MG Sreekumar : ‘അത് മാങ്ങാണ്ടിയായിരുന്നു, വലിച്ചെറിഞ്ഞത് ജോലിക്കാരി’ വിശദീകരണവുമായി എം ജി ശ്രീകുമാർ
MG Sreekumar Waste Issue : മാലിന്യം കൊച്ചി കായലിലേക്ക് വലിച്ചെറിഞ്ഞതിന് 25,000 രൂപ പിഴയാണ് മുളവുകാട് പഞ്ചായാത്ത് ഗായകൻ എംജി ശ്രീകുമാറിന് ഏർപ്പെടുത്തിയത്. എന്നാൽ ഈ വഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എം ജി ശ്രീകുമാർ.

കൊച്ചി : കൊച്ചി കായലിൽ മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഗായകൻ എം ജി ശ്രീകുമാർ. വീട്ടുമുറ്റത്ത് വീണ് കിടന്ന മാങ്ങയും മാങ്ങാണ്ടിയും ജോലിക്കാരിയാണ് കായലിലേക്ക് വലിച്ചെറിഞ്ഞത്. താൻ ആ സമയം ബോൾഗാട്ടിയിലെ വസതിയിൽ ഇല്ലായിരുന്നുയെന്ന് എം ജി ശ്രീകുമാർ 24 ന്യൂസിനോട് പറഞ്ഞു. വീഡിയോയുടെ അടിസ്ഥാനത്തിൽ ഗായകനെതിരെ മുളവുകാട് ഗ്രാമപഞ്ചായത്ത് 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
“ഈ പറയുന്ന ദിവസങ്ങളിൽ ഞാൻ തിരുവനന്തപുരത്ത് റെക്കോർഡിങ്ങിലായിരുന്നു. സിഎമ്മിൻ്റെ ഓഫീസിൽ നിന്നാണ് വീട് പരിശോധിക്കാൻ ചിലർ എത്തുന്നുയെന്നുള്ള വിവരം ലഭിക്കുന്നത്. ബോൾഗാട്ടിയിലെ വീട്ടിൽ മാസത്തിൽ പത്ത് ദിവസത്തിൽ കൂടുതൽ ചിലവഴിക്കാറില്ല. അതുകൊണ്ട് വലിയ തോതിലുള്ള മാലിന്യം അവിടെ ഉണ്ടാകാറില്ല. എന്നാൽ അവിടെ മാലിന്യം എന്ന് പറയാനുള്ളത് ഒരു മാവ് ഉണ്ട്, ആ മാവിൽ നിന്നും മാങ്ങ പൊഴിഞ്ഞു വീണുണ്ടാകന്ന മാലിന്യമാണുള്ളത്. അത് കുറെയൊക്കെ കായലിലേക്ക് വീഴും. ഞാൻ വന്നപ്പോഴേക്കും കുറിച്ച് ആൾക്കാരെത്തി മാലിന്യം ഒഴുക്കിയെന്ന പേരിൽ 25,000 രൂപ പിഴ എന്ന പറഞ്ഞ പേപ്പർ നൽകുകയും ചെയ്തു.
സത്യത്തിൽ അത് വലിച്ചെറിഞ്ഞത് അവിടെയുണ്ടായിരുന്ന ജോലിക്കാരിയായിരുന്നു. അണ്ണാനോ പക്ഷിയോ കടിച്ച മാങ്ങയും മാങ്ങാണ്ടിയുമായിരുന്നു അവർ ഒരു പേപ്പറിൽ പൊതിഞ്ഞ് കായലിൽ എറിഞ്ഞത്. അവർക്ക് അതിൻ്റെ ഭവിഷത്ത് എന്താണെന്ന് അറിയില്ലായിരുന്നു. ചെയ്തത് തെറ്റാണ്, പക്ഷെ എൻ്റെ വീടായത് കൊണ്ട് ഈ സംഭവത്തിൻ്റെ ഉത്തരവാദിത്വം എനിക്കാണുള്ളത്. അതുകൊണ്ട് പഞ്ചായത്ത് എൻ്റെ മേൽ ചുമത്തിയ 25,000 രൂപ പിഴയായി അടച്ചു” എം ജി ശ്രീകുമാർ 24 ന്യൂസിനോട് പറഞ്ഞു.




അതേസമയം താൻ അങ്ങനെ മാലിന്യമൊന്നും പൊതുയിടത്തിൽ നിക്ഷേപിക്കുന്ന വ്യക്തിയല്ല. തൻ്റെ വീട്ടിൽ അങ്ങനെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒന്നും കരുതിവെക്കാറില്ലെന്ന് എം ജി ശ്രീകുമാർ അറിയിച്ചു. കൂടാതെ തൻ്റെ വീട്ടിലെ ജീവനക്കാരി കായലിൽ വലിച്ചെറിഞ്ഞത് മാലിന്യമല്ല മാങ്ങയാണെന്നും ഗായകൻ വ്യക്തമാക്കുകയും ചെയ്തു.
മൂന്ന് നാല് ദിവസങ്ങൾക്ക് മുമ്പാണ് ഗായകൻ്റെ ബോൾഗാട്ടിയിലെ വീട്ടിൽ നിന്നും മാലിന്യപ്പൊതി കായലിലേക്ക് വലിച്ചെറിഞ്ഞതിൻ്റെ ദൃശ്യം പുറത്ത് വന്നത്. തദ്ദേശ സ്വയംഭരണം ഗ്രാമ വികസന വകുപ്പ് മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്തുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മന്ത്രിയുടെ നിർദേശപ്രകാരം പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി സംഭവം സ്ഥിരീകരിക്കുകയും ചെയ്തു.