Midhun Manuel Thomas: എനിക്ക് ആദ്യം ലഭിച്ച അഡ്വാൻസ് 5000 രൂപ; ആട് 3 ഒരു വമ്പൻ സിനിമ: തുറന്നുപറഞ്ഞ് മിഥുൻ മാനുവൽ തോമസ്
Midhun Manuel Thomas First Advance: സിനിമയിൽ തനിക്ക് ആദ്യം ലഭിച്ച അഡ്വാൻസ് 5000 രൂപയാണെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ആട് സിനിമയുടെ മൂന്നാം ഭാഗമായ ആട് ത്രീ വലിയ ഒരു സിനിമയായാണ് ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ആദ്യം ലഭിച്ച അഡ്വാൻസ് 5000 രൂപയാണെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ഗഗനചാരി എന്ന സിനിമയുടെ സംവിധായകനാണ് ഈ അഡ്വാൻസ് നൽകിയത്. ആട് സിനിമയുടെ മൂന്നാം ഭാഗം വമ്പൻ സിനിമയായാണ് ഒരുങ്ങുന്നത്. കോമഡിയ്ക്കപ്പുറം ഒരു വലിയ മാറ്റം സിനിമയിലുണ്ടാവുമെന്നും ജെയ്ൻ യൂണിവേഴ്സിറ്റി ഫ്യൂച്ചർ സമ്മിറ്റിൽ ദി ക്യൂവിൻ്റെ സെഷനിൽ സംസാരിക്കവെ മിഥുൻ മാനുവൽ തോമസ് പറഞ്ഞു.
മിഥുൻ മാനുവൽ തോമസിന് ആദ്യം അഡ്വാൻസ് കൊടുക്കുന്നത് അരുൺ ചന്തു ആണെന്ന് അജു വർഗീസാണ് ആദ്യം പറയുന്നത്. ഷോർട്ട് ഫിലിമിനായിരുന്നു അഡ്വാൻസ്. തനിക്ക് അദ്ദേഹം 5000 രൂപയാണ് അഡ്വാൻസ് തന്നത് എന്ന് മിഥുൻ കൂട്ടിച്ചേർത്തു. സിനിമാജീവിതത്തിലെ ആദ്യ അഡ്വാൻസ്. സ്ക്രിപ്റ്റ് ആവേശപൂർവം എഴുതി. അത് ഏല്പിച്ചു. അജു വർഗീസാണ് നായകൻ. പിന്നെ അതേപ്പറ്റി ഇതുവരെ ഒന്നും കേട്ടിട്ടില്ല എന്നായിരുന്നു മിഥുൻ മാനുവൽ തോമസിൻ്റെ പ്രസ്താവന.
തൻ്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമാ പരമ്പരയായ ആടിൻ്റെ അടുത്ത ഭാഗം, ആട് 3 വമ്പൻ സിനിമയായാണ് ഒരുങ്ങുന്നതെന്നും മിഥുൻ മാനുവൽ തോമസ് പറഞ്ഞു. വലിയ സിനിമയായാവും ആട് ത്രീ ഒരുങ്ങുക. സിനിമയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും ടെക്നിക്കൽ കാര്യങ്ങളുമൊക്കെ സിനിമയിലുണ്ടാവും. വലിയ ബജറ്റിലാവും സിനിമയൊരുങ്ങുക. കോമഡിയ്ക്കപ്പുറം സിനിമയിൽ വലിയ ഒരു മാറ്റമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: Empuraan: എമ്പുരാനിൽ മമ്മൂട്ടിയുണ്ടോ? സിനിമാസ്വാദകർ കാത്തിരിക്കുന്ന അപ്ഡേറ്റുമായി പൃഥ്വിരാജ്
ഓം ശാന്തി ഓശാന എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ തിരക്കഥാകൃത്തായാണ് മിഥുൻ മാനുവൽ തോമസ് കരിയർ ആരംഭിക്കുന്നത്. 2014ൽ ജൂഡ് അന്താണി ജോസഫിൻ്റെ സംവിധാനത്തിലാണ് സിനിമ പുറത്തിറങ്ങിയത്. തൊട്ടടുത്ത വർഷം, 2015ൽ ആട് എന്ന സിനിമയിലൂടെ അദ്ദേഹം സംവിധായകനായി കരിയർ ആരംഭിച്ചു. പിന്നീട് ആന്മരിയ കലിപ്പിലാണ്, അലമാര, ആട് 2, അർജൻ്റീന ഫാൻസ് കാട്ടൂർക്കടവ്, അഞ്ചാം പാതിര അബ്രഹാം ഓസ്‌ലർ എന്നീ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. ഗരുഡൻ, ഫീനിക്സ്, ടർബോ എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കുകയും ചെയ്തു.
ആട്
ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ ജയസൂര്യയെ നായകനാക്കിയാണ് മിഥുൻ മാനുവൽ തോമസ് ആട് ഒരുക്കിയത്. വിനായകൻ, സണ്ണി വെയ്ൻ, വിജയ് ബാബു, സൈജു കുറുപ്പ്, ഭഗത് മാനുവൽ, ധർമജൻ ബോൾഗാട്ടി, വിനീത് മോഹൻ തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചു. വിഷ്ണു നാരായണനാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിച്ചത്. ലിജോ പോൾ എഡിറ്റിങ് നിർവഹിച്ചു. ഷാൻ റഹ്മാൻ്റെ സംഗീതത്തിലൊരുങ്ങിയ ഗാനങ്ങൾ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015 ഫെബ്രുവരി ആറിന് തീയറ്ററുകളിലെത്തിയ സിനിമ ബോക്സോഫീസിൽ തകർന്നടിഞ്ഞെങ്കിലും ടെലിവിഷനിൽ വരാൻ തുടങ്ങിയതോടെ ഹിറ്റായി. സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും ആഘോഷിച്ച ആരാധകർ കാരണമാണ് സിനിമയ്ക്ക് രണ്ടാം ഭാഗമൊരുങ്ങിയത്. 2017 ഡിസംബർ 22ന് പുറത്തിറങ്ങിയ ആട് 2 തീയറ്ററിൽ ഹിറ്റായി. ഇതിന് പിന്നാലെയാണ് സിനിമയ്ക്ക് അടുത്ത ഭാഗമുണ്ടാവുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചത്.