5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hema Committee Report: ‘ഏതെങ്കിലുമൊരാൾ ആരെപ്പറ്റിയെങ്കിലും ഒരു ആക്ഷേപം ഉന്നയിച്ചാൽ കേസെടുക്കാൻ പറ്റുമോ’;രഞ്ജിത്തിനെതിരെ വന്ന ആരോപണത്തിൽ മന്ത്രി സജി ചെറിയാൻ

Minister Saji Cherian Response to Allegation Against Director Ranjith: ആരോപണത്തിൽ കേസെടുത്താൽ നിലനിൽക്കില്ല. നടി മുന്നോട്ട് വന്ന് രേഖാമൂലം പരാതി നൽകിയാൽ അന്വേഷിച്ച് നിയമാനുസൃതമായ നടപടികൾ സ്വീകരിക്കും. സർക്കാർ ഇരകൾക്കൊപ്പമാണ്, വേട്ടക്കാർക്കൊപ്പമല്ല.

Hema Committee Report: ‘ഏതെങ്കിലുമൊരാൾ ആരെപ്പറ്റിയെങ്കിലും ഒരു ആക്ഷേപം ഉന്നയിച്ചാൽ കേസെടുക്കാൻ പറ്റുമോ’;രഞ്ജിത്തിനെതിരെ വന്ന ആരോപണത്തിൽ മന്ത്രി സജി ചെറിയാൻ
nandha-das
Nandha Das | Updated On: 24 Aug 2024 10:39 AM

ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് നടിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ആരോപണം ഉന്നയിച്ച നടി മുന്നോട്ട് വന്ന് രേഖാമൂലം പരാതി നൽകിയാൽ അന്വേഷിച്ച് നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഒരു ഊഹാപോഹത്തിന്റെ പേരിൽ സംവിധയകാൻ രഞ്ജിത്തിനെതിരെ നടപടി സ്വീകരിക്കാൻ കഴിയില്ലായെന്നും മന്ത്രി വ്യക്തമാക്കി.

“രഞ്ജിത്തിനെതിരായ ആരോപണം ഞാനും മാധ്യമങ്ങളിലൂടെയാണ് കണ്ടത്. അതിൽ രഞ്ജിത് തന്നെ പ്രതികരിച്ചിട്ടും ഉണ്ട്. നടിയുടെ ആരോപണവും രഞ്ജിത്തിന്റെ മറുപടിയുമാണ് നമുക്ക് മുന്നിലുള്ളത്. അത് സംബന്ധിച്ച പരാതി അവർക്കുണ്ടെങ്കിൽ വരട്ടെ. പരാതി ലഭിച്ചാൽ അന്വേഷണം നടത്തി നിയമാനുസൃതമായ നടപടികൾ സർക്കാർ സ്വീകരിക്കും. ഏതെങ്കിലും ഒരാൾ ആരെയെങ്കിലും പറ്റി ഒരു ആക്ഷേപം ഉന്നയിച്ചാൽ കേസെടുക്കാൻ പറ്റുമോ? അങ്ങനെ കേസെടുത്താൽ തന്നെ അത് നിലനിൽക്കുമോ. ആരോപണം ഉന്നയിച്ചവർ പരാതി നൽകുക. രഞ്ജിത്തിനെതിരെ ആർകെങ്കിലും പരാതി ഉണ്ടെങ്കിൽ രേഖമൂലം നൽകിയാൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. സർക്കാർ ഇരകൾക്കൊപ്പമാണ്, വേട്ടക്കാർക്കൊപ്പമല്ല. ചലച്ചിത്ര അക്കാദമി പദവിയിൽ നിന്നും അദ്ദേഹത്തെ മാറ്റിനിർത്തണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് സർക്കാരാണ്. ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് രഞ്ജിത്ത് ആ പദവി വഹിക്കുന്നത്. ആരോപണത്തിൽ വസ്തുതയുണ്ടെങ്കിൽ സിപിഎം എന്ന പാർട്ടി അത് അന്വേഷിക്കാതെ ഇരിക്കില്ലല്ലോ. ഈ കാര്യത്തിൽ രാഷ്ട്രീയ തീരുമാനം അപ്പോൾ ഉണ്ടാകും” മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ALSO READ: ‘എന്റെ മുടിയിൽ തഴുകി, കഴുത്തുവരെ സ്പർശനമെത്തി’ സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി

