Nunakkuzhi: നുണക്കുഴിയുടെ വിജയാഘോഷം പങ്കുവച്ച് ബേസിൽ ജോസഫ്; പൊട്ടിചിരിയുണര്‍ത്തി മുഹമ്മദ് റിയാസിന്റെ കമന്റ്
വിജയാഹ്ലാദത്തിൽ നിൽക്കുന്ന നുണക്കുഴി ടീമിന് ഇരട്ടി മധുരമായി മന്ത്രിയുടെ കമൻ്റ്.
ബേസില്‍ ജോസഫ് നായകനായി എത്തിയ ചിത്രം നുണക്കുഴി തീയ്യറ്ററിൽ തരംഗം തീർത്ത് മുന്നേറുകയാണ്. നാല് ദിവസം കൊണ്ട് ചിത്രം ബോക്സ് ഓഫീസിൽ 12 കോടിയാണ് നേടിയത് എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്. നുണക്കുഴി ആകെ നേടിയത് 12 കോടി രൂപയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയാഘോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് ബേസില്‍ ജോസഫ്. താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷം പങ്കുവച്ചത്. നുണക്കുഴി വിജയാഘോഷ ചടങ്ങിന്റെ ചിത്രം പങ്കുവച്ചാണ് താരം എത്തിയത്.
എന്നാൽ ഇതിനു പിന്നാലെ വന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ കമന്റ് ആണ് ആരാധകരിൽ ചിരിയുണർത്തിയത്. “വാവെ” എന്നൊരു കമന്റാണ് മുഹമ്മദ് റിയാസ് പോസ്റ്റിനു താഴെ ഇട്ടത്. അത് കണ്ടതോടെ ബേസിലിനും ചിരി അടക്കാൻ കഴിഞ്ഞില്ല. ഒരു പൊട്ടിച്ചിരി റിയാക്ഷൻ ബേസിലും കൊടുത്തു. നുണക്കുഴി സിനിമയിൽ ഏവരെയും പൊട്ടിചിരിപ്പിച്ച ആ വിളി ഇവിടെ എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ടാണ് മന്ത്രിയുടെ കമന്റ്. ഇതോടെ മന്ത്രിയുടെയും ബേസിലിന്റെയും കമന്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വിജയാഹ്ലാദത്തിൽ നിൽക്കുന്ന നുണക്കുഴി ടീമിന് ഇരട്ടി മധുരമായി മന്ത്രിയുടെ കമൻ്റ്.
View this post on Instagram
ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, നിഖില വിമൽ, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രം ഒറ്റ ദിവസത്തെ കഥയാണ് പറയുന്നത്. സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ തിയറ്ററുകളില്‍ എബിയും കൂട്ടരും ചിരിമഴ പെയ്യിക്കുകയാണ്.
ബേസിൽ ജോസഫ് മുഖ്യകഥാപാത്രമായി അവതരിപ്പിക്കുന്ന എബിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. യാതൊരു തരത്തിലുമുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കാൻ ആഗ്രഹിക്കാത്ത എബി അച്ഛന്റെ വിയോഗത്തെ തുടർന്ന് അച്ഛന്റെ ബിസിനസ് നോക്കിനടത്താൻ നിർബന്ധിതനാവുന്നു. എന്നാല്‍ ചെറുപ്പത്തിലേ എബി വിവാഹിതനായതിനാൽ തന്റെജീവിതത്തിലെ ഓരോ നിമിഷങ്ങളും ഭാര്യയോടൊപ്പം പങ്കിടാൻ ഇഷ്‍ടപ്പെടുന്നതാണ്. പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ നിനക്കാത്ത നേരത്ത് വന്നതിന് പിന്നാലെ എബി അനുഭവിക്കുന്ന മാനസിക സങ്കർഷങ്ങളും അപ്രതീക്ഷിതമായ് എബിയിലേക്ക് വന്നെത്തുന്ന മനുഷ്യരുമാണ് സിനിമയുടെ ഗതി മാറ്റിമറിക്കുന്നത്.