്ക് തുടക്കമിട്ടത്. തുടർച്ചയായ മൂന്നുദിവസങ്ങളിൽ പ്രേക്ഷകർ കഥയുടെ ബാക്കിഭാഗങ്ങൾ അവരവരുടെ ഭാവനയ്ക്കനുസരിച്ച്‌ പൂരിപ്പിക്കാൻ തുടങ്ങി. ക്ലബ്ബ് എഫ്എം ശ്രോതാക്കൾ ആർജെകളോടു പറഞ്ഞ കഥകൾ വിലയിരുത്തിയശേഷം രമേഷ് പിഷാരടിയും ക്ലബ്ബ് എഫ്എം സംഘവും സിനിമാക്കഥയ്ക്ക് ഒരു രൂപമുണ്ടാക്കി. ആ സിനിമയുടെ ട്രെയ്‌ലർ, ആനിമേഷൻ സിനിമാരൂപത്തിൽ ഏഷ്യാനെറ്റ് ബിഗ് ബോസ് വേദിയിൽ മോഹൻലാലിന് പിറന്നാൾ സമ്മാനമായി ക്ലബ്ബ് എഫ്എം നൽകി.

ALSO READ: ആരാണ് മലയാളികളുടെ ആ കൊറിയൻ ലാലേട്ടൻ?

ട്രെയ്‌ലർ കണ്ടശേഷം മോഹൻലാൽ ഇതിലെ പ്രധാന കഥാപാത്രമായ ബസ് ഡ്രൈവർ രഘൂത്തമൻ എന്ന കഥാപാത്രത്തിന് ശബ്ദംനൽകാൻ തയ്യാറാവുകയായിരുന്നു. സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത് പ്രിയരാജ് ഗോവിന്ദരാജാണ്. മോഹൻലാലിനെക്കൂടാതെ, സുരേഷ് കൃഷ്ണ, സുധീർ കരമന, സുനിൽ സുഖദ, രാജേഷ് ശർമ, മഹേഷ് കുഞ്ഞുമോൻ എന്നിവരും ക്ലബ്ബ് എഫ്എം റേഡിയോ ജോക്കികളും സഹപ്രവർത്തകരും ഇതിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നു. ശബ്ദങ്ങളുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ക്ലബ്ബ് എഫ്എം ഈ സിനിമ ഒരുക്കുന്നത്.

സംഗീതം ജോജു സെബാസ്റ്റ്യൻ, മ്യൂസിക് പ്രോഗ്രാമിങ് അഭിജിത് രവികുമാർ എന്നിവരും വിനീത്കുമാർ ടിഎൻ സൗണ്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നു. എറണാകുളം വിസ്മയ സ്റ്റുഡിയോയിൽ മോഹൻലാൽ റേഡിയോ സിനിമയ്ക്കായുള്ള റെക്കോഡിങ് പൂർത്തിയാക്കിയത്.