അതെ സമയം, സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായാണ് നടി രംഗത്ത് വന്നത്. പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ തന്നോടു മോശമായി പെരുമാറിയെന്നായിരുന്നു നടി വെളിപ്പെടുത്തിയത്. സംവിധായകൻ മുറിയിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറുകയായിരുന്നുവെന്നും നടി ആരോപിച്ചു. ”അകലെ എന്ന ചിത്രത്തിലെ അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായി ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകളുണ്ടായിരുന്നു. ഇവിടെ വെച്ച് തൻ്റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ചർച്ച ചെയ്യാനാണെന്നാണ് ആദ്യം കരുതിയത്. അവിടെ വച്ച് അയാളെന്റെ വളകളിൽ സ്പർശിച്ചു. ചിലപ്പോൾ വളകൾ കണ്ട കൗതുകമാകാമെന്ന് ഞാൻ കരുതി. ഞാൻ പ്രതികരിക്കുന്നില്ലെന്ന് മനസിലാക്കിയ അയാൾ എന്റെ മുടിയിഴകളിൽ തലോടാൻ തുടങ്ങി. കഴുത്തിലേക്ക് സ്പർശനം നീണ്ടപ്പോൾ ഞാൻ ആ മുറിവിട്ടിറങ്ങി ഹോട്ടലിലേക്ക് മടങ്ങി. ആ രാത്രി ഞാൻ ഒരിക്കലും മറക്കില്ല. അത്രയും അപരിചിതർക്കിടയിൽ ഞാൻ നേരിട്ട ആ അനുഭവം എന്നെ ഭയപ്പെടുത്തി. ആ സിനിമയിലേക്ക് വിളിച്ചയാളോട് ഞാൻ എല്ലാം പറഞ്ഞു. റിട്ടേൺ ടിക്കറ്റ് വേണമെന്ന് അറിയിച്ചു. അവർ പണം തരാൻ തയ്യാറായില്ല. പിറ്റേ ദിവസം അതിരാവിലെ സ്വന്തം ചെലവിൽ ഞാൻ നാട്ടിലേക്ക് മടങ്ങി.”- നടി പറഞ്ഞു.

അതേസമയം, സംവിധായകൻ മോശമായി പെരുമാറിയത് പരാതിപ്പെട്ടതോടെ മലയാള സിനിമയിൽ നിന്ന് അവസരങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും അവർ കൂട്ടിച്ചേർത്തു. ജോഷി ജോസഫ് എന്ന ഡോക്യുമെന്ററി സംവിധായനെ താൻ ഇക്കാര്യങ്ങൾ അറിയിച്ചതായും സ്വകാര്യ ചാനലിനോട് യുവതി വെളിപ്പെടുത്തിയിരുന്നു. എന്നാൽ നടി പറഞ്ഞത് സത്യമാണെന്ന് ജോഷി ജോസഫ് വ്യക്തമാക്കി. രഞ്ജിത്ത് മോശമായി പെരുമാറി എന്ന് പേര് സഹിതം നടി തുറന്ന് പറഞ്ഞതോടെ ഉടൻ നടപടി എടുക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാന സർക്കാർ. എന്നാൽ, ആരോപണം നിഷേധിച്ച് രഞ്ജിത്ത് (Ranjith) രംഗത്ത് വന്നു. നടിയോടു താൻ മോശമായി പെരുമാറിയിട്ടില്ലെന്നാണ് രഞ്ജിത്ത് പറയുന്നത്. എന്നാൽ പാലേരി മാണിക്യം സിനിമയുടെ ഓഡിഷൻ ടെസ്റ്റിനു നടി വന്നിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു.