Gopi Sundar : ‘അദ്ദേഹം മെസേജ് ചെയ്ത് ഓക്കെയാണോ എന്ന് ചോദിച്ചു; കമൻ്റുകളൊന്നും ബാധിക്കില്ല’: ഗോപി സുന്ദറുമായുള്ള ഫോട്ടോയിൽ പ്രതികരിച്ച് ഷിനു പ്രേം
Shinu Prem Gopi Sundar : ഗോപി സുന്ദറിനൊപ്പമുണ്ടായിരുന്ന ഫോട്ടോയിലെ കമൻ്റുകളൊന്നും തന്നെ ബാധിക്കില്ലെന്ന് മോഡൽ ഷിനു പ്രേം. ഫോട്ടോ വൈറലായതോടെ അദ്ദേഹം മെസേജ് ചെയ്ത് ഓക്കെയാണോ എന്ന് ചോദിച്ചിരുന്നു എന്നും ഷിനു ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഗോപി സുന്ദറുമായുള്ള ഫോട്ടോയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ചർച്ചകളോട് പ്രതികരിച്ച് മോഡൽ ഷിനു പ്രേം. താനവിടെ ഷൂട്ടിന് പോയതാണെന്നും കമൻ്റുകളൊന്നും തന്നെ ബാധിക്കില്ലെന്നും ഷിനു പ്രതികരിച്ചു. ഗോപി സുന്ദറിൻ്റെ പുതിയ കാമുകിയാണെന്ന മട്ടിലായിരുന്നു ഷിനുവിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വന്ന കമൻ്റുകൾ. ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷിനു പ്രേം വ്യക്തമാക്കി.
താൻ അവിടെ ഒരു ഷൂട്ടിന് പോയതാണെന്ന് ഷിനു പറയുന്നു. അവിടെ വച്ച് അദ്ദേഹത്തെ കണ്ടു. ഒപ്പം ഒരു ഫോട്ടോയെടുത്തു. ആ ഫോട്ടോയ്ക്കൊപ്പം ഒരു ക്യാപ്ഷൻ നൽകി. നമ്മുടെ കുറവുകളെ അവഗണിച്ച് കഴിവുകളെ ആരാധിക്കുന്നയാൾ എന്നാണ് എഴുതിയത്. ഫോട്ടോയ്ക്ക് ഒരുപാട് കമൻ്റുകൾ വരുന്നുണ്ട്. അതൊക്കെ വായിച്ചു. പക്ഷേ, തന്നെ അതൊന്നും ബാധിക്കില്ല. സംഗീതം പഠിക്കാൻ പോയതാണോയെന്നൊക്കെ ആളുകൾ ചോദിക്കുന്നുണ്ട്. താൻ മിസ് ഫാഷൻ ക്വീൻ കേരള വിജയിയാണ്. അന്ന് അദ്ദേഹം അവിടെ ജഡ്ജായിരുന്നു. അദ്ദേഹത്തോടോപ്പമൊരു ഫോട്ടോ എടുക്കണമെന്ന് അന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. അതാണ് ഇപ്പോൾ സാധിച്ചത്. ഫോട്ടോ വൈറലായിക്കഴിഞ്ഞ് ഓക്കെയാണോ എന്ന് ചോദിച്ച് അദ്ദേഹം തനിക്ക് മെസേജ് ചെയ്തിരുന്നു. ഓക്കെയാണെന്ന് മറുപടി പറഞ്ഞു. വീട്ടുകാർ ഈ ഫോട്ടോ കണ്ടതാണ്. താൻ എവിടെയാണ് പോകുന്നത്, എന്താണ് ചെയ്യുന്നത് എന്നൊക്കെ അവർക്കറിയാം എന്നും ഷിനു പ്രതികരിച്ചു.
ഗോപി സുന്ദറിൻ്റെ മുൻ പങ്കാളി അമൃതയുടെ പരാതിയിൽ മുൻ ഭർത്താവും നടനുമായ ബാലയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ബാലയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ നടന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സമൂഹമാധ്യമങ്ങളിൽ ഭാര്യക്കും മകൾക്കും എതിരായ പ്രചരണങ്ങൾ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി സംസാരിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയത്. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം നൽകണമെന്നും ബാല വാദിച്ചു.
താൻ ആർക്കു നേരെയും ഒന്നും പറഞ്ഞിട്ടില്ലെന്നും ഇപ്പോൾ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്നും ബാല പ്രതികരിച്ചിരുന്നു. തന്റെ കണ്ണീരിന് ദൈവം പകരം ചോദിക്കും. ഇനി വെറുതെയിരിക്കില്ല. കണ്ണീര് കുടിപ്പിച്ചവർക്കുള്ള ഫലം ദൈവം നൽകുമെന്നും വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ താരം പ്രതികരിച്ചു.